സെൻസ് ഇല്ലാതെ സെൻസർ ചെയ്യപ്പെടുകയാണോ നമ്മുടെ പല സിനിമകളും? അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പ്രകാരം കുട്ടികളെ ഒരു തരത്തിലും കാണാൻ അനുവദിക്കരുതാത്ത ചലച്ചിത്രങ്ങൾക്കു പോലും യു/എ സർട്ടിഫിക്കേഷൻ നൽകി വിടുകയാണ് സെൻസർ ബോർഡ്. സിനിമയിൽ അക്രമത്തിന്റെയുംക്രൂരതകളുടെയും ദൃശ്യങ്ങൾ പരിധിവിടുന്പോൾ സമൂഹം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വയലന്റ് മൂവി എന്ന വിശേഷണവുമായാണ് "മാർക്കോ' എന്ന ചലച്ചിത്രം കഴിഞ്ഞയിടെ പുറത്തിറങ്ങിയത്. അതിന്റെ പിന്നണി പ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ക്രിസ്മസ് ആശംസാ കാർഡിലെ ചിത്രം ഒരു വൈൻ ഗ്ലാസിൽ പകുതിയോളമെത്തി നിൽക്കുന്ന രക്തവും അതു പിടിച്ചിരിക്കുന്ന രക്തമൊഴുകുന്ന കരവുമായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ ക്രൂരതകളുടെ സിനിമയെന്ന അവരുടെ അവകാശവാദം അക്ഷരാർഥത്തിൽ ശരിയായിരുന്നു.
ഒരുപക്ഷേ, ലോക സിനിമാ ചരിത്രത്തിൽത്തന്നെ ജനപ്രിയ ആക്ഷൻ ചലച്ചിത്രങ്ങളിൽ ഇത്രയേറെ കൊടും ക്രൂരതകൾ മറയില്ലാതെ കാണികൾക്കു മുന്നിൽ അവതരിപ്പിച്ച മറ്റൊരു ചലച്ചിത്രമുണ്ടോയെന്ന് സംശയം. എന്നാൽ, ഈ ക്രിസ്മസ് കാലത്തു കേരളത്തിൽ ഏറ്റവുമധികം കാണികളുണ്ടായതും ഇതേ ചലച്ചിത്രത്തിനാണ്. വിരലിലെണ്ണാവുന്ന ദിനങ്ങൾക്കുള്ളിൽ മാർക്കോ മുടക്കുമുതൽ തിരികെ പിടിച്ചെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
കുട്ടികളും കയറി
ഗർഭിണിയെയും കൊച്ചുകുട്ടികളെയും പോലും ക്രൂരമായി കൊലപ്പെടുത്തുന്നതായി ചിത്രീകരിക്കുന്ന ചലച്ചിത്രം ആവേശത്തോടെ കണ്ട പതിനായിരങ്ങളിൽ ബഹുഭൂരിപക്ഷവും ആൺപെൺ ഭേദമില്ലാത്ത യുവജനങ്ങളാണ്. 18 വയസിൽ താഴെയുള്ളവരും ദുർബല മനസ്കരും ഈ ചലച്ചിത്രം കാണരുത് എന്ന മുന്നറിയിപ്പ് വ്യക്തമായി പറഞ്ഞിരുന്നെങ്കിലും മാതാപിതാക്കൾ കുട്ടികളുമൊത്തു പല തിയറ്ററുകളിലും കാണാൻ കയറി എന്നുള്ളതു ഞെട്ടിക്കുന്ന വസ്തുതയാണ്. കൗമാരക്കാർ അല്ലാതെയും സംഘം ചേർന്ന് എത്തിയെന്നു പറയുന്നു. കുട്ടികൾ കാഴ്ചക്കാരായെത്തുന്നതു തടയാൻ തിയറ്റർ മാനേജ്മെന്റുകൾക്കു ബാധ്യതയുണ്ടായിരുന്നെങ്കിലും അതു പാലിക്കപ്പെടാതെ പോയ തിയറ്ററുകൾ പലതുണ്ട്. ഇക്കാര്യത്തിൽ ചില കേസുകളും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.
