ട്രംപ് ഭരണം തുടങ്ങിയാൽ യുദ്ധം അവസാനിക്കും: സെലൻസ്കി
Saturday, November 16, 2024 11:44 PM IST
കീവ്: അമേരിക്കയിൽ ഡോണൾഡ് ട്രംപ് പ്രസിഡന്റായി അധികാരമേറ്റുകഴിഞ്ഞാൽ റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം അവസാനിക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി. യുദ്ധം അവസാനിപ്പിക്കുമെന്ന വാഗ്ദാനം ട്രംപ് അമേരിക്കൻ ജനതയ്ക്കു നല്കിയിട്ടുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അടുത്ത വർഷം നയതന്ത്ര മാർഗത്തിലൂടെ യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികൾ യുക്രെയ്ൻ സ്വീകരിക്കണമെന്നു സെലൻസ്കി പറഞ്ഞു. യുദ്ധത്തിൽ റഷ്യ മുന്നേറുകയും യുക്രെയ്ൻ പ്രതിസന്ധി നേരിടുകയുമാണ്.
തെരഞ്ഞെടുപ്പു ജയത്തിനു പിന്നാലെ ട്രംപുമായി നടത്തിയ ഫോൺ സംഭാഷണം പ്രതീക്ഷ നല്കുന്നതായിരുന്നുവെന്ന് സെലൻസ്കി പറഞ്ഞു. റഷ്യയുമായി ചർച്ച നടത്തണമെന്ന ആവശ്യം ട്രംപ് ഉന്നയിച്ചുവോ എന്നു സെലൻസ്കി പറഞ്ഞില്ല.
റഷ്യയെ നേരിടാൻ യുക്രെയ്ന് അമേരിക്ക സഹായം നല്കുന്നതിനെ എതിർക്കുന്ന ട്രംപ്, അധികാരത്തിലേറിയാൽ 24 മണിക്കൂറിനകം യുദ്ധം അവസാനിപ്പിക്കുമെന്ന് മുന്പു പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനുള്ള മാർഗം അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.
ട്രംപും സെലൻസ്കിയും തമ്മിൽ ഇതുവരെയുള്ള ബന്ധം സുഖകരമല്ല. ബൈഡൻ കുടുംബത്തിനെതിരേ അന്വേഷണം നടത്താൻ സെലൻസ്കിയോട് ആവശ്യപ്പെട്ടു എന്ന ആരോപണത്തിൽ ഒന്നാം ഭരണകാലത്ത് ട്രംപ് ഇംപീച്ച്മെന്റ് നേരിട്ടിരുന്നു.
അതേസമയം, റഷ്യൻ പ്രസിഡന്റ് പുടിനുമായി ട്രംപ് നല്ല ബന്ധത്തിലാണ്. ട്രംപിന്റെ സമീപനങ്ങൾ യുക്രെയ്നെ പരാജയത്തിലേക്കു നയിക്കുമെന്നും അത് യൂറോപ്പിനു മൊത്തം ഭീഷണിയാകുമെന്നും അമേരിക്കയിലെ ഡെമോക്രാറ്റിക് പാർട്ടിക്കാർ ആരോപിക്കുന്നു.
പുടിനും ഷോൾസും ഫോണിൽ ചർച്ച നടത്തി
ബെർലിൻ: ജർമൻ ചാൻസർ ഒലാഫ് ഷോൾസും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും ഫോണിൽ ചർച്ച നടത്തി. യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചാണ് ഒരു മണിക്കൂർ നീണ്ട ചർച്ചയിൽ ഇരുവരും സംസാരിച്ചതെന്ന് ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആവശ്യമുള്ളിടത്തോളം കാലം ജർമനി യുക്രെയ്നു പിന്തുണ നല്കുമെന്ന് ഷോൾസ് വ്യക്തമാക്കി. റഷ്യൻ സൈന്യത്തെ യുക്രെയ്നിൽനിന്നു പിൻവലിച്ച് സമാധാനത്തിനു വഴിയൊരുക്കണമെന്നും പുടിനോട് അദ്ദേഹം ആവശ്യപ്പെട്ടു.
പുടിനുമായുള്ള സംഭാഷണത്തിനു മുന്പായി യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയുമായി ഷോൾസ് ഫോണിൽ ചർച്ച നടത്തി.
ഏതാണ്ടു രണ്ടു വർഷത്തിനുശേഷമാണ് പുടിനും ഷോൾസും ഫോണിൽ സംസാരിക്കുന്നത്. 2022 ഡിസംബറിലായിരുന്നു ഇതിനു മുന്പത്തേത്.