സംഗീതത്തിനു മാത്രമായി ജന്മമെടുക്കുന്ന ചിലരുണ്ട്. അവരെ മറ്റേതുവഴിക്കു നടത്താന്‍ ശ്രമിച്ചാലും കാര്യമില്ല. ഗോദാവരി ജില്ലയിലെ ശങ്കരഗുപ്തം ഗ്രാമത്തില്‍ ജനിച്ച മംഗലംപള്ളി മുരളീകൃഷ്ണ അങ്ങനെയൊരാളായിരുന്നു. കുട്ടിക്കാലത്തു സ്കൂളില്‍പോകാന്‍ ഒരുവിധത്തിലും ഇഷ്ടമുണ്ടായിരുന്നില്ല. അമ്മയില്ലാത്ത കുഞ്ഞാണ്. എത്രയെന്നുവച്ചാണ് നിര്‍ബന്ധിക്കുന്നത്! കഷ്ടിച്ച് അഞ്ചാം ക്ലാസുവരെ പോയി.
പിന്നെ വിജയവാഡ സ്കൂളില്‍ കൊണ്ടുചെന്നാക്കി- നേരിട്ട് ആറാം ക്ലാസില്‍. പഠിപ്പില്‍ എന്നിട്ടും ഒരു ശ്രദ്ധയുമുണ്ടായില്ല. മൂന്നേമൂന്നു മാസംകൊണ്ട് സ്കൂളില്പോക്കു നിര്‍ത്തി. അവനെ സംഗീതം മാത്രം പഠിപ്പിച്ചാല്‍ മതിയെന്നായിരുന്നു അധ്യാപകരുടെയും അഭിപ്രായം. ചെറുപ്രായത്തില്‍ പിതാവില്‍നിന്നു പഠിച്ചുതുടങ്ങിയ സംഗീതത്തില്‍ മുഴുകി.
ഇതേ മുരളീകൃഷ്ണ പിന്നീട് ബാലമുരളീകൃഷ്ണയായി. സ്കൂളില്‍പോയി പഠിക്കാത്ത അദ്ദേഹം ഒരു സര്‍വകലാശാലയുടെ പ്രോ ചാന്‍സലറായി. വിവിധ സര്‍വകലാശാലകളില്‍നിന്ന് ഒമ്പതു ഡോക്ടറേറ്റ് നേടുകയും ചെയ്തു. ജീവിച്ചിരിക്കുന്ന കാലത്തുതന്നെ ചരിത്രവും ഇതിഹാസവുമായി...
അമ്മയുടെ മന്ത്രം
ശ്രുതിയമ്മ, ലയമച്ഛന്‍ എന്ന പാട്ടുപോലെയായിരുന്നു മുരളീകൃഷ്ണയ്ക്കു മാതാപിതാക്കള്‍. അച്ഛന് മംഗലംപള്ളി പട്ടാഭിരാമയ്യ സംഗീതവിദ്വാനായിരുന്നു, വയലിന്, ഓടക്കുഴല്‍, വീണാ വാദകനും. അമ്മ സൂര്യകാന്തമ്മയാകട്ടെ വീണാ വിദുഷി. അമ്മ വളരെ ചെറുപ്പത്തില്‍ മരിച്ചു. മുരളീകൃഷ്ണയ്ക്കൊപ്പമുണ്ടായത് ദിവസങ്ങള്‍ മാത്രം. ആ ദിവസങ്ങളത്രയും മകന്റെ ചെവിയില്‍ രഹസ്യംപറയുന്നതു പോലെ സംഗീതമന്ത്രം ഉരുവിടുമായിരുന്നത്രേ. ഒരു തലവേദനയും പനിയും വന്ന് മൂന്നാംനാള്‍ സൂര്യകാന്തമ്മ ഈ ലോകംവിട്ടു.
പിന്നെ അച്ഛനായിരുന്നു എല്ലാം. സൂര്യകാന്തമ്മയുടെ മൂത്ത സഹോദരി സുബ്ബമ്മയും കുഞ്ഞിനെ സ്വന്തമെന്നോണം നോക്കി. അവരാണ് അവനു കൃഷ്ണയെന്നു പേരിട്ട് മുരളിയെന്നു ചൊല്ലിവിളിച്ചത്.