സാധാരണ മനുഷ്യർക്കു കണ്ടിരിക്കാനാവാത്ത വയലൻസും ക്രൂരതകളും കുട്ടികൾ ഒരിക്കലും കാണാൻപാടില്ലാത്ത വിധമുള്ള മറ്റു വിഷയങ്ങളും ഉൾപ്പെടുന്ന ചലച്ചിത്രങ്ങൾ ഹോളിവുഡ് മുതലുള്ള വിദേശ സിനിമകളിലും ഇന്ത്യയിൽത്തന്നെ വിവിധ ഭാഷകളിലും ധാരാളം പുറത്തിറങ്ങിയിട്ടുണ്ട്. സമീപകാലത്തു ഹിന്ദിയിലിറങ്ങിയ "കിൽ''അത്തരമുള്ള ഇന്ത്യൻ സിനിമകൾക്ക് ഉദാഹരണമാണ്.
1994ലെ വിഖ്യാത ഇംഗ്ലീഷ് ചലച്ചിത്രമായ "പൾപ്പ് ഫിക്ഷൻ' മുതൽ ഒട്ടനവധി ചലച്ചിത്രങ്ങൾ ഹോളിവുഡിലും ഇറങ്ങിയിട്ടുണ്ട്. ഇംഗ്ലീഷ് സിനിമകൾ വ്യത്യസ്ത ജോണറുകളിൽ വിവിധ രീതികളിൽ റിലീസ് ചെയ്യുന്നവയായതിനാൽ വ്യക്തമായ തരംതിരിവുകളോടെയുള്ള വിവേചനബുദ്ധി പ്രേക്ഷകർതന്നെ പ്രകടിപ്പിക്കാറുണ്ട്.
ഭീകര (Horror) സിനിമകൾ എന്ന പ്രത്യേക വിഭാഗത്തിൽ സാമാന്യ പ്രേക്ഷകർക്ക് ഉൾക്കൊള്ളാനാവാത്ത ദൃശ്യങ്ങൾ ഉൾപ്പെടുന്ന നിരവധി ചലച്ചിത്രങ്ങൾ ഹോളിവുഡിൽനിന്നു പുറത്തുവന്നിട്ടുണ്ട്. സെക്ഷ്വൽ കണ്ടന്റുകളുടെ കാര്യത്തിലും അപ്രകാരംതന്നെ. അവയെല്ലാം നിയമം മൂലവും പ്രേക്ഷകരുടെ വിവേചനാ ശേഷിയോടെയും കുട്ടികളിൽനിന്ന് അകറ്റി നിർത്തപ്പെട്ടിട്ടുണ്ട്. തത്പരരായ ഒരു വിഭാഗം മാത്രമാണ് അത്തരം ചലച്ചിത്രങ്ങളുടെ പ്രേക്ഷകർ.
ഇവിടെയാണ് താരതമ്യേന വളരെ ചെറുതായ മലയാളം ഫിലിം ഇൻഡസ്ട്രിയെക്കുറിച്ചു പ്രത്യേകമായി ചിന്തിക്കേണ്ടത്. ഇവിടെയും വിവിധ ജോണറുകളുണ്ടെങ്കിലും അതൊന്നുംതന്നെ കാഴ്ചക്കാരുടെ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കുംവിധം പ്രകടമല്ല. ചില ട്രെൻഡുകൾക്കു പിന്നാലെ സഞ്ചരിക്കുന്നവരാണ് പ്രായഭേദമില്ലാതെ ഏറിയ പങ്ക് മലയാളി പ്രേക്ഷകരും.
വയലൻസിനും ലഹരി ഉപയോഗത്തിനും വലിയ സ്ഥാനം നൽകിയ "ആവേശം' കൊച്ചുകുട്ടികൾക്കുൾപ്പെടെ ഹരമായി മാറിയ ഒരു ചലച്ചിത്രമാണ്. ഈ വർഷത്തെ ബ്ലോക്ക് ബസ്റ്ററുകളിൽ ഒന്നായിരുന്ന "മഞ്ഞുമ്മൽ ബോയ്സും' പരിധിവിട്ട മദ്യപാനശീലത്തെ സാമാന്യവത്കരിച്ച ഒരു ചലച്ചിത്രമായിരുന്നു. പ്രശസ്ത എഴുത്തുകാരൻ ജയമോഹൻ "കുടികാര പൊറുക്കികളിൻ കൂത്താട്ടം' എന്ന് ആ സിനിമയെ വിശേഷിപ്പിച്ചതിനെ മലയാളികൾ സമൂഹമാധ്യമങ്ങളിൽ അത്യന്തം അസഹിഷ്ണുതയോടെ വിമർശിച്ചിരുന്നു.
