റഷ്യൻ സൈനികരോട് കീഴടങ്ങാൻ ആവശ്യപ്പെട്ട് സെലൻസ്കി
Monday, September 26, 2022 12:02 AM IST
കീവ്: കീഴടങ്ങുന്ന റഷ്യൻ ഭടന്മാർക്ക് അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പ്രകാരമുള്ള പരിഗണന നല്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി.
മരിക്കുന്നതിനേക്കാൾ നല്ലത് കീഴടങ്ങുന്നതാണെന്നും റഷ്യയിലേക്കു മടങ്ങിപ്പോകാൻ ഭയമുള്ള ഭടന്മാർക്ക് യുക്രെയ്ൻ അഭയം നല്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സൈന്യത്തിൽനിന്ന് ഒളിച്ചോടുക, യുദ്ധം ചെയ്യാൻ വിമുഖത കാട്ടുക, ഉത്തരവുകൾ അനുസരിക്കാതിരിക്കുക, യുക്രെയ്നു കീഴടങ്ങുക എന്നിവ ചെയ്യുന്ന ഭടന്മാർക്ക് 10 വർഷം തടവുശിക്ഷ നല്കുന്ന നിയമത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഉത്തരവിട്ട പശ്ചാത്തലത്തിലാണ് സെലൻസ്കി ഇതു പറഞ്ഞത്.
റഷ്യയിൽ യുദ്ധവിരുദ്ധ പ്രതിഷേധം തുടരുന്നു
യുക്രെയ്ൻ യുദ്ധത്തിനു മൂന്നു ലക്ഷം കരുതൽ സൈനികരെക്കൂടി വിന്യസിക്കാനുള്ള പുടിന്റെ തീരുമാനത്തിൽ റഷ്യയിൽ പ്രതിഷേധം തുടരുകയാണ്. ശനിയാഴ്ചത്തെ പ്രകടനങ്ങളിൽ പങ്കെടുത്തതിന് 724 പേർ അറസ്റ്റിലായി. 32 നഗരങ്ങളിൽ പ്രകടനങ്ങളുണ്ടായി. നേരത്തേ ആയിരത്തിലധികം പേരെ അറസ്റ്റ് ചെയ്തിരുന്നു.
ജനറലിനെ തെറിപ്പിച്ചു
യുക്രെയ്ൻ യുദ്ധത്തിൽ സൈനികസാമഗ്രികളുടെ വിതരണം നടത്തുന്ന ലോജിസ്റ്റിക് വിഭാഗത്തിന്റെ മേധാവിയും ഡെപ്യൂട്ടി പ്രതിരോധ മന്ത്രിയുമായ ജനറൽ ദിമിത്രി ബുൾഗാക്കോവിനെ പുടിൻ നീക്കംചെയ്തു. ഇദ്ദേഹത്തിനു പുതിയ പദവി നല്കുമെന്നാണു മോസ്കോ അറിയിച്ചത്.
കേണൽ ജനറൽ മിഖായേൽ മിസിന്റ്സേവിനാണു പകരം ചുമതല. മരിയുപോൾ നഗരത്തെ തരിപ്പണമാക്കുന്നതിനു നേതൃത്വം നല്കിയത് ഇദ്ദേഹമാണ്. മരിയുപോളിലെ കശാപ്പുകാരൻ എന്നാണ് അറിയപ്പെടുന്നത്. സിറിയയിലെ ആലപ്പോ നഗരത്തെയും ബോംബിട്ടു തരിപ്പണമാക്കിയതിലൂടെ കുപ്രസിദ്ധനാണ്.