ഒരിറ്റ് മഴ പോലുമില്ലാതെ വേനൽ ചൂടിൽ കേരളം വെന്തുരുകുമ്പോഴാണ് സിക്കിമിലേക്കു തിരിച്ചത്. മഞ്ഞുറയുന്ന സിവാലിക് പർവതങ്ങളിൽ സിക്കിം അപ്പോൾ കുളിരണിഞ്ഞു നിൽക്കുന്നു. ഡാർജിലിംഗിൽനിന്നായിരുന്നു സിക്കിമിന്റെ തലസ്ഥാനമായ ഗാംഗ്ടോക്കിലേക്കുള്ള യാത്ര. കൊടുംവനങ്ങൾക്കിടയിലെ സുന്ദരമായ ജലപഹാർ പാതയിലൂടെ വാഹനം മുന്നോട്ടു പാഞ്ഞുകൊണ്ടിരുന്നു. വഴിയരികിൽ ധാരാളമായി വില്പനയ്ക്കു വച്ചിരിക്കുന്ന അപ്പോൾ പറിച്ചെടുത്ത കാരറ്റും ബീറ്റ്റൂട്ടും മുള്ളങ്കിയും കാണാം. ചുറ്റുപാടുമുള്ള ഇടതിങ്ങിയ കാടിന്റെ കാളിമയിലേക്ക് ഇടയ്ക്കിടെ സ്വർണപ്രഭയായി വന്നു പതിക്കുന്ന സൂര്യവെളിച്ചം.
ആറാം മൈലിൽ മൂടൽമഞ്ഞിന്റെ പ്രപഞ്ചം കണ്ടു. ബുദ്ധമത സംസ്കൃതിയുടെ ഭാഗമായ പഞ്ചഭൂതങ്ങളെ പ്രതിനിധീകരിക്കുന്ന വർണ കൊടിക്കൂറകൾ വഴിയോരങ്ങളിൽ പാറിപ്പറക്കുന്നു. ലാമഹട്ട കവല പൈൻമരങ്ങളുടെ ഇരുളിമയിലാണ്. ഭയാനകമായൊരു ഇറക്കം തുടങ്ങി. പത്താം മൈലും പെഷോക്കും പിന്നിട്ട് നിരവധിയായ കൊടും വളവുകളും അതിമനോഹര തേയിലത്തോട്ടങ്ങളും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ സകലവിധ പ്രകൃതിഭംഗിയും സമ്മാനിച്ച് പിന്നീടത് എത്തിനിന്നതു ടീസ്റ്റ നദിയുടെ തീരത്ത്.
ടീസ്റ്റ നദി
ടീസ്റ്റയുടെ ഒാരങ്ങളിലൂടെയായി സഞ്ചാരം. ഒരു ഹിമാലയൻ നദിയുടെ സ്വഭാവങ്ങളോടെ കൂസലില്ലാതെ കൂലം കുത്തി പായുകയാണ് ടീസ്റ്റ . 2023ൽ ടീസ്റ്റ രൗദ്രഭാവം പൂണ്ടു. ഹിമാലയത്തിലെ ഒരു മഞ്ഞുതടാകം തകർന്നതിനെത്തുടർന്നായിരുന്നു വെള്ളപ്പൊക്കം. കലിപൂണ്ട ടീസ്റ്റ അന്നു തീരങ്ങളെ നക്കിത്തുടച്ചാണ് ആർത്തലച്ച് ഒഴുകിയത്. ഒട്ടേറെ വിലപ്പെട്ട ജീവനുകൾ അപഹരിച്ചു. പാലങ്ങളും പാതകളും തകർത്തു. അതിന്റെ ശേഷിപ്പുകൾ ഇപ്പോഴുമുണ്ട് നദിയുടെ മടിത്തട്ടിൽ. കാലിപോംഗിൽ രംഗീത് നദിയുടെ സംഗമം കണ്ടു. ബാലുകൂപ്പിൽ ബാലുകോലയുടേതും.
