ദുരന്ത നിവാരണ പദ്ധതി പരിശീലനം പങ്കാളിത്തമില്ലാതെ താളം തെറ്റി
1478698
Wednesday, November 13, 2024 5:20 AM IST
മൂവാറ്റുപുഴ: ദുരന്ത നിവാരണ പദ്ധതി പരിശീലനം ആളില്ലാ പരിപാടിയായി മാറി. ഇന്നലെ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടത്തിയ ജില്ലയിലെ മൂന്നു ബ്ലോക്കുകളിൽപ്പെട്ട 19 പഞ്ചായത്തിൽ നിന്നുള്ള ഇരുന്നൂറോളം പേർ പങ്കെടുക്കേണ്ട പരിശീല പരിപാടിയുടെ ഭാഗമായത് ഇരുപതിൽ താഴെ ആളുകൾ മാത്രം.
പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, പ്ലാൻ ക്ലാർക്ക്, പ്രൊജക്ട് നിവാരണ ഉദ്യോഗസ്ഥൻ, ദുരന്ത നിവാരണ വർക്കിംഗ് ഗ്രൂപ്പ് തുടങ്ങി ഓരോ പഞ്ചായത്തിൽനിന്നും ഉദ്യോഗസ്ഥർ അടക്കം 190 ഓളം പേരും കിലയിലെ ഉദ്യോഗസ്ഥരടക്കം 200 ഓളം പേരും പങ്കെടുക്കേണ്ട പരിശീലവ ക്ലാസിലാണ് നാമമാത്രമായ ഇരുപതിൽ താഴെ ആളുകൾ പങ്കെടുത്തത്. മഴുവന്നൂർ, മഞ്ഞള്ളൂർ, വാളകം, കല്ലൂർക്കാട്, ഇലഞ്ഞി, രാമമംഗലം, തിരുമാറാടി, പാലക്കുഴ, പാന്പാക്കുട എന്നീ പഞ്ചായത്തുകളിൽനിന്ന് ഒരാൾ പോലും പങ്കെടുത്തില്ല. വേണ്ടത്ര പ്രാധാന്യം വിഷയത്തിൽ നല്കാത്തതാണ് ഇതുപോലെ ആളുകൾ പങ്കെടുക്കാത്ത അവസ്ഥ ഉണ്ടായതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. 2018ലെ പ്രളയത്തിന് ശേഷം പതിമൂന്നാമത്തെ വർക്കിംഗ് ഗ്രൂപ്പായി ദുരന്ത നിവാരണ പദ്ധതിയെ സർക്കാർ ഏറെ പ്രാധാന്യത്തോടെ കൊണ്ടുവന്നെങ്കിലും ഉത്തരവാദിത്വപ്പെട്ടവർ വേണ്ടത്ര രീതിയിൽ ഇതിനെ ഉപയോഗപ്പെടുത്താതെ അവഗണിക്കുകയാണെന്നും ആരോപണയുമർന്നിട്ടിണ്ട്.
വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലും കാലാവസ്ഥ വ്യതിയാനങ്ങളുടെ ഫലമായും ദുരന്തങ്ങൾ കേരളത്തിൽ ആവർത്തിക്കപ്പെടുന്പോൾ വേണ്ട രീതിയുള്ള പ്രാധാന്യം ദുരന്ത നിവാരണ വിഷയത്തിൽ ഉത്തരവാദിത്വപ്പെട്ടവർ കാണിക്കുന്നില്ലെന്നും ആരോപണമുണ്ട്. ഇരുന്നൂറോളം പേർക്കായി കരുതിയ ഭക്ഷണമടക്കമുള്ളവ പാഴായി പോകുന്ന അവസ്ഥയാണുണ്ടായത്. അതേസമയം പഞ്ചായത്തിൽ ഇന്നലെ ഹരിത സഭ, ഭൂമി തരംമാറ്റ അദാലത്ത് തുടങ്ങിയതിന്റെ പരിശീലനവും യോഗവും മറ്റും ഉണ്ടായത് കൊണ്ടാണ് ആളുകൾ വരാതിരുന്നതെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. പരിശീലനം നടത്തേണ്ട കമ്മിറ്റികൾ ഇതിൽ വേണ്ടത്ര ശ്രദ്ധ പുലർത്താതിരുന്നതും മുൻകൂട്ടി തീയതി അറിയിക്കാത്തതുമാണ് ദുരന്ത നിവാരണ പരിശീലന പരിപാടിയിൽ പങ്കാളിത്തം കുറയാൻ കാരണമായതെന്നുമാണ് പരിശീലനത്തിന് വരേണ്ട ഉത്തരവദിത്വപ്പെട്ടവർ പറയുന്നത്.