പാക്കിസ്ഥാനുമായുള്ള വ്യാപാര നിരോധനം; ഇന്ത്യക്ക് നഷ്ടമില്ല
Sunday, May 4, 2025 1:31 AM IST
ന്യൂഡൽഹി: പാക്കിസ്ഥാനുമായുള്ള എല്ലാ വ്യാപാര ബന്ധത്തിനും ഇന്ത്യ അവസാനം കുറിച്ചെങ്കിലും വ്യാപാര മേഖലയിൽ ചെറിയ ആഘാതം മാത്രമേ ഇന്ത്യക്കുണ്ടാകൂവെന്ന് വിലയിരുത്തൽ. 2019ലെ പുൽവാമ ഭീകരാക്രമണത്തിനു ശേഷം ഇരുരാജ്യങ്ങളും സ്വീകരിച്ചിട്ടുള്ള നിലപാടുകൾ മൂലം വ്യാപാര ബന്ധത്തിൽ പൊതുവേ ഇടിവുണ്ടായിരുന്നു.
പുൽവാമ ഭീകരാക്രമണത്തിനു തിരിച്ചടിയായി പാക്കിസ്ഥാനിൽനിന്നുള്ള ചരക്കുകൾക്ക് ഇന്ത്യ 200 ശതമാനം തീരുവ ഏർപ്പെടുത്തിയതിന്റെ ഫലമായി കഴിഞ്ഞ വർഷങ്ങളിൽ വ്യാപാര ബന്ധം ദുർബലമായിരുന്നു.
2024 ഏപ്രിൽ മുതൽ 2025 ഫെബ്രുവരി വരെയുള്ള കണക്കനുസരിച്ചു പാക്കിസ്ഥാനിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 447.65 ദശലക്ഷം ഡോളറുള്ളപ്പോൾ ഇറക്കുമതി 0.42 ദശലക്ഷം ഡോളർ മാത്രമായിരുന്നു. 2024-25ലെ ഇന്ത്യയുടെ മൊത്തം ഇറക്കുമതിയുടെ 0.0001 ശതമാനത്തേക്കാൾ കുറവായിരുന്നു ഇത്.
കഴിഞ്ഞ സാന്പത്തിക വർഷം പാക്കിസ്ഥാനിൽനിന്ന് രാജ്യത്തേക്ക് ഇറക്കുമതി ചെയ്ത പ്രധാന ഉത്പന്നങ്ങൾ പഴങ്ങളും നട്സുകളും ചില എണ്ണ വിത്തുകളും ഔഷധച്ചെടികളും ഇതിനോടൊപ്പം ചില ജൈവ രാസവസ്തുക്കളുമാണ്. 2024-25 സാന്പത്തിക വർഷത്തിലെ കണക്കനുസരിച്ചു ഇന്ത്യ പാക്കിസ്ഥാനിലേക്ക് കയറ്റിയയച്ച ഉത്പന്നങ്ങളുടെ 60 ശതമാനവും ജൈവ രാസവസ്തുക്കളും ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങളുമായിരുന്നു.
ജൈവ രാസവസ്തുക്കളുടെ വ്യാപാരം 129.55 ദശലക്ഷം ഡോളറാണെങ്കിൽ ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങളുടെ വ്യാപാരം 110.06 ദശലക്ഷം ഡോളറാണ്. പഞ്ചസാര, പഞ്ചസാര അനുബന്ധ മധുര ഉത്പന്നങ്ങൾ, ചില പച്ചക്കറികൾ, കാപ്പി, ചായ, സുഗന്ധവ്യഞ്ജനങ്ങൾ, ധാന്യങ്ങൾ, പെട്രോളിയം ഉത്പന്നങ്ങൾ, വളം, പ്ലാസ്റ്റിക്, റബർ തുടങ്ങിയവയാണ് പാക്കിസ്ഥാനിലേക്ക് ഇന്ത്യ കയറ്റിയയച്ചിരുന്ന മറ്റു ചരക്കുകൾ.
ഇന്ത്യ പാക്കിസ്ഥാൻ ചരക്കുകളെ അമിതമായി ആശ്രയിക്കാറില്ലെന്നും അതിനാൽതന്നെ വ്യാപാര ബന്ധം അവസാനിപ്പിച്ചാലും ഇന്ത്യക്ക് ആഘാതം കുറവായിരിക്കുമെന്നും വാണിജ്യ മന്ത്രാലയത്തിലെ അധികൃതർ പ്രതികരിച്ചു.
എന്നാൽ പാക്കിസ്ഥാൻ ചില ചരക്കുകൾക്ക് ഇന്ത്യയെ ആശ്രയിക്കുന്ന സ്ഥിതിവിശേഷമാണെന്നും അതിനാൽതന്നെ പാക്കിസ്ഥാന് കേന്ദ്ര തീരുമാനം തിരിച്ചടിയാകുമെന്നും അധികൃതർ പ്രതികരിച്ചു.