മലയാളികളുടെ പ്രശ്നം
പ്രത്യേകമായ വേർതിരിവുകളില്ലാതെ എല്ലാത്തരം ചലച്ചിത്രങ്ങളെയും ഒരുപോലെ സമീപിക്കുന്ന മലയാളികളുടെ ശൈലി ആരോഗ്യകരമല്ല. പരിധികളില്ലാതെ അക്രമങ്ങളും മറ്റ് അഡൽട്ട് കണ്ടന്റുകളും അടങ്ങുന്ന ചലച്ചിത്രങ്ങൾ കുട്ടികൾ ഉൾപ്പെടെയുള്ള പ്രേക്ഷകർക്കു സുസ്വീകാര്യമാകുന്ന ഇന്നത്തെ പ്രവണത അത്യന്തം ദോഷകരമാണ്. സെൻസർ ബോർഡ് നിർദേശിക്കുന്ന മാനദണ്ഡങ്ങൾ തുടർച്ചയായി ലംഘിക്കപ്പെടുന്നതും ഹോളിവുഡ് സിനിമകളിലും രാജ്യാന്തര ഒടിടി പ്ലാറ്റ്ഫോമുകളിലും കർശന നിയന്ത്രണങ്ങൾ പാലിക്കപ്പെടാതെ പോകുന്നതും വിചിന്തനം ആവശ്യമുള്ള കാര്യങ്ങളാണ്.
കുട്ടികൾ കാണേണ്ടത്
ഹോളിവുഡ് സിനിമകൾക്കു ബാധകമായ നിയമങ്ങൾ പ്രകാരം അമേരിക്കയിൽ G, PG, PG -13, R, NC - 17 എന്നീ വിഭാഗങ്ങളുണ്ട്. നെറ്റ്ഫ്ലിക്സ്, ആമസോൺ പോലുള്ള ഒടിടി കമ്പനികളും പിന്തുടരുന്നത് ആ മാനദണ്ഡങ്ങളാണ്. ആദ്യത്തെ രണ്ട് വിഭാഗത്തിൽപ്പെട്ട ചലച്ചിത്രങ്ങൾ മാത്രമാണ് കുട്ടികൾക്ക് അനുവദനീയമായുള്ളത്. "മാർക്കോ'' എന്ന ചലച്ചിത്രം അമേരിക്കയിൽ പ്രദർശനത്തിനെത്തിയാൽ അതിന്റെ കാറ്റഗറി NC - 17 ആയിരിക്കും.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പ്രകാരം ഒടിടി പ്ലാറ്റ്ഫോമുകളിൽ പോലും കുട്ടികൾക്കു വേണ്ടി നിർമിക്കപ്പെട്ടതല്ലാത്ത ചലച്ചിത്രങ്ങൾ അവരിലേക്ക് എത്താതിരിക്കാനുള്ള സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടാണ് നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം പോലുള്ള ഒടിടി പ്ലാറ്റ്ഫോമുകൾ കുട്ടികൾക്കു പ്രത്യേകം പ്രൊഫൈലുകൾ ക്രിയേറ്റ് ചെയ്യാനുള്ള ഓപ്ഷൻ നൽകിയിരിക്കുന്നത്. മുതിർന്നവരുടെ പ്രൊഫൈലുകൾ പാസ്വേർഡ് ഉപയോഗിച്ചു ലോക്ക് ചെയ്യാനും സാധിക്കും.
വ്യത്യസ്ത ജോണറുകളിൽ ആയിരക്കണക്കിനു സിനിമകൾ ഓരോ വർഷവും റിലീസാകുന്ന ഇംഗ്ലീഷ് ഫിലിം ഇൻഡസ്ട്രി കുട്ടികളെ വളരെ പ്രത്യേകം പരിഗണിക്കുന്നുണ്ട്. അവർക്കുവേണ്ടി നിർമിക്കപ്പെടുന്ന ചലച്ചിത്രങ്ങളാണ് ഏറ്റവും ചെലവേറിയവയും. ഇപ്പോൾ കേരളത്തിലും വിജയകരമായി പ്രദർശിപ്പിക്കപ്പെടുന്ന "മുഫാസ' എന്ന ആനിമേഷൻ ചലച്ചിത്രത്തിന്റെ മുതൽ മുടക്ക് 200 മില്യൺ ഡോളർ അഥവാ 1,264 കോടി രൂപയാണ്. അതേസമയം, കുട്ടികൾക്കുവേണ്ടി ഈ വർഷം മലയാളത്തിൽ നിർമിക്കപ്പെട്ട ഏക ചലച്ചിത്രമായ "ബറോസി'ന്റെ മുതൽ മുടക്ക് 50 കോടി രൂപയാണ്.കുട്ടികൾ എന്തു കാണണം, ജനപ്രിയ ചിത്രമായി ഏതു ചലച്ചിത്രം പരിഗണിക്കപ്പെടണം എന്നീ ചോദ്യങ്ങൾക്കു നാം മലയാളികൾ ഇനിയും ഒരു ഉത്തരം കണ്ടെത്തേണ്ടതുണ്ട്.
