സന്തോഷ് ട്രോഫി പോരാട്ടത്തിനു കേരളം ഇന്നു കളത്തിൽ, എതിരാളി റെയിൽവേസ്
Wednesday, November 20, 2024 12:53 AM IST
കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോള്‍ പ്രാഥമിക റൗണ്ടിലെ മല്‍സരത്തില്‍ കരുത്തരായ റെയില്‍വേയെ നേരിടാന്‍ കേരളം ഇന്നിറങ്ങും.
കഴിഞ്ഞ രണ്ടു തവണയും സെമി കാണാതെ പുറത്തായ കേരളം ഇത്തവണ യുവത്വത്തിന്റെ പ്രസരിപ്പിലാണ് ഹോം ഗ്രൗണ്ടായ കോഴിക്കോട് കോര്പറേഷന് സ്റ്റേഡിയത്തില്‍ ഇറങ്ങുന്നത്. വൈകുന്നേരം 3.30നാണു മല്‍സരം.
അഞ്ചുവട്ടം ടൂർണമെന്റിൽ കേരള പ്രതിരോധം കാത്ത കേരള പോലീസിന്റെ വിശ്വസ്തനായ ജി. സഞ്ജുവിന്റെ നേതൃത്വത്തിലാണു കേരളം ഇറങ്ങുന്നത്. 2022ല്‍ കേരളം ചാമ്പ്യന്മാരായപ്പോള് അംഗമായിരുന്നു സഞ്ജു.
2018ലും 2022ലും കിരീടം ചൂടിയ സംഘത്തിലുണ്ടായിരുന്ന ഗോൾകീപ്പർ എസ്. ഹജ്മലാണ് വൈസ് ക്യാപ്റ്റൻ. കഴിഞ്ഞ സീസണിൽ കളിച്ച അഞ്ചു പേരാണു ടീമിലുള്ളത്.
മുന്നേറ്റക്കാരൻ ഗനി അഹമ്മദ് നിഗമാണു സൂപ്പർതാരം. ഐഎസ്എല്ലും ഐ ലീഗും കളിച്ചു പരിചയമുണ്ട് ഈ കോഴിക്കോട്ടുകാരന്.
കെ. സൽമാൻ, നിജോ ഗിൽബർട്ട്, വി. അർജുൻ തുടങ്ങിയ പരിചയ സമ്പന്നരിലും കേരളത്തിനു പ്രതീക്ഷയുണ്ട്. എട്ടാം കീരീടം ലക്ഷ്യമിട്ടാണു കേരളം ബൂട്ട് കെട്ടുന്നത്.
മലയാളി റെയിൽവേ
റെയിൽവേസിന്റെ 22 അംഗ ടീമിൽ ആറു പേരും മലയാളികളാണ്. സഹപരിശീലകനും മാനേജരും ചേരുന്നതോടെ ടീമിലെ കേരള പ്രാതിനിധ്യം എട്ടാകും. മലയാളിക്കരുത്തിലാണു റെയിൽവേസിന്റെ വിശ്വാസം. മൂന്നുവട്ടം സന്തോഷ് ട്രോഫി ഉയർത്തിയ റെയിൽവേസ് കരുത്തുറ്റ നിരയുമായാണു വരുന്നത്. പുതിയ സീസണിലേക്കു മികച്ച യുവതാരങ്ങളെ കൂടാരത്തിലെത്തിച്ചു.
കഴിഞ്ഞതവണ കേരള കുപ്പായമിട്ട മൂന്നു പേരുണ്ട് സംഘത്തിൽ. സിദ്ധാർഥ് ആർ. നായർ, അബ്ദുറഹീം, മുഹമ്മദ് ആഷിഖ് എന്നിവർ. കണ്ണൂരുകാരൻ സിദ്ധാർഥാണ് ഒന്നാം നമ്പർ ഗോളി. വിംഗറായ അബ്ദുറഹീം മികച്ച ഫോമിലാണെന്നതു കേരളത്തിനു വെല്ലുവിളിയാകും. മുമ്പ് കേരളത്തിനായി ബൂട്ടിട്ട ജോൺ പോൾ ജോസ് ആക്രമണത്തിന്റെ ചുക്കാൻ പിടിക്കും.
ഇന്നു നടക്കുന്ന ആദ്യമല്‍സരത്തില്‍ പോണ്ടിച്ചേരി ലക്ഷദ്വീപിനെ നേരിടും. രാവിലെ 7.30നാണ് കിക്കോഫ്.