ഹോങ്കോംഗിൽ പിടിമുറുക്കാൻ ചൈന
Saturday, May 23, 2020 12:03 AM IST
ബെയ്ജിംഗ്: ഹോങ്കോംഗിലെ ജനാധിപത്യ പ്രക്ഷോഭകരെ നിലയ്ക്കു നിർത്താൻ പോരുന്ന പുതിയ സുരക്ഷാബിൽ ചൈന ഇന്നലെ നാഷണൽ പീപ്പിൾസ് കോൺഗ്രസിൽ(പാർലമെന്റ്) അവതരിപ്പിച്ചു. ദേശീയ സുരക്ഷ അപകടത്തിലാക്കുന്ന നടപടികൾ, വിഘടനവാദം,ഭീകരപ്രവർത്തനം എന്നിവയിൽ ഏർപ്പെടുന്നവരെ ശിക്ഷിക്കാനുള്ള വ്യവസ്ഥയാണ് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഇതു ജനാധിപത്യ പ്രക്ഷോഭകർക്ക് എതിരേ ഉപയോഗപ്പെടുത്തുമെന്നു ഭീതിയുണ്ട്. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുന്ന ചൈനീസ് പക്ഷപാതിയായ ഹോങ്കോംഗ് ഭരണാധികാരി കാരിലാം ബെയ്ജിംഗിനു പൂർണ പിന്തുണ പ്രഖ്യാപിച്ചു.
ഹോങ്കോംഗിലെ വ്യവസ്ഥാപിത നടപടിക്രമങ്ങൾ മറികടക്കുന്നതിനുള്ള ഈ നീക്കം ബെയ്ജിംഗ് നേരത്തെ വാഗ്ദാനം ചെയ്ത സ്വയംഭരണത്തിന്റെ മരണമണിയാവുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.