അല്പം വളര്‍ന്നതോടെ മുരളിയെ പിതാവ് തന്റെ സംഗീതക്ലാസുകളിലേക്ക് ഒപ്പംകൂട്ടിത്തുടങ്ങി. സൈക്കിളിന്റെ കുട്ടപോലുള്ള സീറ്റിലിരുത്തി വീടുകള്‍ തോറും കറങ്ങി. മുരളിക്ക് ഊണും ഉറക്കവും അക്ഷരാര്‍ഥത്തില്‍ സംഗീതത്തിനൊപ്പമായിരുന്നു. അച്ഛന്റെ ശിഷ്യരുടെ പാട്ടുകേട്ടാലേ മുരളി ഭക്ഷണം കഴിക്കുമായിരുന്നുള്ളൂ. അതു കഴിക്കുന്നതുവരെ അവര്‍ പാടുകയും ചെയ്തു.
നാലാം വയസുമുതല്‍ സംഗീതം പഠിച്ചുതുടങ്ങി. പ്രാഥമിക സംഗീതപാഠം പകര്‍ന്ന ശേഷം അച്ഛന് മുരളീകൃഷ്ണയെ ത്യാഗരാജസ്വാമികളുടെ പരമ്പരയിലുള്ള പാരുപ്പള്ളി രാമകൃഷ്ണയ്യ പണ്ടലുവിനു കീഴില്‍ അഭ്യസിക്കാനയച്ചു. പഠിപ്പിക്കാനുള്ള പ്രായമായിട്ടില്ലെന്നായിരുന്നു ഗുരുവിന്റെ ആദ്യത്തെ നിലപാട്. എന്നാല്‍, വൈകാതെ അദ്ദേഹത്തിന്റെ പ്രിയശിഷ്യനായി.
അതിവേഗമായിരുന്നു പഠനം. ഒമ്പതാം വയസില്‍ മുരളീകൃഷ്ണ വിജയവാഡയില്‍ ത്യാഗരാജ ആരാധനയ്ക്കു പാടി- ഗുരുവിന്റെ അറിവില്ലാതെയാണ് നോട്ടീസില്‍ മുരളിയുടെ പേരുവന്നത്. അദ്ദേഹം വിവരമറിഞ്ഞപ്പോള്‍ അമ്പരക്കുകയും ചെയ്തു. അതൊരപൂര്‍വ സംഭവമായിരുന്നു. പാടാന്‍ അനുവദിച്ചിരുന്ന അരമണിക്കൂര്‍ മൂന്നു മണിക്കൂറായി. ശ്രോതാക്കള്‍ സമയത്തെക്കുറിച്ചു മറന്നിരുന്നു.കച്ചേരി കഴിഞ്ഞപ്പോള്‍ ഗുരുവിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. മുരളിയെ വാരിയെടുത്ത് അദ്ദേഹം സന്തോഷാശ്രുക്കള്‍ പൊഴിച്ചത് ചരിത്രം.
ബാലമുരളിയിലേക്ക്
പുല്ലാങ്കുഴലേന്തിയ കൃഷ്ണനാണ് മുരളീകൃഷ്ണ. സംഗീതത്തിന്റെ പ്രിയ കൂട്ടുകാരന്. മുരളീകൃഷ്ണയിലുള്ള അസാധാരണമായ കഴിവുകള്‍ തിരിച്ചറിഞ്ഞു പ്രശസ്ത ഹരികഥാ കലാകാരനായ മുസുനുരി സൂര്യനാരായണമൂര്‍ത്തി ഭാഗവതരാണ് അവന്റെ പേരു മാറ്റിയത്. പേരിനു മുന്നില്‍ ബാല എന്നതു കൂട്ടിച്ചേര്‍ത്ത് ബാലമുരളീകൃഷ്ണ എന്നു വിളിച്ചുതുടങ്ങി. കോടിക്കണക്കിനാളുകളുടെ മനസുകളില്‍ പതിഞ്ഞ പേര്!