അതിൽ പ്രമുഖ മാധ്യമങ്ങൾക്കും സോഷ്യൽ മീഡിയ ഹാൻഡിലുകൾക്കും വലിയ ഉത്തരവാദിത്വമുണ്ട്. എന്തുകൊണ്ടാണ് അക്രമങ്ങൾ നിറഞ്ഞ ചലച്ചിത്രങ്ങൾ കാണുന്നതിൽ കുട്ടികൾക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടത് എന്നുള്ളതിന് ഒട്ടേറെ അന്തർദേശീയ പഠന റിപ്പോർട്ടുകൾ മറുപടി പറയും. അക്രമങ്ങളും ലഹരി ഉപയോഗവും നിറഞ്ഞുനിൽക്കുന്ന ചലച്ചിത്രങ്ങൾ ഹരമായി മാറിയാൽ അതു വ്യക്തിത്വത്തെത്തന്നെ ബാധിച്ചേക്കാം. പ്രത്യേകമായി കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തെ അത്തരം ചലച്ചിത്രങ്ങൾ സ്വാധീനിക്കുകയും തെറ്റായ ധാരണകൾ അവരിൽ രൂപപ്പെടുകയും ചെയ്യും.
അക്രമവും ലഹരിയും കുട്ടികളും
അക്രമം, ലഹരി ഉപയോഗം, സെക്ഷ്വൽ കണ്ടന്റുകൾ തുടങ്ങിയവ പരിധികൾ ലംഘിച്ച ഒട്ടേറെ ചലച്ചിത്രങ്ങൾ 2024ൽ മലയാളത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. ആവേശം, മഞ്ഞുമ്മേൽ ബോയ്സ്, പണി, മുറ തുടങ്ങിയ ഹിറ്റ് ചലച്ചിത്രങ്ങൾ ഉദാഹരണങ്ങൾ മാത്രം. ആ പട്ടികയിൽ ഏറ്റവും ഒടുവിലേതാണ് "മാർക്കോ". ലോക സിനിമയിലെ എല്ലാത്തരം ചലച്ചിത്രങ്ങളും മലയാളത്തിലും വേണം എന്നു പറയുമ്പോഴും കാഴ്ചക്കാരനു വേണ്ട വിവേചനാശക്തി കാത്തുസൂക്ഷിക്കുക വളരെ പ്രധാനം. പ്രത്യേകിച്ച് ഇത്തരം ചലച്ചിത്രങ്ങൾ കുട്ടികൾക്കു മുന്നിലേക്ക് എത്തിച്ചേരുന്നില്ല എന്നുറപ്പാക്കാൻ മാതാപിതാക്കൾ പ്രത്യേക ശ്രദ്ധ പുലർത്തണം.
ഇത്തരം ചലച്ചിത്രങ്ങൾ തിയറ്ററിൽ കണ്ടില്ലെങ്കിലും ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ആകുമ്പോൾ കുട്ടികളും വീണ്ടും വീണ്ടും കാണുന്ന സാഹചര്യം പൊതുവെയുണ്ട്. സോഷ്യൽ മീഡിയയിലെ റീൽസും ഷോട്ട്സും വഴിയായി കുട്ടികൾ ഇത്തരം ചലച്ചിത്രങ്ങളിലേക്ക് ആകർഷിക്കപ്പെടുന്ന പ്രവണതയുമുണ്ട്. ഇവിടെ മാതാപിതാക്കൾ ശ്രദ്ധിക്കുകതന്നെ വേണം.
