98 ശതമാനം ഇഡി കേസുകളും ലക്ഷ്യംവയ്ക്കുന്നത് പ്രതിപക്ഷത്തെ: തൃണമൂൽ എംപി
Sunday, May 4, 2025 1:31 AM IST
ന്യൂഡൽഹി: രാഷ്ട്രീയ നേതാക്കൾക്കെതിരായ 98 ശതമാനം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസുകളും പ്രതിപക്ഷ നേതാക്കളെ ലക്ഷ്യമിട്ടുള്ളതാണെന്ന് തൃണമൂൽ കോണ്ഗ്രസ് നേതാവ് സാകേത് ഗോഖലെ.
ശേഷിക്കുന്ന രണ്ട് ശതമാനം ബിജെപിയുടെ ’വാഷിംഗ് മെഷീനിൽ’ ചേർന്നവരാണെന്നും രാജ്യസഭാ എംപി കൂടിയായ ഗോഖലെ പരിഹസിച്ചു. 2014ൽ മോദി സർക്കാർ അധികാരമേറ്റതിനു ശേഷം കേസുകളിൽ വൻ വർധനയുണ്ടായിട്ടുണ്ടെന്നു കഴിഞ്ഞ ദിവസം ഇഡി ഡയറക്ടർ പരാമർശിച്ചതിനു പിന്നാലെയാണ് ഗോഖലെ എക്സിൽ പോസ്റ്റിട്ടത്.
ഇഡി മോദിയുടെയും അമിത് ഷായുടെയും സ്വകാര്യ മാഫിയയായി പ്രവർത്തിക്കുന്നുവെന്നാരോപിച്ചാണ് ഗോഖലെയുടെ വിമർശനം തുടങ്ങുന്നത്. കഴിഞ്ഞ 11 വർഷത്തിനിടെ 5,297 കേസുകൾ ഇഡി രേഖപ്പെടുത്തിയിട്ടുണ്ടെന്നും എന്നാൽ വിചാരണയ്ക്കായി കോടതിയിലെത്തിയത് 47 എണ്ണം മാത്രമാണെന്നും തൃണമൂലിന്റെ ദേശീയ വക്താവ് ചൂണ്ടിക്കാട്ടുന്നു.
ഇഡിയുടെ ശിക്ഷാനിരക്ക് 0.7 ശതമാനം മാത്രമാണെന്നും അതിനർഥം 1000 കേസുകളിൽ ഏഴെണ്ണത്തിൽ മാത്രമാണ് കുറ്റാരോപിതർ കുറ്റവാളികളാകുന്നതെന്ന് ഗോഖലെ ചൂണ്ടിക്കാട്ടി.
അതിനാൽതന്നെ 1000 കേസുകളിലെ 993 എണ്ണത്തിലും ഒരു വ്യക്തിയെ ജയിലിൽ ഇടാൻ മാത്രമാണ് ഇഡി കേസ് ഫയൽ ചെയ്യുന്നത്. ഇതിനു കാരണം കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (പിഎംഎൽഎ) കേസ് ഫയൽ ചെയ്താൽ ജാമ്യം ലഭിക്കുന്നത് ഏതാണ്ട് അസാധ്യമാണെന്നതിനാലാണെന്ന് ഗോഖലെ ചൂണ്ടിക്കാട്ടി.
2005ൽ പിഎംഎൽഎ പ്രാബല്യത്തിൽ വന്നതിനു ശേഷമുള്ള പ്രാരംഭ വർഷങ്ങളിൽ നിയമം വലിയ തോതിൽ ഫലപ്രദമല്ലെന്നായിരുന്നു ഇഡി ഡയറക്ടർ പറഞ്ഞത്.