ഇറാന്റെ ആണവായുധ ഗവേഷണകേന്ദ്രം ഇസ്രയേൽ തകർത്തതായി റിപ്പോർട്ട്
Sunday, November 17, 2024 1:53 AM IST
ന്യൂയോർക്ക്: ഇറാന്റെ മിസൈൽ ആക്രമണത്തിനു പ്രതികാരമായി കഴിഞ്ഞ മാസം 27ന് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാനിലെ ആണവായുധ ഗവേഷണകേന്ദ്രം തകർത്തതായി റിപ്പോർട്ട്.
തലസ്ഥാനമായ ടെഹ്റാനിൽനിന്ന് 20 കിലോമീറ്റർ അകലെയുള്ള പാർച്ചിൻ സൈനിക കേന്ദ്രത്തിലെ ആണവകേന്ദ്രത്തിനു നേരേയാണ് ഇസ്രയേൽ പോർവിമാനങ്ങൾ ബോംബാക്രമണം നടത്തിയത്. ആക്രമണത്തിൽ തകർന്ന സൈനികകേന്ദ്രത്തിലെ കെട്ടിടങ്ങളുടെ ഉപഗ്രഹചിത്രങ്ങൾ പ്ലാനറ്റ് ലാബ്സ് പിബിസി പുറത്തുവിട്ടു.
ആക്രമണം ഇറാന്റെ ആണവപരീക്ഷണ ശ്രമങ്ങള്‍ക്കു വലിയ തിരിച്ചടിയാണെന്ന് അമേരിക്കൻ-ഇസ്രേലി പ്രതിരോധവിദഗ്ധരെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമായ ആക്സിയോസ് റിപ്പോർട്ട് ചെയ്തു. ഇറാന് ഇനി ആണവായുധങ്ങൾ നിർമിക്കണമെങ്കിൽ തകർന്ന ഉപകരണങ്ങൾ മാറ്റിസ്ഥാപിക്കേണ്ടതുണ്ട്.
പുതുതായി ഈ ഉപകരണം വാങ്ങാൻ ശ്രമിച്ചാൽ അതു നിരീക്ഷിക്കാൻ എളുപ്പമായിരിക്കുമെന്നും ആക്സിയോസ് റിപ്പോർട്ട് ചെയ്തു. ഒക്ടോബർ ഒന്നിനാണ് ഇരുനൂറിലേറെ മിസൈലുകൾ ഇസ്രയേൽ ലക്ഷ്യമാക്കി ഇറാൻ തൊടുത്തത്.
ഇസ്രയേലിനുനേർക്ക് തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങൾക്കു പകരമായി ടെഹ്റാൻ, പടിഞ്ഞാറൻ പ്രവിശ്യകളായ ഇൻഹാം, കുസസ്താൻ എന്നിവിടങ്ങളിലെ 20 കേന്ദ്രങ്ങളിലാണ് 27ന് പുലർച്ചെ രണ്ടോടെ നൂറോളം ഇസ്രേലി യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയത്.
ഇറാന്റെ വ്യോമപ്രതിരോധ സംവിധാനം നിർവീര്യമാക്കിയശേഷം നടത്തിയ ആക്രമണത്തിൽ വിവിധ മിസൈൽ, ഡ്രോണ്‍ നിർമാണകേന്ദ്രങ്ങളും തകർത്തിരുന്നു.