കൂവപ്പടി ബ്ലോക്കിൽ കൊക്കോഗ്രാമം പദ്ധതിക്കു തുടക്കമായി
1478694
Wednesday, November 13, 2024 5:20 AM IST
പെരുമ്പാവൂര്‍: കൂവപ്പടി ബ്ലോക്ക് പഞ്ചായത്തില്‍ കാര്‍ഷിക വ്യാപന പദ്ധതിയായ കൊക്കോ ഗ്രാമം പദ്ധതിക്ക് തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി അജിത് കുമാര്‍ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് അംബിക മുരളീധരന് അധ്യക്ഷത വഹിച്ചു.
കൊക്കോ, കമുക് തൈകളാണ് പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്നത്. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആറു പഞ്ചായത്തുകളില്‍ കര്‍ഷകര്‍ക്ക് തൈകള്‍ ലഭ്യമാക്കും. അറുപതിനായിരം കൊക്കോ, കമുക് തൈകള്‍ പദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍ക്ക് നല്‍കും. ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ അനുവദിച്ചാണ് പദ്ധതി തയാറാക്കിയതെന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ വരുന്ന കൃഷി ഓഫിസുകള്‍ മുഖേനെയാണ് തൈകള്‍ നല്‍കുന്നത്.
ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന 150 ഏക്കര്‍ കൃഷി ഭൂമിയില്‍ പദ്ധതി നടപ്പിലാക്കാനാണ് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. വനിതകള്‍ക്ക് 75 ശതമാനം സബ്സിഡി നല്‍കും. എഫ് വണ്‍, ഇന്റര്‍ സി മംഗള ഇനങ്ങളില്‍പ്പെട്ട തൈകളാണ് വിതരണം ചെയ്യുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. അവറാച്ചന്, മായ കൃഷ്ണകുമാര്‍, ശില്പ സുധീഷ്, ഷിജി ഷാജി തുടങ്ങിയവർ പങ്കെടുത്തു.