പാക്കിസ്ഥാനെതിരേ നിലപാട് കടുപ്പിച്ച് ഇന്ത്യ; ബഗ്ലിഹാർ ഡാമിലെ ഷട്ടർ ഇന്ത്യ താഴ്ത്തി
സനു സിറിയക്
Monday, May 5, 2025 4:24 AM IST
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യ പാക്കിസ്ഥാൻ ബന്ധം വഷളാകുന്നതിനിടെ വ്യോമസേനാ മേധാവി അമർ പ്രീത് സിംഗ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. നാവിക സേന മേധാവി അഡ്മിറൽ ദിനേശ് കെ. ത്രിപാഠി ശനിയാഴ്ച മോദിയുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയായിരുന്നു വ്യോമസേനാ മേധാവിയുടെ ഇന്നലത്തെ കൂടിക്കാഴ്ച.
26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സംയുക്ത സേനാ മേധാവിയുമായും വിവിധ സേനാ മേധാവികളുമായും കഴിഞ്ഞ ദിവസം നടത്തിയ യോഗത്തിന്റെ തുടർച്ചയാണു നിലവിലെ കൂടിക്കാഴ്ചയെന്നാണു സൂചന.
ഉത്തർപ്രദേശിലെ ഷാജഹാൻപുരിൽ നിർമാണം പുരോഗമിക്കുന്ന ഗംഗ എക്സ്പ്രസ് വേയിൽ റഫാൽ അടക്കമുള്ള ഇന്ത്യൻ വ്യോമസേനയുടെ വിവിധ യുദ്ധവിമാനങ്ങൾ കഴിഞ്ഞ ദിവസം അഭ്യാസപ്രകടനം നടത്തിയിരുന്നു. സൈനിക വിമാനങ്ങളുടെ അടിയന്തര ലാൻഡിംഗുകൾക്കും ടേക്ക് ഓഫുകൾക്കുമായി രൂപകല്പന ചെയ്തുള്ള ഹൈവേയുടെ പ്രത്യേക ഭാഗത്തായിരുന്നു വ്യോമസേനയുടെ പ്രകടനം. സമാനമായി അറബിക്കടലിൽ നാവിക സേനയും അഭ്യാസ പ്രകടനം നടത്തിയിരുന്നു.
പാക്കിസ്ഥാനെതിരേയുള്ള നയതന്ത്ര നടപടികളിൽ ഇന്ത്യ നിലപാട് കടുപ്പിക്കുകയാണ്. പാക് പൗരന്മാരെ തിരിച്ചയച്ചതിനു പിന്നാലെ ചിനാബ് നദിയിലെ ബഗ്ലിഹാർ ഡാമിലെ ഷട്ടർ ഇന്ത്യ താഴ്ത്തി. ഇതോടെ പാക്കിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് കുറഞ്ഞതായാണു റിപ്പോർട്ട്. ഝലം നദിയിലെ കിഷൻഗംഗ ഡാമിലും ഇതേ നടപടി സ്വീകരിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഭീകരാക്രമണത്തിനുപിന്നാലെ സിന്ധു നദീജല കരാർ മരവിപ്പിക്കാനുള്ള തീരുമാനത്തിനു പിന്നാലെയാണ് നടപടികൾ.
അതേസമയം, ഇന്ത്യൻ പതാകയുള്ള കപ്പലുകൾ തങ്ങളുടെ തുറമുഖങ്ങളിൽ പ്രവേശിക്കുന്നത് പാക്കിസ്ഥാൻ നിരോധിച്ചു. പാക്കിസ്ഥാനുമായുള്ള വ്യാപാര ബന്ധം മരവിപ്പിച്ചതിനും പാക്കിസ്ഥാൻ കപ്പലുകൾ പ്രവേശിക്കുന്നതു ഇന്ത്യ നിരോധിച്ചതിനും പിന്നാലെയാണ് പാക്കിസ്ഥാന്റെ ഈ നീക്കം. തുടർച്ചയായി ഇന്ത്യാവിരുദ്ധ പോസ്റ്റുകൾ ചൂണ്ടിക്കാട്ടി പാക് സിനിമ, ക്രിക്കറ്റ് താരങ്ങളുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾക്ക് ഇന്നലെയും ഇന്ത്യയിൽ പൂട്ടിട്ടു.
അതിർത്തിയിൽ തുടർച്ചയായ പത്താം ദിവസവും പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുള്ള പ്രകോപനം തുടരുകയാണ്. നിയന്ത്രണ രേഖയിൽ കഴിഞ്ഞ 10 ദിവസത്തിനിടെ 33 മേഖലകളിലാണു പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. കുപ്വാര, ബാരാമുള്ള, പൂഞ്ച്, രജൗരി, മന്ദാർ, നൗഷേര, സുന്ദർബനി, അഖ്നൂർ തുടങ്ങിയ ഇടങ്ങളിലാണു പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. ഇന്ത്യൻ സൈന്യവും ശക്തമായി തിരിച്ചടിച്ചു.