സെൻസില്ലാതെ സെൻസർി
സിനിമറ്റോഗ്രാഫ് നിയമം,1952 ആണ് ഇന്ത്യയിൽ സെൻസർ ബോർഡിന്റെ പ്രവർത്തനങ്ങൾക്കും മാനദണ്ഡങ്ങൾക്കും ആധാരമായിരിക്കുന്നത്. ഐടി റൂൾസ് (അമൻഡ്മെന്റ്) 2021 ഒടിടി പ്ലാറ്റ്ഫോമുകളെയും സോഷ്യൽ മീഡിയയെയും നിയന്ത്രിക്കാൻ കഴിയുന്ന വിധത്തിൽ നിലവിലുണ്ട്. എന്നാൽ, സമീപകാലത്തു റിലീസ് ആയ ചില ചിത്രങ്ങൾക്കു യുക്തമായ സർട്ടിഫിക്കേഷൻ നൽകുന്നതിൽ പരിശോധന കമ്മിറ്റികൾക്കു വീഴ്ചകൾ സംഭവിച്ചതായി പരാതികൾ ഉയർന്നിട്ടുണ്ട്.
ഈ വർഷം റിലീസ് ആയ "മുറ'', "പണി'' തുടങ്ങിയ ചലച്ചിത്രങ്ങൾ U/A സർട്ടിഫിക്കറ്റുമായാണ് പ്രദർശനത്തിനെത്തിയത്. വളരെ രൂക്ഷമായ അക്രമ സീനുകൾ ഉൾപ്പെടുന്ന ചലച്ചിത്രങ്ങളായിരുന്നു അവ.കുടുംബ പ്രേക്ഷകർ കൊച്ചു കുട്ടികൾക്കൊപ്പം കൂട്ടത്തോടെ ഇത്തരം ചലച്ചിത്രങ്ങൾ കാണാനെത്തുന്ന പ്രവണത അനാരോഗ്യകരമാണ്.
ഒടിടി പ്ലാറ്റ്ഫോമുകളിലും സമൂഹ മാധ്യമങ്ങളിലും ഇത്തരം കണ്ടന്റുകൾക്കു നിയന്ത്രണം ആവശ്യമുണ്ട്. ഇപ്പോൾത്തന്നെ കേരളത്തിന്റെ മാനസികാരോഗ്യം വലിയ പ്രശ്നത്തിലാണെന്ന വിലയിരുത്തൽ ഉണ്ട്. വളർന്നു വരുന്ന തലമുറകളുടെ മാനസികാരോഗ്യത്തെ മുൻ നിർത്തിയെങ്കിലും നിയമങ്ങൾ ശരിയാംവിധം നടപ്പാക്കുന്നതിൽ സർക്കാർ സംവിധാനങ്ങളും ജുഡീഷറിയും ഉണർന്നു പ്രവർത്തിക്കണം.
ആർക്കൊക്കെ കാണാം?
ഐബിഎഫ്സി (സെൻസർ ബോർഡ്) മാനദണ്ഡങ്ങൾ പ്രകാരം ചലച്ചിത്രത്തിനു ലഭിക്കുന്ന സർട്ടിഫിക്കേഷൻ പല വിധമാണ്. യു, യു/എ, എ സർട്ടിഫിക്കറ്റുകളാണ് അവ. U (unrestricted) മാത്രമാണ് കൊച്ചുകുട്ടികളെ കാണിക്കാവുന്ന ചലച്ചിത്രങ്ങളുടെ സർട്ടിഫിക്കേഷൻ. U/A എന്നാൽ, മാതാപിതാക്കളുടെ മേൽനോട്ടത്തിൽ കുട്ടികളെയും കാണിക്കാവുന്ന ചലച്ചിത്രങ്ങൾ. അതേസമയം, A, 18 വയസിന് മുകളിലുള്ളവർക്കു മാത്രം കാണാൻ അനുമതിയുള്ളവ (മാർക്കോ A സർട്ടിഫൈഡ് ചലച്ചിത്രമാണ്) ആണ്. ഇപ്പോൾ "U' കാറ്റഗറിയിൽ പ്രദർശിപ്പിക്കപ്പെടുന്ന ഏക മലയാള ചലച്ചിത്രമാണ് മോഹൻലാൽ സംവിധാനം ചെയ്ത "ബറോസ്’.
വിനോദ് നെല്ലയ്ക്കൽ