ബുംറ ഫിഫര്‍...
Saturday, July 12, 2025 1:20 AM IST
ലണ്ടന്‍: ഇംഗ്ലണ്ടിന് എതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് അഞ്ച് വിക്കറ്റ്. സെഞ്ചുറി നേടിയ ജോ റൂട്ടിനെ (104) അടക്കം നാലു പേരെ ബൗള്‍ഡാക്കിയാണ് ബുംറ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചതെന്നതും ശ്രദ്ധേയം.
ടെസ്റ്റ് ലോക ഒന്നാം നമ്പര്‍ ബാറ്ററായ ഹാരി ബ്രൂക്ക് (11), ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് (44), ജോഫ്ര ആര്‍ച്ചര്‍ (4) എന്നിവരുടെ വിക്കറ്റുകളും ബുംറ ഇളക്കി. ക്രിസ് വോക്സ് (0) വിക്കറ്റിനു പിന്നില്‍ ധ്രുവ് ജുറെലിന്റെ ക്യാച്ചിലൂടെയാണ് പുറത്തായത്. ബുംറയുടെ അഞ്ച് വിക്കറ്റ് നേട്ടത്തോടെ ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 112.3 ഓവറില്‍ 387ന് അവസാനിച്ചു.
മറുപടിക്കിറങ്ങിയ ഇന്ത്യക്ക് സ്കോര്‍ 13ല്‍ നില്‍ക്കേ ആദ്യ വിക്കറ്റ് നഷ്ടമായി. എട്ട് പന്തില്‍ 13 റണ്‍സ് നേടിയ ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ ജോഫ്ര ആര്‍ച്ചര്‍ പുറത്താക്കി. തുടർന്ന് കെ.എൽ. രാഹുലും കരുണ്‍ നായരും ചേർന്ന് സ്കോർ 74ൽ എത്തിച്ചു. 62 പന്തിൽ 40 റണ്‍സ് നേടിയ കരുണ്‍ നായർ ബെൻ സ്റ്റോക്സിനു മുന്നിൽ കീഴടങ്ങി. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് (16) കഴിഞ്ഞ മത്സരത്തിലെ പ്രകടനം ആവർത്തിക്കാൻ സാധിച്ചില്ല. രണ്ടാം ദിനം അവസാനിച്ചപ്പോൾ ഇന്ത്യ ഒന്നാം ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 145 റണ്‍സ് എടുത്തിട്ടുണ്ട്.
ജസ്പ്രീത് ബുംറ @ 13
വിദേശ പര്യടനത്തില്‍ ജസ്പ്രീത് ബുംറയുടെ 13-ാം ഫിഫര്‍ നേട്ടമാണ്. ഇതോടെ ഇന്ത്യക്കായി വിദേശത്ത് ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് നേട്ടം എന്ന റിക്കാര്‍ഡ് ബുംറ സ്വന്തമാക്കി. 64 ഇന്നിംഗ്സിലാണ് ബുംറയുടെ 13-ാം അഞ്ച് വിക്കറ്റ് നേട്ടം. 108 ഇന്നിംഗ്സില്‍ 12 അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ കപില്‍ ദേവിന്റെ റിക്കാര്‍ഡാണ് ബുംറ മറികടന്നത്. അനില്‍ കുംബ്ലെയാണ് (121 ഇന്നിംഗ്സില്‍ 10) പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.
റൂട്ടിന്റെ സ്വന്തം ലോഡ്സ്
നാലു വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സ് എന്ന നിലയിലാണ് രണ്ടാംദിനമായ ഇന്നലെ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ് പുനരാരംഭിച്ചത്. 99 റണ്‍സുമായി ജോ റൂട്ടും 39 റണ്‍സുമായി ബെന്‍ സ്റ്റോക്സുമായിരുന്നു ക്രീസില്‍. ടെസ്റ്റില്‍ 37-ാം സെഞ്ചുറി തികച്ചതിനു പിന്നാലെ ബുംറയ്ക്കു മുന്നില്‍ റൂട്ട് ബൗള്‍ഡായി. 199 പന്തില്‍ 104 റണ്‍സായിരുന്നു റൂട്ടിന്റെ സമ്പാദ്യം.
ലോഡ്സില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി (8) റിക്കാര്‍ഡ് പുതുക്കിയ റൂട്ട്, ഇന്ത്യക്കെതിരേ ഏറ്റവും കൂടുതല്‍ സെഞ്ചുറി (11) നേടുന്നതില്‍ ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തിന് ഒപ്പവുമെത്തി. റൂട്ടിന്റെ 37-ാം കരിയര്‍ സെഞ്ചുറിയാണ്. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറിയില്‍ സച്ചിന് തെണ്ടുല്‍ക്കര്‍ (51), ജാക് കാലിസ് (45), റിക്കി പോണ്ടിംഗ് (41), കുമാര്‍ സംഗക്കാര (38) എന്നിവര്‍ക്കു പിന്നില്‍ അഞ്ചാം സ്ഥാനത്തും റൂട്ട് എത്തി.
ജേമി സ്മിത്ത്, കാഴ്സ്
ബെന്‍ സ്റ്റോക്സും (44), റൂട്ടും പുറത്തായതിനുശേഷം ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് പോരാട്ടം നയിച്ചത് വിക്കറ്റ് കീപ്പര്‍ ജേമി സ്മിത്തും പേസര്‍ ബ്രൈഡന്‍ കാഴ്സുമായിരുന്നു. സ്മിത്ത് 56 പന്തില്‍ 51ഉം കാഴ്സ് 83 പന്തില്‍ 56ഉം റണ്‍സ് നേടി.
ഇതെന്ത് ഡ്യൂക്ക്?
ടെസ്റ്റ് ക്രിക്കറ്റിനായി ഇംഗ്ലണ്ടില്‍ ഉപയോഗിക്കുന്ന ഡ്യൂക്ക് പന്തിനെതിരേ തുടര്‍ച്ചയായ വിമര്‍ശനവുമായി ഇന്ത്യന്‍ ടീം. ലോഡ്സ് ടെസ്റ്റിന്റെ രണ്ടാംദിനമായ ഇന്നലെ രാവിലെ വെറും 10.3 ഓവര്‍ എറിഞ്ഞശേഷം ആദ്യ പന്ത് മാറ്റി. എന്നാല്‍, ഈ പന്ത് എട്ട് ഓവറിനു ശേഷം വീണ്ടും മാറ്റേണ്ടിവന്നു. രൂപംമാറി, മൃദുവാകുന്നതാണ് ഡ്യൂക്ക് ബ്രാന്‍ഡ് പന്തിന്റെ പ്രശ്നം.
ഇംഗ്ലണ്ടിനു പിന്നാലെ വെസ്റ്റ് ഇന്‍ഡീസിലാണ് ടെസ്റ്റിനായി ഡ്യൂക്ക് പന്ത് ഉപയോഗിക്കുന്നത്. നിലവില്‍ വിന്‍ഡീസ് പര്യടനം നടക്കുന്ന ഓസ്ട്രേലിയന്‍ ടീമിലെ പേസര്‍ ജോഷ് ഹെയ്സല്‍വുഡും പന്തിനെ കുറ്റംപറഞ്ഞു. 80 ഓവറും പതുപതുത്ത പന്തുമായി എറിയേണ്ടിവരുന്നത് ദുരന്തമാണെന്ന് ഹെയ്സല്‍വുഡ് പറഞ്ഞു.