ആരക്കുഴ മൂഴിയിൽ അയ്യപ്പന്മാർക്ക് ദുരിതം
1478351
Tuesday, November 12, 2024 5:07 AM IST
ആരക്കുഴ: ശബരിമല തീർഥാടകരുടെ ഇടത്താവളങ്ങളിൽ ഒന്നായ ആരക്കുഴ മൂഴിയിൽ അയ്യപ്പഭക്തർക്ക് ഇക്കുറിയും ദുരിതം. ഇവിടെ ക്യാമ്പ് ചെയ്യുന്നവർക്ക് പ്രാഥമിക കൃത്യങ്ങൾക്കായി നിർമിച്ച ശൗചാലയം ഈ വർഷവും തുറന്നു കൊടുക്കാൻ നടപടിയില്ല. വർഷങ്ങൾക്കു മുൻപ് നിർമാണം പൂർത്തിയാക്കിയ ശൗചാലയം അടച്ചിട്ടിരിക്കുന്നതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
പുഴയോരത്തുള്ള ശുചിമുറി ഉപയോഗിക്കുന്നത് പുഴവെള്ളം മലിനമാകാൻ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യ വകുപ്പാണ് ശൗചാലയം തുറക്കുന്നതിന് തടസം നിൽക്കുന്നത്. ആധുനിക രീതിയിലുള്ള സെപ്റ്റിക് ടാങ്കോടെയാണു ശൗചാലയം നിർമിച്ചിരിക്കുന്നതെന്നും മലിനീകരണ പ്രശ്നം ഉണ്ടാകില്ലെന്നും പഞ്ചായത്ത് അധികൃതർ പറയുന്നു.\
ശബരിമല സീസൺ ആരംഭിച്ചതോടെ കാൽനടയായും വാഹനങ്ങളിലും നൂറുകണക്കിന് അയ്യപ്പഭക്തരാണ് ദിവസവും ആരക്കുഴ മൂഴിപ്പാലത്തിനു സമീപമെത്തി ക്യാമ്പ് ചെയ്യുന്നത്. ഇവർ പുഴയിൽ കുളിക്കുകയും ഭക്ഷണം പാചകം ചെയ്ത് കഴിക്കുകയും ദീർഘനേരം വിശ്രമിക്കുകയും ചെയ്ത ശേഷമാണ് യാത്ര തുടരുന്നത്. പ്രാഥമിക കൃത്യങ്ങൾക്ക് സൗകര്യമില്ലാത്തതിനാൽ പുഴക്കരയിൽതന്നെയാണ് ഇവർ കാര്യം സാധിക്കുന്നത്. ഇതുമൂലം പുഴയും പരിസരവും മലിനമാകുന്നു. നാട്ടുകാർക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
ശൗചാലയം തുറന്നു കൊടുത്താൽ മലിനീകരണ പ്രശ്നം ഉണ്ടാകുമെന്ന് പറയുന്ന അധികൃതർ ഇക്കാര്യത്തിൽ നടപടിയൊന്നും എടുക്കുന്നുമില്ല. അയ്യപ്പഭക്തർക്ക് ഉചിതമായ സൗകര്യങ്ങൾ ഒരുക്കുകയും മൂഴിയിലെ മലിനീകരണ പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണുകയും ചെയ്യണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.