തെക്കൻ ഓസ്ട്രിയയിലെ ഒരു പള്ളിക്കു സമീപം ഖനനം നടത്തിയ ഗവേഷകർ അമൂല്യമായ ചില ശേഷിപ്പുകൾ കണ്ടെത്തിയതായി വാർത്ത. 1,500 വർഷം പഴക്കമുള്ള ശേഷിപ്പുകൾ മോശയുടെ ജീവിതത്തിലെ ചില സംഭവങ്ങൾ ചിത്രീകരിക്കുന്നുണ്ടെന്നു ഗവേഷകർ.
ഇർഷെൻ മുനിസിപ്പാലിറ്റിയിലെ ബർഗ്ബഹൽ കുന്നിൻമുകളിലുള്ള ചാപ്പലിനുള്ളിലെ മാർബിളിൽ തീർത്ത ബലിപീഠത്തിനടിയിലാണ് ആനക്കൊന്പിൽ നിർമിച്ച, മോശ പത്തു കല്പനകൾ സ്വീകരിക്കുന്ന കൊത്തുപണികളുള്ള പെട്ടി കണ്ടെത്തിയത്. കരിന്തിയൻ ഡ്രാവ വാലിയുടെ ഭാഗമായ ഇവിടെ 2016 മുതൽ ഇൻസ്ബ്രൂക്ക് സർവകലാശാല ഖനനവും ഗവേഷണവും നടത്തുന്നുണ്ട്.
പഴയനിയമപ്രകാരം സീനായ് മലയുടെ മുകളിൽ പത്തു കല്പനകൾ സ്വീകരിക്കുന്ന മോശയുടെ ചിത്രീകരണമാണിതെന്നു പുരാവസ്തുഗവേഷകനായ ജെറാൾഡ് ഗ്രാബെർ പറയുന്നു. 2022ൽ നടത്തിയ ഖനനത്തിലാണ് ഇവ കണ്ടെടുക്കുന്നത്. ക്രൈസ്തവ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നവയാണ് ഇവയെന്നു കരുതുന്നു. ലോകമെമ്പാടും ഇത്തരത്തിലുള്ള 40 ആനക്കൊമ്പ് പെട്ടികളെക്കുറിച്ച് അറിവുണ്ട്.
തനിക്കറിയാവുന്നിടത്തോളം, 100 വർഷം മുന്പു നടത്തിയ ഖനനത്തിനിടെയാണ് ഇവയിലൊന്നു കണ്ടെത്തിയതെന്നും ഗ്രാബെർ പറഞ്ഞു.
സ്വർഗാരോഹണം
ഒരാൾ ആകാശത്തേക്കു നോക്കി, കൈകൾ ഉയർത്തി നിൽക്കുന്നതാണ് ആനക്കൊന്പു പെട്ടിയിലെ ഒരു ആലേഖനം. രണ്ടു കുതിരകളെ പൂട്ടിയ മനോഹരമായ രഥത്തിലുള്ള മനുഷ്യനെയാണ് അവസാനം ചിത്രീകരിച്ചിരിക്കുന്നത്. മേഘങ്ങളിൽനിന്നു കൈ പുറത്തേക്കു വരുന്നതും സ്വർഗത്തിലേക്കു വിളിക്കുന്നതും ചിത്രീകരണത്തിലുണ്ട്. ഇതു ക്രിസ്തുവിന്റെ സ്വർഗാരോഹണത്തിന്റെ ചിത്രീകരണമാണെന്ന് അനുമാനിക്കുന്നതായും ഗ്രാബെർ പറഞ്ഞു.
പഴയനിയമത്തിലെ രംഗങ്ങളുടെ ചിത്രീകരണവും പുതിയ നിയമത്തിലെ രംഗങ്ങളുമായുള്ള അവയുടെ ബന്ധവും കാണാറുണ്ട്. എന്നിരുന്നാലും, രണ്ടു കുതിരകളുള്ള രഥത്തോടുകൂടിയ ക്രിസ്തുവിന്റെ സ്വർഗാരോഹണത്തിന്റെ ചിത്രീകരണം വളരെ സവിശേഷവും മുമ്പ് അജ്ഞാതവുമാണെന്നും ഗ്രാബെർ പറഞ്ഞു.
ദേവാലയങ്ങളുടെ ശേഷിപ്പുകൾ, മേഖലയിലെ മുൻ നിവാസികളുടെ സ്വകാര്യവസ്തുക്കൾ എന്നിവയും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. റോമൻ സാമ്രാജ്യത്തിന്റെ അസ്വസ്ഥതകൾ നിറഞ്ഞ അവസാനകാലത്തു കുന്നിൻമുകളിലേക്കു പ്രദേശവാസികൾ ചേക്കേറുകയായിരുന്നു. ശത്രുക്കളെ പ്രതിരോധിക്കാനുള്ള എളുപ്പത്തിനാണു കുന്നിൻമുകളിലേക്കു പ്രദേശവാസികൾ താമസം മാറ്റിയത്. പുരാശേഖരങ്ങളിൽ വിശദമായ പഠനത്തിനു തയാറെടുക്കുകയാണു ഗവേഷകർ.
പി.ടി. ബിനു