"ഓംപ്രകാശിന്റെ മുറിയില്‍ കൊക്കെയ്ൻ സാന്നിധ്യം'
1478687
Wednesday, November 13, 2024 5:20 AM IST
കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓംപ്രകാശ് പ്രതിയായ ലഹരിക്കേസില്‍ കൊക്കെയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ട്. ഇതോടെ മരടിലെ ഹോട്ടലില്‍ നടന്നത് ലഹരി പാര്‍ട്ടിയാണെന്ന വിലയിരുത്തലിലേക്ക് പോലീസെത്തി.
റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് എന്‍ഡിപിഎസ് ആക്ട് പ്രകാരം കൊച്ചി സിറ്റി പോലീസ് നടപടികള്‍ ആരംഭിച്ചു.
കൊക്കെയ്ന്റെ ഉറവിടം കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കിയതായി കൊച്ചി ഡിസിപി കെ.എസ്. സുദര്ശന് പറഞ്ഞു. സംഭവദിവസം തന്നെ അന്വേഷണ സംഘം ഹോട്ടലില്‍ ഓംപ്രകാശ് താമസിച്ചിരുന്ന മുറിയില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട് നടന് ശ്രീനാഥ് ഭാസി, നടി പ്രയാഗ മാര്ട്ടിന് എന്നിവരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ലഹരി പാര്‍ട്ടിയിയില്‍ പങ്കെടുത്തിട്ടില്ലെന്നും ഓം പ്രകാശുമായി ബന്ധമില്ലെന്നുമാണ് താരങ്ങള്‍ നല്കിയ മൊഴി. ഇവര്‍ക്ക് ലഹരിക്കേസില്‍ ബന്ധമില്ലെന്ന് പിന്നീട് പോലീസ് കണ്ടെത്തിയിരുന്നു.
ഓംപ്രകാശ്, ഇയാളുടെ സുഹൃത്ത് ഷിഹാസ് എന്നിവരെയാണ് കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്.
പിന്നീട് കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചു. കൊക്കെയ്ന്‍ ഉപയോഗിച്ചതായി തെളിയിക്കാനാകാത്തതിനെ തുടര്‍ന്നാണ് എറണാകുളം മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.
എന്നാല്‍ ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഓം പ്രകാശിന്റെ ജാമ്യം റദ്ദാക്കാന്‍ പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയേക്കും. കഴിഞ്ഞ ഒക്ടോബര്‍ ആറിനാണ് ഓം പ്രകാശ് താമസിച്ചിരുന്ന മരടിലെ ഹോട്ടലില്‍ ലഹരിപ്പാര്‍ട്ടി നടക്കുന്നുവെന്ന രഹസ്യവിവരത്തെതുടര്‍ന്ന് പോലീസ് പരിശോധന നടത്തിയത്.
ഓം പ്രകാശും സുഹൃത്ത് കൊല്ലം സ്വദേശി ഷിഹാസും താമസിച്ചിരുന്ന മുറിയില്‍ നിന്ന് കൂടുതല്‍ അളവില്‍ മദ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് മരട് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു.
സ്ത്രീകളടക്കം ഇരുപതോളംപേര്‍ ഓംപ്രകാശിന്റെ മുറിയിലെത്തിയെന്ന് മരട് പോലീസ് കോടതിയില്‍ നല്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.