പാക് സേനാമേധാവിയായി ജനറൽ അസിം മുനീർ ചുമതലയേറ്റു
Tuesday, November 29, 2022 11:50 PM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാന്റെ 17-ാമത് സേനാമേധാവിയായി ജനറൽ അസിം മുനീർ ചുമതലയേറ്റു. സേനാമേധാവിയുടെ മൂന്നുവർഷ കാലാവധി രണ്ടു തവണ പൂർത്തിയാക്കിയ ജനറൽ ഖമർ ജാവേദ് ബജ്വയ്ക്കു പകരമായാണു നിയമനം.
സുരക്ഷിതകരങ്ങളിലാണ് സൈന്യത്തെ ഏൽപ്പിക്കുന്നതെന്നതിൽ സന്തോഷിക്കുന്നുവെന്ന് ജനറൽ ഹെഡ്ക്വാട്ടേഴ്സിൽ നടന്ന ചടങ്ങിൽ ജനറൽ ബജ്വ പറഞ്ഞു. രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷയിലും വിദേശനയരൂപീകരണത്തിലും സൈന്യത്തിനു പ്രത്യേക അധികാരമുണ്ട്.
നവംബർ 24ന് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫാണ് അസിം മുനീറിനെ സേനാമേധാവിയുടെ സ്ഥാനത്തേക്കു തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചത്. പാക് ചാരസംഘടന(ഐഎസ്ഐ)യുടെയും മിലിട്ടറി ഇന്റലിജൻസിന്റെയും തലപ്പത്തെത്തിയശേഷം സൈനികമേധാവിയാകുന്ന ആദ്യത്തെയാളാണ് അസിം മുനീർ.