കഴുതകൾക്ക് ആശ്വാസം
Monday, February 19, 2024 11:23 PM IST
ആഡിസ് അബാബ: തോലിനായി കഴുതയെ കൊല്ലുന്നത് ആഫ്രിക്കൻ യൂണിയൻ നിരോധിച്ചു. കഴുതത്തോൽ വ്യാപാരവും നിയമവിരുദ്ധമാക്കി. യൂണിയനിലെ 55 രാജ്യങ്ങളിലും നിരോധനം ബാധകമാണ്.
ചൈനയിലെ പരന്പരാഗത മരുന്നുത്പാദന മേഖലയിൽ ഡിമാൻഡ് വർധിച്ചതോടെ ആഫ്രിക്കൻ രാജ്യങ്ങളിൽ കഴുതകളെ കൂട്ടത്തോടെ കൊല്ലുന്ന പശ്ചാത്തലത്തിലാണു നടപടി. കഴുതയുടെ തോലിൽനിന്ന് ഉത്പാദിപ്പിക്കുന്ന മരുന്നിന് ജരാനര തടയാൻ കഴിയുമെന്നാണ് ചൈനീസ് വിശ്വാസം. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല.
ലോകത്തെ കഴുതകളിൽ മൂന്നിലൊന്നും ആഫ്രിക്കയിലാണുള്ളത്. ദരിദ്രപ്രദേശങ്ങളിൽ ജോലിക്കും ഗതാഗതത്തിനുമെല്ലാം ഇവ അത്യാവശ്യമാണ്. ഡിമാൻഡ് വർധിച്ചതോടെ കഴുതമോഷണം പതിവായിട്ടുണ്ട്.