കാഷ്മീർ പ്രശ്നം: സഹായ വാഗ്ദാനവുമായി വീണ്ടും ട്രംപ്
Wednesday, January 22, 2020 11:19 PM IST
ദാവോസ്: ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ കാഷ്മീറിന്റെ കാര്യത്തിലുള്ള തർക്കം പരിഹരിക്കാൻ സഹായിക്കാമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ദാവോസിൽ വേൾഡ് ഇക്കണോമിക് ഫോറം സമ്മേളനത്തിനെത്തിയ ട്രംപ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻഖാനുമായി നടത്തിയ ചർച്ചയിലാണ് സഹായ വാഗ്ദാനം നൽകിയത്. കാഷ്മീർ പ്രശ്നത്തിൽ ഇടപെടാമെന്നു മുന്പും ട്രംപ് പറഞ്ഞിരുന്നു.
കാഷ്മീർ കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കാമെന്ന് ട്രംപ് ഇമ്രാനോടു പറഞ്ഞു. 24, 25 തീയതികളിൽ ട്രംപ് ഇന്ത്യയിൽ സന്ദർശനം നടത്താനിരിക്കുകയാണ്.
പാക്- ഇന്ത്യാ സംഘർഷം പാക്കിസ്ഥാനെ സംബന്ധിച്ചു വലിയ പ്രശ്നമാണ്. സംഘർഷ ലഘൂകരണത്തിന് അമേരിക്ക പങ്കു വഹിക്കണമെന്നാണു പാക്കിസ്ഥാൻ താത്പര്യപ്പെടുന്നത്. മറ്റൊരു രാജ്യത്തിനും ഇക്കാര്യത്തിൽ സഹായിക്കാനാവില്ല- ഇമ്രാൻ പറഞ്ഞു.