ഇസ്രയേലിനെ വിമർശിച്ച് മുഹമ്മദ് ബിൻ സൽമാൻ
Tuesday, November 12, 2024 11:42 PM IST
റിയാദ്: ഗാസ യുദ്ധത്തിൽ ഇസ്രയേലിനെ നിശിതമായി വിമർശിച്ച് സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ. ഇസ്രയേൽ ഗാസയിൽ വംശീയ ഉന്മൂലനം നടത്തുന്നതായി അദ്ദേഹം ആരോപിച്ചു.
പലസ്തീൻ രാഷ്ട്രരൂപവത്കരണത്തിനു നടപടികളാവശ്യപ്പെട്ട് റിയാദിൽ ചേർന്ന അറബ്, മുസ്ലിം ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു വർഷം പിന്നിട്ട ഗാസ യുദ്ധത്തിൽ സൗദി ഭരണനിയന്താവ് ഇസ്രയേലിനെ പരസ്യമായി വിമർശിക്കുന്നത് ആദ്യമാണ്. പരന്പരാഗത വൈരികളായ ഇറാനും സൗദിയും തമ്മിൽ ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചന സൗദി രാജകുമാരൻ നല്കി. ലബനനിലും ഇറാനിലും ഇസ്രയേൽ നടത്തിയ ആക്രമണങ്ങളെ അദ്ദേഹം അപലപിച്ചു. ഇറേനിയൻ മണ്ണിൽ ആക്രമണത്തിനു മുതിരരുതെന്ന മുന്നറിയിപ്പും ഇസ്രയേലിനു നല്കി.
ഇസ്രേലി സേന ഗാസയിൽനിന്നും വെസ്റ്റ്ബാങ്കിൽനിന്നും പിന്മാറണമെന്ന് ഉച്ചകോടി ആവശ്യപ്പെട്ടു. ഗാസ യുദ്ധം അവസാനിപ്പിക്കാൻ കഴിയാത്തത് അന്താരാഷ്ട്ര സമൂഹത്തിന്റെ പരാജയമാണെന്നു സൗദി വിദേശകാര്യമന്ത്രി ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു.
ഡോണൾഡ് ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു ദിവസങ്ങൾക്കമാണ് മുസ്ലിം നേതാക്കൾ യോഗം ചേർന്നത്. ഇസ്രയേലുമായി മാത്രമല്ല, അറബ് നേതാക്കളുമായും ട്രംപിനു നല്ല ബന്ധമുണ്ട്. പശ്ചിമേഷ്യാ സംഘർഷം അവസാനിപ്പിക്കാൻ ട്രംപ് മുൻകൈ എടുക്കണമെന്നു ഗൾഫ് രാജ്യങ്ങൾ ആഗ്രഹിക്കുന്നതായി റിപ്പോർട്ടുണ്ട്.