ഗോവയിലെ ക്ഷേത്രത്തിൽ തിരക്കിൽപ്പെട്ട് ആറ് മരണം
Sunday, May 4, 2025 1:31 AM IST
പനാജി: വടക്കൻ ഗോവയിൽ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ തിക്കിലും തിരക്കിലും രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറു പേർ മരിച്ചു. പനാജിയിൽ നിന്ന് 40 കിലോമീറ്റർ അകലെ ഷിര്ഗാവിലെ ലൈരായി ദേവീക്ഷേത്രത്തിത്തിൽ ഇന്നലെ പുലർച്ചെ മൂന്നോടെയാണ് അത്യാഹിതം.
പരിക്കേറ്റവരിൽ അഞ്ചുപേരുടെ നില ഗുരുതരമാണെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ അറിയിച്ചു. 13 പേരാണ് ഗോവ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നത്. ആറ് പേരെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്നും മന്ത്രി പറഞ്ഞു.
ക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവത്തിനു നാൽപതിനായിരത്തോളം പേർ എത്തിയിരുന്നു. ചരിഞ്ഞ സ്ഥലത്ത് നിന്ന ജനക്കൂട്ടത്തിലെ ഏതാനുംപേർ നിലതെറ്റി വീണതാണ് അത്യാഹിതത്തിന് കാരണമായത്. ഗോവ, മഹാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ വിശ്വാസികള്‍ ക്ഷേത്രത്തിലുണ്ടായിരുന്നു.
വിശദമായ അന്വേഷണത്തിനുശേഷമേ അപകടകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.