തുരങ്കങ്ങൾ മുക്കാൻ പദ്ധതിയിട്ട് ഇസ്രേലി സേന
Wednesday, December 6, 2023 1:17 AM IST
വാഷിംഗ്ടൺ ഡിസി: വലിയ മോട്ടോറുകൾ ഉപയോഗിച്ച് വെള്ളം പന്പ് ചെയ്ത് ഹമാസിന്റെ തുരങ്കങ്ങൾ മുക്കാനുള്ള പദ്ധതി ഇസ്രയേൽ ആലോചിക്കുന്നതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഗാസയുടെ മെഡിറ്ററേനിയൻ തീരത്ത് പന്പുകൾ സ്ഥാപിച്ചുകഴിഞ്ഞു. അതേസമയം, ഇസ്രേലി സേന ഇക്കാര്യത്തിൽ പ്രതികരണത്തിനു തയാറായിട്ടില്ല.
ഗാസയുടെ അടിയിൽ തലങ്ങും വിലങ്ങുമായി 500 കിലോമീറ്റർ നീളത്തിൽ തുരങ്കങ്ങളുണ്ടെന്നാണ് ഹമാസ് അവകാശപ്പെടുന്നത്. 2021ൽ ഇസ്രേലി സേന വ്യോമാക്രമണത്തിലൂടെ നൂറു കിലോമീറ്റർ തുരങ്കം നശിപ്പിച്ചുവെന്ന് അവകാശപ്പെട്ടിരുന്നു. എന്നാൽ, മൊത്തം തുരങ്കത്തിന്റെ അഞ്ചു ശതമാനം മാത്രമാണു നശിച്ചതെന്നു ഹമാസ് പ്രതികരിച്ചിരുന്നു.
2015ൽ ഈജിപ്ത് കടൽവെള്ളം പന്പ് ചെയ്ത് തുരങ്കങ്ങൾ നശിപ്പിക്കാൻ ശ്രമിച്ചിരുന്നു.