റഷ്യൻ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായി യുക്രെയ്ൻ
Tuesday, January 16, 2024 1:29 AM IST
കീവ്: റഷ്യൻ വ്യോമസേനയുടെ കമാൻഡ്, കൺട്രോൾ വിമാനങ്ങൾ വെടിവച്ചിട്ടതായി യുക്രെയ്ൻ അവകാശപ്പെട്ടു.
വ്യോമാക്രമണത്തെക്കുറിച്ചു മുന്നറിയിപ്പു നല്കുന്ന ബെറിയേവ് എ-50, കമാൻഡ് സെന്ററായി പ്രവർത്തിക്കുന്ന ഐഎൽ-22 വിമാനങ്ങളെ വീഴ്ത്തിയെന്നാണു യുക്രെയ്ൻ സേനാ മേധാവി വലേരി സലൂഷ്നി അറിയിച്ചത്.
യുക്രെയ്നിൽ റഷ്യ നടത്തുന്ന ആക്രമണങ്ങളിൽ ഈ വിമാനങ്ങൾ നിർണായക പങ്കുവഹിച്ചിരുന്നു.
650 കിലോമീറ്റർ അകലെവരെയുള്ള മിസൈലുകളെ കണ്ടെത്താൻ ശേഷിയുള്ളതാണ് 15 പേർ പ്രവർത്തിപ്പിക്കുന്ന എ-50 വിമാനം.
പാശ്ചാത്യർ നല്കിയ അത്യാധുനിക ആയുധങ്ങൾ ഉപയോഗിച്ചായിരിക്കാം യുക്രെയ്ൻ സേന റഷ്യൻ വിമാനങ്ങളെ വെടിവച്ചിട്ടതെന്നു കരുതുന്നു. സംഭവത്തിൽ റഷ്യ പ്രതികരിച്ചിട്ടില്ല.