മെള്ളിയിൽ ടീസ്റ്റ വേറിട്ട ഭാവങ്ങൾ കാണിച്ചുതരുന്നു. അപ്രാപ്യമായ കൊടുമുടികളെ ചുറ്റിപ്പിണയുന്നതിന്റെ വന്യഭംഗി. കാലങ്ങളായി നദിയുടെ ഊക്കിനോടു മല്ലിട്ടു തീരങ്ങളിൽ അജയ്യരായി നിലകൊള്ളുന്ന വെളുത്ത പാറകൾ. ആരെയോ പ്രതീക്ഷിച്ചെന്ന പോലെ തലയാട്ടി നിൽക്കുന്ന വിജനമായ മഹാഗണിത്തോട്ടങ്ങൾ. നദിയോരങ്ങളിലെ ഭീകരമായ മണ്ണിടിച്ചിലുകൾ. ഡെൽറ്റ രൂപീകരണത്തിന്റെ പലവിധ രൂപങ്ങൾ. കുത്തൊഴുക്കിൽ വളവുകളിൽ നിക്ഷേപിച്ച വെളുത്ത ഹിമാലയൻ മണ്ണടരുകൾ.
അരുണാചൽപ്രദേശിൽനിന്ന് ആരംഭിച്ച് സിക്കിമിലൂടെയും വെസ്റ്റ് ബംഗാളിലൂടെയും ഒഴുകി ബംഗ്ലാദേശിൽ ചെന്നു ബ്രഹ്മപുത്രയിലൂടെ ബംഗാൾ ഉൾകടലിൽ ചേരുന്ന ടീസ്റ്റ വെസ്റ്റ് ബംഗാളിനും സിക്കിമിനും അതിർത്തിയിടുന്നു. സിംഗ്ടാമിൽ ടീസ്റ്റ കാഴ്ചകളിൽനിന്നു കുതറിമാറി മറഞ്ഞെങ്കിലും കൈവഴിയായ റാണികോലയുടെ തീരത്തുകൂടിയായി തുടർന്നുള്ള യാത്ര.
ഗാംഗ്ടോക്ക് പട്ടണം
റാണിപ്പുർ മുതൽ ഗാംഗ്ടോക്ക് പട്ടണത്തിനു തുടക്കമായി. നഗരത്തോട് അടുക്കുന്നു. വൃത്തിയും വെടിപ്പുമുള്ള തെരുവുകൾ. അവിടവിടെ ബുദ്ധവിഹാരങ്ങളും മോണാസ്ട്രികളും കാണാം.1840ൽ എൻചെയ് മോണാസ്ട്രിയുടെ സ്ഥാപനത്തോടെയാണ് ഗാംഗ്ടോക്ക് ഒരു പ്രധാന ബുദ്ധമത തീർഥാടനകേന്ദ്രമായത്. നഗരത്തിന്റെ കിഴക്കു ഭാഗത്തുനിന്നു ലോകത്തിലെ ഏറ്റവും ഉയരംകൂടിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻജംഗ കാണപ്പെടുന്നു.
ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളിലൊന്നാണ് സിക്കിം. ചോഗ്യാൽ രാജവംശത്തിന്റെ കീഴിലായിരുന്ന സിക്കിം 1975ൽ നടന്ന ഹിതപരിശോധനയിലാണ് ഇന്ത്യയുടെ ഇരുപത്തിരണ്ടാമതു സംസ്ഥാനമായി മാറിയത്. നേപ്പാളും ഭൂട്ടാനും ചൈനയും അതിർത്തി പങ്കിടുന്ന സിക്കിം സംസ്ഥാനത്ത് നേപ്പാൾ, തിബത്ത്, ലെപ്ച്ച, ഇന്ത്യ ജനസമൂഹങ്ങൾ ഉൾക്കൊള്ളുന്ന മിശ്രിത സമൂഹമാണ്. ചോളവും തേയിലയും സമൃദ്ധിയായി വിളയുന്ന താഴ്വാരങ്ങൾ.
