പ്രവാസികളിൽ നിന്ന് പണം തട്ടിയ യുവാവ് കുടുങ്ങി
1478364
Tuesday, November 12, 2024 5:07 AM IST
കാക്കനാട്: യുഎഇ അടക്കമുള്ള രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസി മലയാളികൾക്ക് നടിമാരെ എസ്കോർട്ടിനു തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിൽ കൊല്ലം സ്വദേശി ശ്യാം മോഹൻ (38)കൊച്ചി സൈബർ പോലീസ് അറസ്റ്റ് ചെയ്തു. കടവന്ത്രയിൽ ലാനെയിൽ എന്ന പേരിൽ ടാറ്റു സ്ഥാപനം നടത്തിയിരുന്ന ഇയാൾ എളമക്കരയിൽ വാടകയ്ക്കു താമസിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
രണ്ടു യുവ നടികളുടെ പേരുകൾ ഉൾപ്പെടുത്തി ഇൻസ്റ്റയിലും മറ്റും പരസ്യം നൽകിയാണിയാൾ ഇരകളെ കണ്ടെത്തിയിരുന്നത്. നടികൾ വിദേശ സന്ദർശനത്തിനെത്തുമ്പോൾ ആവശ്യക്കാർക്കൊപ്പം ഒരു ദിവസം ചെലവഴിക്കാൻ അവസരം നൽകാമെന്നു പറഞ്ഞ് ഫോൺനമ്പറും, ബാങ്ക് ഡീറ്റയിൽസും നൽകിയായിരുന്നു തട്ടിപ്പ്. 20000 രൂപ മുതൽ 30000 രൂപവരെ അഡ്വാൻസായും കൈപ്പറ്റിയിരുന്നു.
ഒട്ടേറെപ്പേർ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെങ്കിലും ആരും പരാതിപ്പെട്ടില്ല. തങ്ങളുടെ പേരുപയോഗിച്ച് ഇത്തരം തട്ടിപ്പുകൾ നടത്തുന്നതായ ശ്രദ്ധയിൽ പെട്ട രണ്ടു യുവനടികൾ പരാതിപ്പെട്ടതോടെ ഇടപാടുകാരെന്ന വ്യാജേന സൈബർ പോലീസ് ഇയാളെ വലയിലാക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡു ചെയ്തു.