തായ്വാനുമായുള്ള ആയുധക്കരാർ : യുഎസ് കന്പനികൾക്കു ചൈനയുടെ വിലക്ക്
Tuesday, October 27, 2020 12:37 AM IST
ബെയ്ജിംഗ്: തായ്വാനുമായുള്ള പ്രതിരോധ കരാറിന്റെ പേരിൽ യുഎസ് കന്പനികളെ വിലക്കി ചൈന. തായ്വാന് അത്യാധുനിക മിസൈലുകൾ ഉൾപ്പെടെ നൽകുന്ന ബോയിംഗ് ഉൾപ്പെടെ യുഎസിലെ മുൻനിര പ്രതിരോധ നിർമാണ കന്പനികളെ വിലക്കുമെന്നാണു ചൈനയുടെ പ്രഖ്യാപനം. കോവിഡ് പരത്തിയതു ചൈനയാണ് എന്നതുൾപ്പെടെ ഒട്ടേറെ ആരോപണങ്ങളുടെ പേരിൽ വെല്ലുവിളി നേരിടുന്ന യുഎസ്-ചൈന ബന്ധത്തിൽ പുതിയ തലവേദനയായിരിക്കുകയാണ് ഉപരോധം.
ബോയിംഗും ലോക്ഹീഡ് മാർട്ടിനും റെത്തിയോണും ഉൾപ്പെടെ വൻകിട യുഎസ് കന്പനികളിൽ നിന്ന് നൂറു കോടി യുഎസ് ഡോളറിനു മുകളിലുള്ള ആയുധങ്ങളാണു തായ്വാൻ വാങ്ങുന്നത്. 135 അത്യാധുനിക മിസൈലുകൾ ഉൾപ്പെടെയുള്ള ആയുധ ഇടപാടിനു യുഎസ് പ്രതിരോധ വകുപ്പ് കഴിഞ്ഞദിവസമാണ് അംഗീകാരം നൽകിയത്. വിവിധോദ്ദേശ്യ റോക്കറ്റ് ലോഞ്ചറുകൾ ഉൾപ്പെടെ ആയുധങ്ങളും ഇടപാടി ൽ ഉണ്ട്.
എന്നാൽ തായ്വാന്റെ ആയുധസംഭരണം തങ്ങളുടെ പരമാധികാരത്തിനും സുരക്ഷയ്ക്കും ഭീഷണിയാണെന്നാണു ചൈനയുടെ നിലപാട്. ആയുധ ഇടപാടിനെ ശക്തമായി എതിർക്കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ഹോ ലിജിയാൻ വ്യക്തമാക്കി. രാജ്യതാത്പര്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ചൈനീസ് സർക്കാർ അനുയോജ്യമായ നടപടികൾ കൈക്കൊള്ളും. തായ്വാനുമായുള്ളആയുധ ഇടപാടിൽ നിർണായക പങ്ക് വഹിക്കുന്ന ബോയിംഗ്, ലോക്ക്ഹീഡ് മാർട്ടിൻ ഉൾപ്പെടെ യുഎസ് കന്പനികൾക്കു വിലക്ക് ബാധകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
യുഎസും ചൈനയും തമ്മിൽ പ്രതിരോധരംഗത്ത് സഹകരണം നിലവിലുള്ളതിനാൽ ഉപരോധം ഏതു തരത്തിലാകും കന്പനികളെ ബാധിക്കുക എന്നു വ്യക്തമല്ല.