പോപ്ലാർ ബിർച്ച്; ഓക്ക് മരങ്ങൾ ഇടതിങ്ങി വളരുന്ന നിത്യഹരിത വനങ്ങൾ. വർഷത്തിലധികവും തണുപ്പിലാണ്ട കാലാവസ്ഥ. ബുക്ക് ചെയ്തിട്ടുള്ള ഹോട്ടലിൽ ഖാതയും ഫാഷൻ ഫ്രൂട്ട് ജ്യൂസും നൽകിയായിരുന്നു സ്വീകരണം. ലിഫ്റ്റിറങ്ങി മുറിയിലെത്തി. വടക്കും പടിഞ്ഞാറും രണ്ട് ബാൽക്കണികളുള്ള മുറി. പുറത്തിറങ്ങി ചുറ്റുപാടും വീക്ഷിച്ചു. തണുതണുത്ത ഹിമാലയൻ കാറ്റിൽ നിശയുടെ മേലാപ്പിൽ മിന്നിത്തിളങ്ങുന്ന ഗാംഗ്ടോക്ക് പട്ടണത്തിന്റെ വശ്യമായ കാഴ്ചകൾ.
പ്രഭാതത്തിൽ നാഥുല പാസിലേക്കു യാത്രതിരിച്ചു. പഴയ ഇന്തോ - തിബത്തൻ കച്ചവടപാതയിലൂടെ. 1,650 മീറ്ററിൽനിന്ന് 4,308 മീറ്റർ ഉയരത്തിലേക്ക്. ചങ്കു പിടയ്ക്കുന്ന കയറ്റിറക്കങ്ങളിൽ കണ്ട ഗതാഗത സ്തംഭനം പുതിയൊരു അനുഭവമായി. പെട്ടെന്നൊരു വളവിൽ ഗാംഗ്ടോക്ക് പട്ടണം ഒറ്റക്കാഴ്ചയായി വന്നു മറഞ്ഞു. നിരവധിയായ പരിശോധനകൾക്കു ശേഷം യാത്രാനുമതി. സന്ദർശകരുടെ നീണ്ട നിര. ഹരിതഛായ പകർന്നു പൈൻമരങ്ങളും മുളങ്കാടുകളും കടന്നുപോകുന്നു. വഴിയരികിൽ പാറിപ്പറക്കുന്ന വെളുത്ത പ്രാർഥനാ പതാകകൾ. നാലാം മൈൽ മുതൽ ഹിമാലയൻ താഴ്വാരങ്ങളുടെ ഗരിമയും ഭീകരതയും കണ്ടറിയാൻ തുടങ്ങി.
ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന താഴ്വാരങ്ങളുടെ പള്ളയിലൂടെ ഉയരങ്ങളിലേക്ക് ചുറ്റിച്ചുറ്റി കയറുന്ന പാത. എങ്കിലും പ്രതിസന്ധികളെ വിജയകരമായി തരണംചെയ്തു ബോർഡർ റോഡ്സ് ഓർഗനൈസേഷൻ പണിതിരിക്കുന്ന വീതിയേറിയ പാത അതിസുന്ദരം. ആംബുലൻസും ട്രക്കുകളും അടങ്ങുന്ന സൈനിക വാഹനങ്ങൾ വഴിയിലുടനീളം കാണാം. ആദ്യ വ്യൂ പോയിന്റിൽ മഞ്ഞുമലകളുടെ ദർശനം കിട്ടി. ഡാർജിലിംഗിലെ ടൈഗർ കുന്നിൽ കാണാൻ കഴിയാതിരുന്ന കാഞ്ചൻജംഗയുടെ ഹിമതലപ്പുകൾ വ്യക്തതയോടെ കണ്ട് തൃപ്തിപ്പെട്ടു.
മഞ്ഞുമലയിൽ
മല കയറുകയാണ്. പച്ചപ്പുകൾ തീരെയില്ലാതായി. എമ്പാടും കൂറ്റൻ പർവതങ്ങൾ മാത്രം. ഭയാനകമായ താഴ്വാരങ്ങൾ. വെളുപ്പും വയലറ്റും കലർന്ന കാട്ടുപൂക്കൾ നിറഞ്ഞൊരു പ്രദേശം. പതിനൊന്നായിരം അടി മുകളിലെത്തിയപ്പോൾ തണുപ്പ് അസഹനീയമായി. കന്പിളിവസ്ത്രങ്ങൾ വാടകക്കെടുത്തണിഞ്ഞു. വഴിയരികിലാകെ മഞ്ഞുപാളികളുടെ ധവളിമ കണ്ടുതുടങ്ങുന്നു.
