അഞ്ച് പന്തില്‍ അഞ്ച് വിക്കറ്റ് ; ചരിത്രത്തില്‍ ഇടംപിടിച്ച് കര്‍ട്ടിസ് കാംഫര്‍
Saturday, July 12, 2025 1:20 AM IST
ഡബ്ലിന്‍: അഞ്ച് പന്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി ചരിത്രത്തില്‍ ഇടംപിടിച്ച് അയര്‍ലന്‍ഡ് ഓള്‍റൗണ്ടര്‍ കര്‍ട്ടിസ് കാംഫര്‍. പ്രഫഷണല്‍ ക്രിക്കറ്റില്‍ ഈ അപൂര്‍വനേട്ടം സ്വന്തമാക്കുന്ന ആദ്യ പുരുഷ താരമാണ് 26കാരനായ കാംഫര്‍. അയര്‍ലന്‍ഡിലെ ആഭ്യന്തര ട്വന്റി-20 ടൂര്‍ണമെന്റായ ഇന്റര്‍ പ്രൊവിന്‍ഷ്യല്‍ ട്രോഫിയിലാണ് കാംഫറിന്റെ ഈ ചരിത്ര ബൗളിംഗ് പ്രകടനം.
ഡബ്ലിനില്‍ നോര്‍ത്ത് വെസ്റ്റ് വാരിയേഴ്സിന് എതിരേ മണ്‍സ്റ്റര്‍ റെഡ്സിനുവേണ്ടിയാണ് കാംഫറിന്റെ ചരിത്ര നേട്ടം. മത്സരത്തില്‍ മണ്‍സ്റ്റര്‍ റെഡ്സ് 100 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കി. സ്കോര്‍: മണ്‍സ്റ്റര്‍ റെഡ്സ് 188/7 (20). നോര്‍ത്ത് വെസ്റ്റ് വാരിയേഴ്സ് 88 (13.3).
ഇന്നിംഗ്സിലെ 12-ാം ഓവറിന്റെ അവസാന രണ്ട് പന്തിലും 14-ാം ഓവറിന്റെ ആദ്യ മൂന്നു പന്തിലുമായിരുന്നു കാംഫറിന്റെ വിക്കറ്റ് വേട്ട. മത്സരത്തിലെ അഞ്ചാം ബൗളറായി പന്ത് കൈയിലെടുത്ത കാംഫര്‍, അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സ് എന്ന നിലയില്‍നിന്ന് നോര്‍ത്ത് വെസ്റ്റ് വാരിയേഴ്സിനെ 88ന് ഓള് ഔട്ടാക്കി.
2.3 ഓവറില്‍ 16 റണ്‍സ് വഴങ്ങിയാണ് കര്‍ട്ടിസ് കാംഫര്‍ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയത്. 2021ല്‍ കാംഫര്‍ നെതര്‍ലന്‍ഡ്സിനെതിരേ അയര്‍ലന്‍ഡിനായി തുടര്‍ച്ചയായ നാലു പന്തില്‍ നാലു വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.
തുടര്‍ വിക്കറ്റ് ചരിത്രം ഇങ്ങനെ
പ്രഫഷണല്‍ ട്വന്റി-20 ക്രിക്കറ്റില്‍ തുടര്‍ച്ചയായ അഞ്ച് പന്തുകളില്‍ അഞ്ച് വിക്കറ്റ് ചരിത്രത്തില്‍ ഇതു രണ്ടാം തവണയാണ്. സിംബാബ് വെയുടെ അണ്ടര്‍ 19 വനിതാ താരം കെലിസ് ധലോവു 2024ല്‍ ഈ നേട്ടം സ്വന്തമാക്കിയിരുന്നു. ആഭ്യന്തര ട്വന്റി-20 ടൂര്‍ണമെന്റില്‍ ഈഗിള്‍സ് വുമണിനെതിരേയായിരുന്നു ഈ നേട്ടം.
പുരുഷ ട്വന്റി-20യില്‍ അഞ്ച് പന്തില്‍ അഞ്ച് വിക്കറ്റ് ആദ്യമാണെങ്കിലും നാല് പന്തില്‍ നാല് വിക്കറ്റ് വീഴ്ത്തിയവരുണ്ട്. അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാന്, ശ്രീലങ്കയുടെ ലസിത് മലിംഗ, വെസ്റ്റ് ഇന്‍ഡീസിന്റെ ജേസണ്‍ ഹോള്‍ഡര്‍, അര്‍ജന്റീനയുടെ ഹെര്‍നാന്‍ ഫെന്നല്‍, ലെസോത്തോയുടെ വസീം യാക്കൂബര്‍ എന്നിവര്‍ ട്വന്റി-20യില്‍ തുടര്‍ച്ചയായ നാലു പന്തില്‍ നാലു വിക്കറ്റ് സ്വന്തമാക്കിയിട്ടുണ്ട്.