സുരക്ഷാവീഴ്ചയുടെ ഫലമെന്നു സിപിഎം
സ്വന്തം ലേഖകൻ
Monday, May 5, 2025 4:24 AM IST
ന്യൂഡൽഹി: സുരക്ഷാവീഴ്ചയുടെ ഫലമാണു പഹൽഗാം ഭീകരാക്രമണമെന്നു സിപിഎം പോളിറ്റ് ബ്യൂറോ. മുസ്ലിംകൾക്കും കശ്മീരികൾക്കും എതിരേ സോഷ്യൽ മീഡിയയിൽ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങളെയും ആക്രമണങ്ങളെയും പിബി അപലപിച്ചു.
ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചവരെ ശിക്ഷിക്കണമെന്നും സുരക്ഷാ വീഴ്ച പരിശോധിക്കണമെന്നും ശനിയാഴ്ച ഡൽഹിയിൽ ചേർന്ന പിബി യോഗത്തിൽ ആവശ്യപ്പെട്ടു. ജാതി സെൻസസ്, വഖഫ് (ഭേദഗതി) ബിൽ, ഗവർണറുടെ അധികാരങ്ങളെക്കുറിച്ചുള്ള സുപ്രീംകോടതി ഉത്തരവ്, ഓപ്പറേഷൻ കാഗർ, യുഎസ് താരിഫ് യുദ്ധം, ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ചകൾ, ഗാസയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യ, ബിഹാർ തെരഞ്ഞെടുപ്പ് തുടങ്ങിയ വിഷയങ്ങളും പിബി ചർച്ച ചെയ്തു.
പാർട്ടി നാളുകളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന വിഷയമാണു ജാതി സെൻസസ്. പൊതു സെൻസസിനൊപ്പം ജാതി സെൻസസും നടത്തുമെന്ന കേന്ദ്ര സർക്കാർ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നു. എന്നാൽ, ഇത് എങ്ങനെ നടത്തുമെന്ന വിഷയം കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട സമയപരിധി കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്ര സർക്കാർ വഖഫ് ഭേദഗതി നിയമം പാസാക്കിയതു നിമിത്തം രാജ്യത്തെ വിവിധ നഗരങ്ങളിൽ ന്യൂനപക്ഷങ്ങൾക്കെതിരേ വർഗീയ ആക്രമണം നടക്കുന്നതായും ഇസ്ലാം മത വിഭാഗത്തിന്റെ സ്വത്തുക്കൾ നശിപ്പിച്ചുകൊണ്ട് മതപരമായ ധ്രുവീകരണത്തിനും ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നതിനുമാണു ബിജെപി ഈ ബിൽ ഉപയോഗിക്കുന്നതെന്നും പിബി ആരോപിച്ചു.
ഗവർണറുടെ അധികാരങ്ങൾ പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങൾക്കു നേരേ പ്രയോഗിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമത്തിനേറ്റ അടിയാണ് ബില്ലുകൾ വൈകിക്കുന്നതിനെതിരേ സുപ്രീംകോടതിയുടെ ഉത്തരവെന്നും പോളിറ്റ് ബ്യൂറോ പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.