ഈ കുട്ടി നമ്മെ വൃന്ദാവനത്തിലെ മുരളീകൃഷ്ണനെ ഓര്‍മിപ്പിക്കുന്നു. പ്രപഞ്ചത്തെ മുഴുവന്‍ സംഗീതംകൊണ്ടു മയക്കിയവന്‍. ഈ കുഞ്ഞു മുരളീകൃഷ്ണയെ ഇനി ബാലമുരളീകൃഷ്ണയെന്നു വിളിക്കാം. നിങ്ങള്‍ക്കെല്ലാം സമ്മതമാവുമെന്നു കരുതുന്നു- ഇതായിരുന്നു സൂര്യനാരായണമൂര്‍ത്തി ഭാഗവതരുടെ വാക്കുകള്‍.
എഴുപത്തിരണ്ടു മേളകര്‍ത്താ രാഗങ്ങളിലും പ്രാവീണ്യം നേടുമ്പോള്‍ ബാലമുരളീകൃഷ്ണയ്ക്കു വയസ് പതിന്നാല്. തൊട്ടടുത്ത വര്‍ഷംതന്നെ സ്വന്തമായി കൃതികള്‍ രചിക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ മനസില്നിന്നൊഴുകിയത് നാനൂറിലേറെ കീര്‍ത്തനങ്ങള്‍. മുരളി, ഓംകാരി, പ്രതിമധ്യമാവതി, ലവംഗി, സര്‍വശ്രീ, സുമുഖം, സുഷമ, ഗണപതി, സിദ്ധി, പുഷ്കര ഗോദാവരി, മോഹനഗന്ധി, കാളിദാസ, ചന്ദ്രിക, മഹതി, മനോരമ, കൃഷ്ണവേണി, അശ്വിനി തുടങ്ങി അദ്ദേഹം രൂപംകൊടുത്തു പാടിയ രാഗങ്ങള്‍ ഇരുപത്തഞ്ചോളം. ഒരു കാലഘട്ടത്തിന്റെ സംഗീതചരിത്രം ഡോ.എം. ബാലമുരളീകൃഷ്ണയിലൂടെ ഇന്നു വായിക്കാം.
വയലിനും വയോളയും
ആരുടെ കീഴിലും പഠിക്കാതെ അതിഗംഭീര വയലിനിസ്റ്റായ അപൂര്‍വതയുമുണ്ട് ബാലമുരളീകൃഷ്ണയ്ക്ക്. നിരന്തര പരിശീലനത്തിലൂടെ ഏഴാം വയസുമുതല്‍ വയലിനില്‍ മികവുനേടി. കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗുരു തന്റെ കച്ചേരിക്കു പിന്നണി വായിക്കാന്‍ ആവശ്യപ്പെട്ടു. വൈകാതെ ജി.എന്‍. ബാലസുബ്രഹ്മണ്യത്തിന്റെ കച്ചേരിക്കും വായിച്ചു. ഒരു ദിവസം വയലിന് അകമ്പടി, പിറ്റേന്ന് സ്വന്തം വായ്പ്പാട്ടു കച്ചേരി എന്ന നിലയിലേക്കു കാര്യങ്ങള്‍ മാറി. ക്രമേണ ബാലമുരളീകൃഷ്ണ വയലിനില്നിന്നു വയോളയിലേക്കു മാറി.
അരിയക്കുടി രാമാനുജ അയ്യങ്കാര്‍, ചിറ്റൂര്‍ സുബ്രഹ്മണ്യ പിള്ള, മഹാരാജപുരം വിശ്വനാഥ അയ്യര്‍, ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ക്കൊപ്പം ബാലമുരളീകൃഷ്ണ വയോള വായിച്ചു. മൃദംഗത്തിലും അദ്ദേഹം പക്കമേളക്കാരനായി. ഗുരുവിന്റെ കച്ചേരിക്കു വായിച്ചായിരുന്നു അവിടെയും തുടക്കം. ലാല്‍ഗുഡി ജയരാമന് അടക്കമുള്ള പ്രതിഭകള്‍ക്കൊപ്പം ഗഞ്ചിറയും വായിച്ചു. സംഗീതമഹാസമുദ്രങ്ങളുടെ അറ്റംകാണുക അസാധ്യം. കാറ്റേറ്റും തിരമാലകള്കണ്ടും വിസ്മയിച്ചിരിക്കുക മാത്രം ചെയ്യാം...
ഹരിപ്രസാദ്