സർക്കാർ രൂപീകരണത്തിന് ഒരുക്കം തുടങ്ങി ട്രംപ്
Friday, November 8, 2024 12:32 AM IST
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഡോണൾഡ് ട്രംപ് സർക്കാർ രൂപവത്കരണത്തിനുള്ള നടപടികൾ ആരംഭിച്ചു. ജനുവരി 20നാണ് ട്രംപിന്റെ സത്യപ്രതിജ്ഞ. വരും ദിവസങ്ങളിൽ കാബിനറ്റ് അംഗങ്ങളെ അദ്ദേഹം നിശ്ചയിക്കും.
തെരഞ്ഞെടുപ്പു പ്രചാരണത്തിൽ പ്രധാന പങ്കുവഹിച്ച സൂസി വൈൽസിനെ ട്രംപ് വൈറ്റ്ഹൗസിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആക്കുമെന്നു സൂചനയുണ്ട്. മുൻ ആഭ്യന്തര നയ ഉപദേഷ്ടാവ് ബ്രൂക് റോളിൻസിനെയും ഈ പദവിയിലേക്കു പരിഗണിക്കുന്നുണ്ട്.
മുൻ സിഐഎ ഡയറക്ടറും ഒന്നാം ട്രംപ് ഭരണത്തിൽ സ്റ്റേറ്റ് സെക്രട്ടറിയുമായിരുന്ന മൈക്ക് പോംപിയോ പ്രതിരോധ വകുപ്പിന്റെ മേധാവിയായേക്കാം. നയതന്ത്രവിദഗ്ധൻ റിക് ഗ്രെനെല്ലിനു ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പദവിയോ സ്റ്റേറ്റ് സെക്രട്ടറിസ്ഥാനമോ ലഭിച്ചേക്കും.
കെന്നഡി കുടുംബത്തിന്റെ പാരന്പര്യം പേറുന്ന റോബർട്ട് എഫ്. കെന്നഡി ജൂണിയറിന് ആരോഗ്യവകുപ്പിൽ പ്രധാന പദവി നല്കുമെന്ന സൂചന ട്രംപ് നല്കിയിട്ടുണ്ട്. കോവിഡ് അടക്കമുള്ള രോഗങ്ങൾക്കുള്ള വാക്സിനുകളെക്കുറിച്ച് വ്യാജപ്രചാരണം നടത്തിയിട്ടുള്ളയാളാണ് കെന്നഡി ജൂണിയർ. ലോകത്തിലെ ഒന്നാം നന്പർ സന്പന്നൻ ഇലോൺ മസ്കിന് കാബിനറ്റിതര പദവി ട്രംപ് നല്കുമെന്നും സൂചനയുണ്ട്.
ഇതിനിടെ, പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന്റെ എതിരാളിയും യുഎസ് വൈസ് പ്രസിഡന്റുമായ കമലാ ഹാരിസ് പരാജയം സമ്മതിച്ചു. അധികാരക്കൈമാറ്റത്തിൽ ട്രംപിനെ സഹായിക്കുമെന്ന് കമല വ്യക്തമാക്കി.
വോട്ടെണ്ണൽ അന്തിമഘട്ടത്തിലേക്കടുക്കുന്പോൾ ഇലക്ടറൽ കോളജിലെ 538 വോട്ടുകളിൽ 294ഉം ട്രംപ് സ്വന്തമാക്കി. കമലയ്ക്ക് 223 വോട്ടുകളാണു ലഭിച്ചത്. നെവാഡ, അരിസോണ സംസ്ഥാനങ്ങളിലെ ഫലമാണ് വരാനുള്ളത്. 94 ശതമാനം വോട്ടുകളെണ്ണിയ നെവാഡയിലും 70 ശതമാനം വോട്ടുകളെണ്ണിയ അരിസോണയിലും ട്രംപിന് 50 ശതമാനത്തിനു മുകളിൽ വോട്ടുണ്ട്.
ട്രംപിന്റെ മന്ത്രിസഭയിൽ ഉണ്ടാകുമോ മലയാളി വംശജൻ വിവേക് രാമസ്വാമി ?
വാഷിംഗ്ടൺ ഡിസി: ട്രംപിന്റെ ഭരണകൂടത്തിൽ ഇന്ത്യൻ വംശജർക്ക് ഉന്നത പദവികൾ ലഭിക്കാൻ സാധ്യത. കേരളത്തിൽ വേരുകളുള്ള വിവേക് രാമസ്വാമി ട്രംപിന്റെ കാബിനറ്റിൽ ഉൾപ്പെട്ടേക്കും. മുപ്പത്തൊന്പതുകാരനായ വിവേക് മിടുക്കനാണെന്നും അദ്ദേഹത്തിനു സുപ്രധാന പദവി നല്കുമെന്നും ട്രംപ് പ്രചാരണത്തിനിടെ സൂചിപ്പിച്ചിരുന്നു.
പാലക്കാട്ടുനിന്ന് അമേരിക്കയിലേക്കു കുടിയേറിയ ഗണപതി രാമസ്വാമിയുടെയും ഗീത രാമസ്വാമിയുടെയും മകനായ വിവേക് റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥിയാകാൻ ട്രംപിനൊപ്പം മത്സരിച്ചിരുന്നു. പാർട്ടിയിൽ പിന്തുണയില്ലെന്നു മനസിലാക്കിയതോടെ പിൻവാങ്ങി ട്രംപിനു പിന്തുണ പ്രഖ്യാപിച്ചു.
ട്രംപിന്റെ വിശ്വസ്തനായ ഇന്ത്യൻ വംശജൻ കശ്യപ് പ്രമോദ് പട്ടേൽ ലോകത്തിലെ ഏറ്റവും മികച്ച ചാരസംഘടനയായ സിഐഎയുടെ ഡെപ്യൂട്ടി ഗവർണറാകുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിട്ടുണ്ട്. ട്രംപിനുവേണ്ടി എന്തും ചെയ്യാൻ തയാറുള്ളയാളെന്നാണു കാഷ് പട്ടേലിനെപ്പറ്റി പറയുന്നത്.
ലൂയിസിയാന സംസ്ഥാനത്തെ മുൻ ഗവർണറായ ഇന്ത്യൻ വംശജൻ ബോബി ജിൻഡാലിന് ആരോഗ്യ സെക്രട്ടറി പദവി ട്രംപ് നല്കിയേക്കുമെന്നും സൂചനയുണ്ട്.