ഖത്തർ വിമാനം ആകാശച്ചുഴിയിൽ; 12 പേർക്കു പരിക്ക്
Monday, May 27, 2024 2:28 AM IST
ഡബ്ലിൻ: ഖത്തർ തലസ്ഥാനമായ ദോഹയിൽനിന്ന് ഐറിഷ് തലസ്ഥാനമായ ഡബ്ലിനിലേക്കു പറന്ന വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 12 പേർക്ക് പരിക്ക്. ഖത്തർ എയർവേസിന്റെ ക്യുആർ017 വിമാനത്തിലെ ആറു യാത്രക്കാർക്കും ആറു ജീവനക്കാർക്കുമാണ് പരിക്ക്. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ആരുടെയും പരിക്കു സാരമുള്ളതല്ല.
ബോയിംഗ് 789-9 ഡ്രീം ലൈനർ വിമാനം തുർക്കിയുടെ ആകാശത്തു പറക്കുന്പോൾ ആകാശച്ചുഴിയിൽപ്പെടുകയായിരുന്നു. വിമാനം ഇന്നലെ ഉച്ചയ്ക്ക് ഒരുമണിക്ക് ഡബ്ലിനിൽ ഇറങ്ങി. വിമാനത്താവളത്തിൽ ആംബുലൻസും മറ്റു സൗകര്യങ്ങളും ഒരുക്കിയിരുന്നു.
ലണ്ടനിൽനിന്ന് പുറപ്പെട്ട സിംഗപ്പൂർ എയർലൈൻസ് വിമാനം ചൊവ്വാഴ്ച ആകാശച്ചുഴിയിൽപ്പെട്ട് ബ്രിട്ടീഷ് പൗരനായ ഹൃദ്രോഗി മരിക്കുകയും 104 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. കാലവസ്ഥാ വ്യതിയാനം മൂലം ആകാശച്ചുഴികൾ വർധിച്ചുവരുന്നതായി വിദഗ്ധർ അഭിപ്രായപ്പെടുന്നു.