പെർസീവറൻസ് ദൗത്യം: ഇൻജെനിറ്റി ഹെലികോപ്റ്റർ പുറത്തിറങ്ങി
Tuesday, April 6, 2021 11:10 PM IST
ന്യൂയോർക്ക്: നാസയുടെ ചൊവ്വാദൗത്യം പെർസീവറൻസ് റോവറിൽനിന്ന് ഇൻജെനിറ്റി ഹെലികോപ്റ്റർ പുറത്തിറങ്ങി. ഫെബ്രുവരി 18നാണ് പെർസീവറൻസ് റോവർ ചൊവ്വയിൽ ലാൻഡ് ചെയ്തത്. ചൊവ്വയുടെ അന്തരീക്ഷത്തിൽ പറന്ന് ചിത്രങ്ങൾ എടുക്കുന്ന ഇൻജെനിറ്റി ഹെലികോപ്റ്റർ ശനിയാഴ്ചയാണു റോവറിൽനിന്നു വിച്ഛേദിക്കപ്പെട്ടത്. ഇൻജെനിറ്റി ഹെലികോപ്റ്ററിലെ സോളാർ പാനലുകൾ ശനിയാഴ്ച പ്രവർത്തിപ്പിച്ചു.
രാത്രിസമയം ചൊവ്വയിൽ അതിശൈത്യമാണ്. മൈനസ് 90 ഡിഗ്രി സെൽഷസ് വരെ അന്തരീക്ഷ താപനില താഴും. ഈ സമയത്ത് ഹെലികോപ്റ്ററിലെ ഇലക്ട്രോണിക് ഭാഗങ്ങൾക്കു കേടുപാടുകൾ സംഭവിക്കാതിരിക്കാൻ താപനില ഉയർത്തുന്നതിനാണുസോളാർ പാനലുകൾ പ്രവർത്തിപ്പിച്ചു നോക്കിയതെന്ന് നാസ വൃത്തങ്ങൾ അറിയിച്ചു. ചൊവ്വയിലെ അതിശൈത്യം മറികടക്കുകയാണ് ഇൻജെനിറ്റി ദൗത്യത്തിന്റെ പ്രധാന വെല്ലുവിളിയെന്നു നാസ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി പ്രൊജക്ട് മാനേജർ മിമി ഓംഗ് പറഞ്ഞു.
വരും ദിവസങ്ങളിൽ റോട്ടർ ബ്ലേഡും മോട്ടോറുകളും ഇൻജെനിറ്റി പ്രവർത്തിപ്പിക്കും. യന്ത്രഭാഗങ്ങൾക്കു കേടുപാടുകളില്ലെങ്കിൽ ഏപ്രിൽ 11 വൈകുന്നേരത്തിനു മുന്പ് ഇൻജെനിറ്റി ചൊവ്വയുടെ അന്തരീക്ഷത്തിൽ ആദ്യപറക്കൽ നടത്തും.