വാഷിംഗ്ടൺ ഡിസിക്കു മുകളിൽ പറന്ന വിമാനം തകർന്ന് നാലു മരണം
Tuesday, June 6, 2023 12:38 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിക്കു മുകളിൽ നിയന്ത്രണം നഷ്ടപ്പെട്ടു പറന്ന ചെറുവിമാനം തകർന്നുവീണ് നാലു പേർ മരിച്ചു.
അതീവസുരക്ഷാ മേഖലയ്ക്കു മുകളിൽ പറന്ന വിമാനം മുന്നറിയിപ്പുകളോട് പ്രതികരികരിച്ചില്ല. തുടർന്ന് എഫ്-16 യുദ്ധവിമാനങ്ങൾ ഇതിനെ പിന്തുടർന്നു. താഴേക്കു കൂപ്പുകുത്തിയ വിമാനം വിർജീനിയയിലെ വനമേഖലയിൽ തകർന്നുവീഴുകയായിരുന്നു.
ഫ്ലോറിഡയിൽ രജിസ്റ്റർ ചെയ്ത സെസ്ന വിമാനത്തിൽ പൈലറ്റിനു പുറമേ ഒരു വനിതയും രണ്ടു വയസുള്ള കുഞ്ഞും ആയയുമാണ് ഉണ്ടായിരുന്നത്. ആരും രക്ഷപ്പെട്ടില്ലെന്ന് തെരച്ചിൽ സംഘം അറിയിച്ചു.
യുവതി നോർത്ത് കരോളൈനയിൽനിന്ന് ന്യൂയോർക്കിലെ ലോംഗ് ഐലൻഡിലുള്ള വസതിയിലേക്കു വന്നതാണ്. എന്നാൽ, വിമാനം ലോംഗ് ഐലൻഡിനടുത്തെത്തിയപ്പോൾ പൈലറ്റ് വാഷിംഗ്ടൺ ഡിസിയിലേക്കു തിരിച്ചു പറക്കുകയായിരുന്നുവെന്ന് കണ്ടെത്തി.