തൃക്കാക്കര നഗരസഭയ്ക്ക് എട്ടു കോടി നഷ്ടമെന്ന്
1478885
Thursday, November 14, 2024 4:04 AM IST
കാക്കനാട്: തൃക്കാക്കര നഗരസഭയിൽ 2022-23 സാമ്പത്തിക വർഷത്തിലും 23-24അർധ സാമ്പത്തിക വർഷത്തിലും കെട്ടിട നികുതിപിരിവിൽ വൻ ഇടിവുണ്ടായതായി കണ്ടെത്തി.
ഓരോ വർഷവും കെട്ടിട നികുതിയിനത്തിൽ10 ശതമാനം വർധനവു വേണമെന്ന മാനദണ്ഡം അലംഭാവം മൂലം നടപ്പിലാക്കാൻ നഗരസഭാധികൃതർക്ക് കഴിഞ്ഞില്ലെന്ന കാരണം ചൂണ്ടിക്കാട്ടി നഗരസഭക്കു സർക്കാർ ഫണ്ടിനത്തിൽ ലഭിക്കേണ്ട എട്ടു കോടി രൂപ നഷ്ടപ്പെടുകയായിരുന്നെന്ന് പ്രതിപക്ഷ കൗൺസിലർമാരായ കെ.എക്സ്. സൈമൺ, എം.കെ. ചന്ദ്രബാബു, ഇ.പി. കാതരു കുഞ്ഞ് എന്നിവർ ആരോപിച്ചു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്കു ചേർന്ന അടിയന്തിര കൗൺസിലിലാണ് വാർഡുകളുടെ വികസന പദ്ധതികൾക്കായി ചെലവഴിക്കാൻ കഴിയുമായിരുന്ന ഭീമമായ തുക നഷ്ടമാക്കിയതെന്ന ആരോപണം ഉയർന്നത്.
നഗരസഭാ കെട്ടിടങ്ങളുടെ വാടകയിനത്തിലും നഗരസഭാ പരിധിയിലുള്ള കെട്ടിട നികുതി പിരിവിലും ഉണ്ടാവുന്ന അലംഭാവംമൂലം കോടിക്കണക്കിനു രൂപയാണ് നഗരസഭയ്ക്ക് ലഭിക്കാനുള്ളതെന്നും പ്രതിപക്ഷ നേതാക്കൾ പറഞ്ഞു.