ട്രംപിനു രണ്ടാമൂഴം
Thursday, November 7, 2024 2:02 AM IST
വാഷിംഗ്ടൺ ഡിസി: റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന് വൈറ്റ് ഹൗസിലേക്ക് ചരിത്രപരമായ തിരിച്ചുവരവ്. 538 അംഗ ഇലക്ടറൽ വോട്ടിൽ ഫലം പുറത്തുവന്നതിൽ 279 നേടിയാണ് ട്രംപ് വിജയം ഉറപ്പിച്ചത്. ഡെമോക്രാറ്റിക് പാർട്ടിയിലെ കമല ഹാരിസായിരുന്നു എതിർസ്ഥാനാർഥി. കമലയ്ക്ക് 223 വോട്ടാണു കിട്ടിയത്. 270 വോട്ടാണു വിജയത്തിനു വേണ്ടത്.
അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ ആളാണ് എഴുപത്തിയെട്ടുകാരനായ ട്രംപ്. 132 വർഷത്തിനുശേഷം ആദ്യമായാണ് പ്രസിഡന്റായശേഷം പരാജയപ്പെട്ടയാൾ വീണ്ടും പ്രസിഡന്റ് സ്ഥാനത്തെത്തുന്നത്.
രണ്ടു തവണയും വനിതകളെ പരാജയപ്പെടുത്തി പ്രസിഡന്റായെന്ന റിക്കാർഡും ട്രംപ് സ്വന്തമാക്കി. അമേരിക്കയുടെ നാൽപ്പത്തിയേഴാം പ്രസിഡന്റാകുന്ന ഡോണൾഡ് ട്രംപ് ജനുവരി 20നു സ്ഥാനമേൽക്കും.
ജനകീയ വോട്ടിലും മുന്നിലെത്തിയത് ട്രംപാണ്. അദ്ദേഹത്തിന് ജനകീയ വോട്ടിന്റെ 51 ശതമാനത്തിലേറെ ലഭിച്ചു. കമല ഹാരിസിന് 47.4 ശതമാനം ജനകീയ വോട്ടാണു ലഭിച്ചത്. 2017ൽ ട്രംപ് പ്രസിഡന്റായപ്പോൾ ജനകീയ വോട്ടിൽ മുന്നിലെത്തിയത് എതിരാളി ഹില്ലരി ക്ലിന്റനായിരുന്നു.
“അഭൂതപൂർവവും ശക്തവുമായ ജനവിധി അമേരിക്ക നമുക്ക് തന്നു. ഇത് അമേരിക്കൻ ജനതയുടെ ഉജ്വല വിജയമാണ്”-ട്രംപ് പറഞ്ഞു. ഫലപ്രഖ്യാപനത്തിനുശേഷം ഫ്ലോറിഡയിൽ റിപ്പബ്ലിക്കൻ അണികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ ജെ.ഡി. വാൻസ് യുഎസ് വൈസ് പ്രസിഡന്റാകും.
നോർത്ത് കരോളൈന, ജോർജിയ, പെൻസിൽവേനിയ, വിസ്കോൺസിൻ, മിഷിഗൺ, നെവാഡ, അരിസോണ എന്നീ ഏഴു ചാഞ്ചാടുന്ന സംസ്ഥാനങ്ങളിൽ നേടിയ മുൻതൂക്കമാണ് ട്രംപിനു വിജയമൊരുക്കിയത്. 2020ൽ ഈ സംസ്ഥാനങ്ങളിൽ ആറെണ്ണത്തിൽ ജോ ബൈഡനാണു ലീഡ് നേടിയത്.
ഫ്ളോറിഡ, ടെക്സസ്, സൗത്ത് കരോളൈന, ഇന്ത്യാന തുടങ്ങിയ സംസ്ഥാനങ്ങൾ ട്രംപിനൊപ്പം നിലകൊണ്ടു. കലിഫോർണിയ, ന്യൂയോർക്ക്, ന്യൂമെക്സിക്കോ, വിർജീനിയ തുടങ്ങിയ ശക്തികേന്ദ്രങ്ങൾ ഡെമോക്രാറ്റുകൾ നിലനിർത്തി. കറുത്ത വർഗക്കാരുടെയും ലാറ്റിൻ അമേരിക്കക്കാരുടെയും പിന്തുണ പൂർണമായി ലഭിക്കാത്തതാണ് കമല ഹാരിസിന്റെ പരാജയത്തിനു കാരണമായതെന്നാണു വിലയിരുത്തൽ.
നാലു വർഷത്തിനുശേഷം ആദ്യമായി സെനറ്റിൽ റിപ്പബ്ലിക്കൻമാർക്കു ഭൂരിപക്ഷം ലഭിച്ചു. 100 സീറ്റുകളുള്ള സെനറ്റിൽ കേവല ഭൂരിപക്ഷത്തിനു വേണ്ടത് 51 സീറ്റാണ്. ജനപ്രതിനിധി സഭയിലും റിപ്പബ്ലിക്കൻമാർ ഭൂരിപക്ഷം നേടുമെന്നാണു സൂചന. സെനറ്റിനൊപ്പം ജനപ്രതിനിധി സഭയിലും റിപ്പബ്ലിക്കൻ പാർട്ടി ഭൂരിപക്ഷം നേടുന്നത് ഡോണൾഡ് ട്രംപിനെ കൂടുതൽ കരുത്തനാക്കും.
“സുവർണയുഗം സൃഷ്ടിക്കും”
വാഷിംഗ്ടൺ: അമേരിക്കന്‍ ജനതയുടെ മഹത്തായ വിജയമെന്നാണു പ്രസിഡന്റ് പദവിയിലേക്കുള്ള തിരിച്ചുവരവിനെ ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ചത്. ഇന്നലെ പുലർച്ചെ ഫ്ളോറിഡയിലെ പാം ബീച്ചിലെ പാം ബീച്ച് കണ്വന്ഷന് സെന്ററില്‍ ജനക്കൂട്ടത്തോടു സംസാരിക്കുകയായിരുന്നു ട്രംപ്.
അമേരിക്കയ്ക്ക് ഒരു സുവർണയുഗം വാഗ്ദാനം ചെയ്യുകയാണ്. അമേരിക്കയെ വീണ്ടും മഹത്തരമാക്കുന്നതിന് ഈ വിജയം സഹായിക്കുമെന്നും ട്രംപ് പറഞ്ഞു. ശക്തവും സമൃദ്ധവുമായൊരു അമേരിക്ക കെട്ടിപ്പടുക്കും വരെ വിശ്രമമില്ല. എല്ലാ ദിവസവും ശരീരത്തിലെ ഓരോ ജീവശ്വാസവും ജനങ്ങള്‍ക്കുവേണ്ടി പോരാടാന്‍ ഉപയോഗിക്കും. നമ്മുടെ രാജ്യത്തെ സഹായിക്കാന്‍ പോകുകയാണ് നാം.
നമ്മുടെ അതിര്‍ത്തികള്‍ ഉറപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. തന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച ശതകോടീശ്വരന്‍ ഇലോണ്‍ മസ്കിനെ പുതിയൊരു നക്ഷത്രത്തിന്റെ പിറവിയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ഭാര്യ മെലാനിയ ഉൾപ്പെടെ കുടുംബാംഗങ്ങളും വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജെ.ഡി. വാന്‍സ്, ഭാര്യയും ഇന്ത്യൻ വംശജയുമായ ഉഷ എന്നിവരും ട്രംപിനൊപ്പമുണ്ടായിരുന്നു.