ആന്ദ്രേ റസല്‍ വിരമിക്കുന്നു
Thursday, July 17, 2025 11:54 PM IST
കിംഗ്സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രേ റസല്‍ രാജ്യാന്തര ക്രിക്കറ്റില്‍നിന്നു വിരമിക്കുന്നു. വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റാണ് ഇക്കാര്യം അറിയിച്ചത്. 37കാരനായ റസല്‍ ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്കുള്ള വിന്‍ഡീസിന്റെ ട്വന്റി-20 ടീമില്‍ ഉള്‍പ്പെട്ടു.
പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങള്‍ റസലിന്റെ കരിയറിലെ അവസാന രാജ്യാന്തര പോരാട്ടങ്ങളായിരിക്കും. ഹോം ഗ്രൗണ്ടായ ജമൈക്കയിലെ സബീന പാര്‍ക്കിലാണ് അഞ്ച് മത്സര പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങള്‍.
2011ല്‍ പാക്കിസ്ഥാനെതിരായ മത്സരത്തിലൂടെയാണ് റസല്‍ രാജ്യാന്തര വേദിയിലേക്കെത്തിയത്. 2019നുശേഷം ട്വന്റി-20 ക്രിക്കറ്റില്‍ മാത്രമായി ഒതുങ്ങി. വിന്‍ഡീസ് ജഴ്സിയില്‍ 84 മത്സരങ്ങളില്‍നിന്ന് 163.08 സ്ട്രൈക്ക്റേറ്റില്‍ 1078 റണ്‍സ് നേടി. 61 വിക്കറ്റും സ്വന്തമാക്കി.
ലോകത്തിന്റെ വിവിധ ഇടങ്ങളിലായുള്ള 12 ട്വന്റി-20 ഫ്രാഞ്ചൈസികള്ക്കുവേണ്ടിയും റസല്‍ കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമാണ്. ഓസ്ട്രേലിയന്‍ ബിഗ് ബാഷ് ലീഗ് തുടങ്ങിയ വേദികളിലും റസല്‍ സാന്നിധ്യമറിയിച്ചു.
2012, 2016 ട്വന്റി-20 ലോകകപ്പ് നേടിയ വിന്‍ഡീസ് ടീമില്‍ അംഗമായിരുന്നു. 2026ല്‍ ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ട്വന്റി-20 ലോകകപ്പില്‍ റസല്‍ ഉണ്ടാകില്ലെന്ന് ഉറപ്പായി.
2026 ലോകകപ്പിലേക്ക് ഏഴു മാസം മാത്രം അകലമുള്ളപ്പോഴാണ് റസലിന്റെ വിരമിക്കല്‍. വിന്‍ഡീസ് ജഴ്സിയില്‍ ഒരു ടെസ്റ്റും 56 ഏകദിനവും റസല്‍ കളിച്ചിട്ടുണ്ട്.