അമേരിക്കൻ തെരഞ്ഞെടുപ്പിനു മുന്പ് വെടിനിർത്തൽ: സാധ്യത മങ്ങി
Friday, November 1, 2024 11:47 PM IST
ബെയ്റൂട്ട്: വെടിനിർത്തലിനുള്ള അമേരിക്കൻ ശ്രമങ്ങൾക്കിടെ ഗാസയിലും ലബനനിലും ആക്രമണം തുടർന്ന് ഇസ്രയേൽ. വ്യാഴാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയുമായി ഗാസയിൽ ഇസ്രേലി സേന നടത്തിയ ആക്രമണങ്ങളിൽ 60 പേർ കൊല്ലപ്പെട്ടു.
സെൻട്രൽ ഗാസയിലെ ദെയ്ർ അൽ ബലാ നഗരം, നുസെയ്റത്ത് ക്യാന്പ്, അൽ സവയ്ദ പട്ടണം എന്നിവിടങ്ങളിൽ ആക്രമണമുണ്ടായി. നുസെയ്റത്തിൽ പലസ്തീൻകാർ അഭയം തേടിയ സ്കൂളിന്റെ കവാടത്തിലുണ്ടായ ആക്രമണത്തിൽ 10 പേർ മരിച്ചു. തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ ഒരു കാറിനു നേർക്കുണ്ടായ ആക്രമണത്തിലും 10 മരണം റിപ്പോർട്ട് ചെയ്തു.
അതേസമയം, ഗാസയിലെ സായുധ തീവ്രവാദികളെ വകവരുത്തിയതായി ഇസ്രേലി സേന അറിയിച്ചു.
ലബനീസ് തലസ്ഥാനമായ ബെയ്റൂട്ടിലും ഇസ്രേലി സേന ഇന്നലെ പുലർച്ചെ ബോംബിട്ടു. ബെയ്റൂട്ടിന്റ തെക്ക് ഹിസ്ബുള്ള ഭീകരരുടെ ശക്തികേന്ദ്രങ്ങളിലായിരുന്നു ആക്രമണം.
ആക്രമണം കുറയ്ക്കാൻ ഇസ്രേലി സേന തയാറാകാത്ത സാഹചര്യത്തിൽ ചൊവ്വാഴ്ചത്തെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു മുന്പായി ഗാസയിലോ ലബനനിലോ വെടിനിർത്തലുണ്ടാകാനുള്ള സാധ്യത മങ്ങി.
വെടിനിർത്തലിന്റെ കാര്യത്തിൽ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പിടിവാശി കാട്ടുകയാണെന്ന് ലബനീസ് പ്രധാനമന്ത്രി നജീബ് മിക്കാത്തി ആരോപിച്ചു. എന്നാൽ വെടിനിർത്തലിനല്ല, സുരക്ഷ ഉറപ്പാക്കുന്നതിലാണ് ഇസ്രയേൽ മുൻഗണന നല്കുന്നതെന്ന് നെതന്യാഹു വ്യക്തമാക്കി. ആക്രമണം തുടരുമെന്നു നെതന്യാഹു അമേരിക്കൻ നേതൃത്വത്തെ അറിയിച്ചതായും സൂചനയുണ്ട്.