അരീക്കൽ, കൂരുമല ടൂറിസം വികസനമരികെ
1478361
Tuesday, November 12, 2024 5:07 AM IST
പിറവം: അരീക്കൽ വെള്ളച്ചാട്ടത്തിലെയും കൂരുമലയിലെയും ടുറിസം വികസനത്തിന് പദ്ധതികൾ തയാറാക്കുന്നു. ഇലഞ്ഞിയിലെ കൂരുമല ടൂറിസം പദ്ധതിക്ക് ചുറ്റും സുരക്ഷാവേലി തീര്‍ക്കാനും സാഹസിക ടൂറിസം പദ്ധതിക്കായി തയാറാക്കിയ പ്രപ്പോസല്‍ സര്‍ക്കാരിന് സമര്‍പ്പിക്കാനും തീരുമാനിച്ചു. ഒരു കോടി രൂപയുടെ പ്രപ്പോസലാണ് സര്‍ക്കാരിലേക്ക് സമര്‍പ്പിക്കുന്നത്. സാഹസിക ടൂറിസത്തിന്റെ സാധ്യതകള്‍ കൂരുമാലയില് വിനിയോഗിക്കുക എന്നതാണ് ലക്ഷ്യമെന്ന് അനൂപ് ജേക്കബ് എംഎല്‍എ പറഞ്ഞു. സര്‍ക്കാരില്‍നിന്ന് അനുമതി ലഭിച്ചാല്‍ പദ്ധതി യാഥാഥ്യമാകും. ഇതുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പ് മന്ത്രിയുമായി ചര്‍ച്ച നടത്തും.
റോപ്പ് ക്ലൈമ്പിംഗ്, ഗ്ലാസ് ബ്രിഡ്ജ് തുടങ്ങിയവയാണ് ഇതിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വേനല്‍ക്കാലത്ത് പാമ്പാക്കുട അരീക്കല്‍ ടൂറിസം പദ്ധതിയില്‍ ജലം എത്തിക്കാനുള്ള ക്രമീകരണം ഏര്പ്പെടുത്തുന്നതിലേക്കായുള്ള എസ്റ്റിമേറ്റ് തയാറാക്കൽ പുരോഗമിക്കുകയാണ്. ഇതിനുള്ള തുക എംഎല്‍എ ഫണ്ടില്‍നിന്ന് ലഭ്യമാക്കും. ഒപ്പം തന്നെ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ശുചിമുറിയും മറ്റ് അനുബന്ധ സൗകര്യങ്ങളുംകൂടി മെച്ചപ്പെടുത്തും. രണ്ട് പദ്ധതിയുടെയും പുറമ്പോക്ക് ഭൂമി അളന്നു തിട്ടപ്പെടുത്താന്‍ നടപടികള്‍ സ്വീകരിക്കാന്‍ കളക്ടറോട് ആവശ്യപ്പെട്ടതായും എംഎല്‍എ അറിയിച്ചു.
പദ്ധതികളുടെ വിപുലീകരണവുമായി ബന്ധപ്പെട്ട് അനൂപ് ജേക്കബ് എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് തീരുമാനങ്ങളായത്. ഇലഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് പ്രീതി അനില്‍, പാമ്പാക്കുട പഞ്ചായത്ത് പ്രസിഡന്റ് ശ്രീകാന്ത് നന്ദനന്‍, വൈസ് പ്രസിഡന്റ് ശ്യാമള പ്രസാദ്, തോമസ് തടത്തില്‍, എം.പി. ജോസഫ്, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.