ഇൻസുലിൻ കൊടുത്ത് 17 പേരെ കൊന്ന നഴ്സിന് 760 വർഷം തടവ്
Sunday, May 5, 2024 12:47 AM IST
വാഷിംഗ്ടൺ ഡിസി: അമിതമായ അളവിൽ ഇൻസുലിൻ കുത്തിവച്ച് 17 പേരെ കൊലപ്പെടുത്തിയ അമേരിക്കൻ നഴ്സിന് കോടതി 380 മുതൽ 760 വർഷം വരെ തടവുശിക്ഷ വിധിച്ചു.
പെൻസിൽവേനിയ സ്വദേശിനി ഹെതർ പ്രസ്ഡീ (41) ആണ് ശിക്ഷിക്കപ്പെട്ടത്. 2020 -2023 കാലയളവിലാണ് കൊലപാതകങ്ങൾ നടത്തിയത്. ഒട്ടെറെ ആശുപത്രികളിലും നഴ്സിംഗ് ഹോമുകളിലും ഇവർ ജോലി ചെയ്തിരുന്നു.
ഇൻസുലിൻ അധികമായാൽ ഹൃദയമിടിപ്പ് വർധിച്ച് ഹൃദയം സ്തംഭിക്കാം. പ്രമേഹബാധിതരും അല്ലാത്തവരുമായ 22 പേർക്കാണ് അമിതമായ അളവിൽ ഇൻസുലിൻ നല്കിയത്. 40 മുതൽ 104 വരെ പ്രായമുള്ളവരാണ് മരിച്ചത്. ഈ നഴ്സ് രോഗികളെ വെറുത്തിരുന്നതായി സഹപ്രവർത്തകർ മൊഴി നല്കി.
കഴിഞ്ഞവർഷം മേയിൽ രണ്ടു രോഗികളുടെ മരണവുമായി ബന്ധപ്പെട്ടാണ് ഹെതർ പ്രസ്ഡീ അറസ്റ്റിലാകുന്നത്. തുടർന്നുള്ള അന്വേഷണത്തിലാണ് കൂടുതൽ പേർ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്.