എമ്മി അവാർഡുകൾ പ്രഖ്യാപിച്ചു
Tuesday, September 22, 2020 12:34 AM IST
ലോസ്ആഞ്ചലസ്: ഷിറ്റ്സ് "ക്രീക്ക്', സക്സെഷൻ, വാച്ച്മെൻ എന്നീ പരന്പരകൾക്ക് 2020 എമ്മി അവാർഡിൽ തിളക്കം. കോവിഡ് മഹാമാരിയെത്തുടർന്ന് വെർച്വലായാണ് അവാർഡ് പ്രഖ്യാപനച്ചടങ്ങ് സംഘടിപ്പിച്ചത്. അവതാരകൻ ജിമ്മി കിമ്മലും അവാർഡ് നോമിനികളും വെർച്വൽ സംവിധാനത്തിലൂടെ ചടങ്ങിൽ പങ്കെടുത്തു.
മൂന്നാംവട്ടമാണ് കിമ്മൽ എമ്മി അവാർഡ് ദാനചടങ്ങിൽ അവതാരകനായി എത്തുന്നത്. ഗ്രാഫിക്സിന്റെ സഹായത്തോടെ പ്രേക്ഷകരുടെ ശബ്ദവും ചിരിയും പുനഃസൃഷ്ടിച്ചാണു പരിപാടി സംപ്രേഷണം ചെയ്തത്. ഹാസ്യവിഭാഗത്തിലെ ഒട്ടുമിക്ക പുരസ്കാരങ്ങളും ഷിറ്റ്സ് ക്രീക്ക് കരസ്ഥമാക്കി. ഈ വിഭാഗത്തിലെ മികച്ച പരന്പരയായി തെരഞ്ഞെടുത്ത ഷിറ്റ്സ് "ക്രീക്കി'ലെ അഭിനയത്തിനു യൂജൻ ലെവി മികച്ച നടൻ, കാതറിൻ ഒഹര മികച്ച നടി, ഡാനിയേൽ ലെവി സഹനടൻ, ആനി മർഫി സഹനടി പുരസ്കാരങ്ങൾ നേടി. മികച്ച തിരക്കഥ, സംവിധാനത്തിനുള്ള പുരസ്കാരങ്ങൾ യൂജനും ഡാനിയേലും പങ്കിട്ടു.
എച്ച്ബിഒയിൽ സംപ്രേഷണം ചെയ്യുന്ന സക്സെഷൻ ഡ്രാമവിഭാഗത്തിൽ മികച്ച പരന്പരയ്ക്കുള്ള പുരസ്കാരം നേടി. സക്സെഷനിലെ അഭിനയത്തിനു ജെർമി സ്ട്രോംഗിനെ മികച്ച നടനായി തെരഞ്ഞെടുത്തു. ഇന്ത്യൻ വംശജനായ ആൻഡ്രിജ് പരേഖ് മികച്ച ഛയാഗ്രാഹകനുള്ള പുരസ്കാരവും ജെസ്സി ആംസ്ട്രോഗ് മികച്ച കഥാകൃത്തിനും സംവിധായകനുമുള്ള പുരസ്കാരവും നേടി. യുഫോറിയയിലെ അഭിനയത്തിലൂടെ സെൻഡയ മികച്ച നടിക്കുള്ള പുരസ്കാരം നേടി. സഹനടനുള്ള അവാർഡ് ബില്ലി ക്രൂഡപ് (ദ മോണിംഗ് ഷോ), ജൂലിയ ഗാർണർ (ഒസാർക്ക്) എന്നിവർ നേടി. ലിമിറ്റഡ് സീരിയസ് വിഭാഗത്തിൽ വാച്ച്മാൻ നിരവധി പുരസ്കാരങ്ങൾ നേടി.