മംഗളൂരു ആള്‍ക്കൂട്ട കൊലപാതകം: മൂന്നു പോലീസുകാര്‍ക്ക് സസ്പെഷന്
Saturday, May 3, 2025 3:25 AM IST
മംഗളൂരു: മലയാളി യുവാവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ കൃത്യവിലോപത്തിനു മൂന്നു പോലീസുകാര്‍ക്കു സസ്പെന്ഷന്.
മംഗളൂരു റൂറല്‍ സ്റ്റേഷന് ഇന്‍സ്പെക്ടര്‍ കെ.ആര്. ശിവകുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ പി. ചന്ദ്ര, കോണ്‍സ്റ്റബിള്‍ യല്ലലിംഗ എന്നിവരെയാണു മംഗളൂരു സിറ്റി പോലീസ് കമ്മീഷണര്‍ സസ്പെന്‍ഡ് ചെയ്തത്.
കഴിഞ്ഞ മാസം 27നാണ് മംഗളൂരു കുഡുപ്പുവില്‍ പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റിനിടെ വയനാട് പുല്‍പ്പള്ളിയിലെ മുഹമ്മദ് അഷ്റഫ് (37) കൊല്ലപ്പെട്ടത്. പോലീസ് ആദ്യം അസ്വാഭാവിക മരണത്തിനാണു കേസെടുത്തിരുന്നത്. സംഭവത്തിന്റെ ഗൗരവം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചുമില്ല. ഇതിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.
പോലീസ് ബിജെപി പ്രാദേശിക നേതൃത്വത്തിനു വഴങ്ങിയെന്ന ആരോപണവുമായി കോണ്‍ഗ്രസും സിപിഎമ്മും രംഗത്തെത്തി. പോലീസുകാർക്കെതിരേ നടപടി ആവശ്യപ്പെട്ട് ജില്ലയുടെ ചുമതലയുള്ള മന്ത്രി ദിനേശ് ഗുണ്ടുറാവുവും ആഭ്യന്തരമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതേത്തുടര്‍ന്നാണു നടപടിയുണ്ടായത്.