അനധികൃത താമസം: പാക് പൗരന്മാരെ തിരിച്ചയയ്ക്കും
Sunday, May 4, 2025 1:31 AM IST
രാജ്കോട്ട്: കാൽ നൂറ്റാണ്ടിലധികമായി ഇന്ത്യയിൽ അനധികൃതമായി താമസിക്കുന്ന പാക് പൗരത്വമുള്ള 50 കാരിയെയും മകനെയും തിരിച്ചയയ്ക്കുമെന്ന് ഗുജറാത്ത് പോലീസ്.
പാക്കിസ്ഥാനിലെ കറാച്ചി സ്വദേശിനി റിസ്വാനബെൻ താത്താരിയയും മകൻ സീഷാനും ഇയാളുടെ രണ്ടുവയസുള്ള കുട്ടിയും ഉൾപ്പെടെ മൂന്നുപേരാണ് രാജ്കോട്ടിൽ അനധികൃതമായി കഴിയുന്നത്.
രാജ്കോട്ട് സ്വദേശിയായ മുനാഫ് കറാച്ചിയിൽ ജോലി ചെയ്യുന്നതിനിടെ 1992ൽ റിസ്വാനയെ വിവാഹം കഴിക്കുകയായിരുന്നു. മുനാഫ് ഇന്ത്യയിലേക്കു തിരിച്ചുപോന്നതോടെ 1999ൽ റിസ്വാനയും മകനും ഇന്ത്യയിലെത്തി. ഇവർ പിന്നീടു പാക്കിസ്ഥാനിലേക്ക് പോയില്ല.
2021ൽ 29 കാരനായ സീഷാൻ ഗ്രാമവാസിയായ പെൺകുട്ടിയെ വിവാഹം ചെയ്തു. റിസ്വാനയും സീഷാനും രണ്ടുവയസുള്ള കുട്ടിയും പാക് പൗരന്മാരാണെന്നും ഇവരെ തിരിച്ചയയ്ക്കുമെന്നും അധികൃതർ വ്യക്തമാക്കി.