സിബിസിഐയുടെ ആഭിമുഖ്യത്തിൽ ദേശീയ കോണ്‍ഫറൻസ് ഇന്ന്
Monday, May 5, 2025 4:17 AM IST
ന്യൂഡൽഹി: ബിസിനസ് മേഖലകളിൽ സുവിശേഷ മൂല്യങ്ങൾ, ധാർമികത, സാമൂഹിക ഉത്തരവാദിത്വം തുടങ്ങിയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സിബിസിഐ) നേതൃത്വത്തിൽ ക്രൈസ്തവ സംരംഭകർക്കായി ദേശീയ കോണ്‍ഫറൻസ് സംഘടിപ്പിക്കുന്നു.
‘സംയോജിത മനുഷ്യ വികസനത്തിനായുള്ള സംരംഭകത്വം: ഒരു സുവിശേഷ കേന്ദ്രീകൃത സമീപനം’ എന്ന വിഷയത്തിൽ സിബിസിഐ ആസ്ഥാനത്ത് ഇന്ന് നടക്കുന്ന ദേശീയ കോണ്‍ഫറൻസ് സിബിസിഐ പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്യും. സിബിസിഐ സെക്രട്ടറി ജനറലും ഡൽഹി ആർച്ച് ബിഷപ്പുമായ അനിൽ ജെ.ടി. കൂട്ടോ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ സിബിസിഐ ഓഫീസ് ഫോർ ലേബർ ചെയർമാനും കണ്ണൂർ രൂപത ബിഷപ്പുമായ റവ. അലക്സ് വടക്കുംതല മുഖ്യ പ്രഭാഷണം നടത്തും.
പാനൽ ചർച്ചകൾ, കൂട്ടായ്മ, സംരംഭക ക്ലാസുകൾ തുടങ്ങിയവ പരിപാടിയിൽ ഉണ്ടായിരിക്കുമെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. മാത്യു കോയിക്കൽ അറിയിച്ചു. ഇന്ന് രാവിലെ ഒൻപതിനു വിശുദ്ധ കുർബാനയോടെ കോണ്‍ഫറൻസ് ആരംഭിക്കും.