തണുപ്പിനു ശക്തിയേറുകയാണ്. ചിലേടങ്ങളിൽ ഒരിറ്റു ജലം പോലും പുറത്തുകാണാത്ത വിധത്തിൽ തപസിലാണ്ട പഴക്കം ചെന്ന ഗ്ലേസിയറുകൾ. ശ്വാസഗതിയിൽ വലിയ വ്യത്യാസം വരുന്നു. സംസാരിക്കുമ്പോൾ പോലും കിതപ്പ്. ചിലർ ഓക്സിജൻ സിലിണ്ടറുകൾ കൈയിൽ കരുതിയിട്ടുണ്ട്. എങ്ങും ഇന്ത്യൻ സൈന്യത്തിന്റെ സജീവ സാന്നിധ്യം. ചിട്ടയായി പ്രവർത്തിക്കുന്ന ഒട്ടനവധി താവളങ്ങൾ.
ചങ്കു തടാകം
12,500 അടി ഉയരത്തിലുള്ള ചങ്കു തടാകക്കരയിലെത്തി. ചുറ്റുപാടുമുള്ള മലകളിലെ മഞ്ഞുരുകിയുണ്ടാകുന്ന തടാകമാണ് ചങ്കു തടാകം. മഞ്ഞുകാലത്ത് അറുപത് ഏക്കർ വിസ്തൃതിയുള്ള തടാകം അപ്പാടെ തണുത്തുറയും. സീസൺ അനുസരിച്ചു തടാകം ഓരോ നിറങ്ങൾ പ്രതിഫലിപ്പിക്കും. ചങ്കു തടാകക്കരയിലാണ് ഗുരുപൂർണിമ ഉത്സവം നടക്കുക. അണിയിച്ചൊരുക്കിയ യാക്കിന്റെ പുറത്തുകയറി തടാകം ചുറ്റിക്കാണുകയാണ് ചില സന്ദർശകർ.
സൈനികരുടെ ക്ഷേത്രം
നാഥുല പാസിലേക്കുള്ള വഴിയിൽ 13,200 അടി ഉയരത്തിലാണ് ബാബ മന്ദിർ. ബാബ ഹർഭജൻസിംഗിന്റെ ക്ഷേത്രമാണ് ബാബ മന്ദിർ. പഞ്ചാബ് റെജിമെന്റിൽ സേവനമനുഷ്ഠിച്ചിരുന്ന സൈനികനായിരുന്നു ബാബ ഹർഭജൻസിംഗ്. 1968 ഒക്ടോബറിൽ നാഥുല പാസിനടുത്തു സേവനമനുഷ്ഠിക്കുന്നതിനിടയിൽ ഒരു അപകടത്തിൽ പെട്ട് അദ്ദേഹം മരിച്ചു.
ഹർഭജൻസിംഗ് ഇന്നും സൈനികർക്കിടയിൽ ജീവിക്കുന്നു എന്ന സങ്കല്പത്തിൽ അദ്ദേഹത്തിന്റെ കിടപ്പുമുറിയും കാര്യാലയവും അതേപോലെ നിലനിർത്തി നിർമിച്ച ക്ഷേത്രമാണ് ബാബ മന്ദിർ. നിരവധി സന്ദർശകർ ക്ഷേത്രം സന്ദർശിക്കാനെത്തുന്നു. സൈനികർക്കിടയിൽ എന്നും നിലയ്ക്കാത്ത ഊർജമാണ് ഹർഭജൻസിംഗ്.
നാഥുല പാസ്
ദൂരെനിന്നു കണ്ട ഉയരങ്ങൾ കൂടുതൽ അടുത്തു. ഒടുവിൽ 14,308 അടി ഉയരത്തിൽ. നാഥുല അതിർത്തിയിൽ. ചുറ്റുപാടും മഞ്ഞിൻ തലപ്പണിഞ്ഞ ഗിരിനിരകൾ. മലമുകളിലെല്ലാം കാവൽ നിൽക്കുന്ന സൈനികർ. കിഴക്ക് മാറി ചൈനയുടെ ചുവന്ന പതാക പാറുന്ന നിരീക്ഷണ തവളങ്ങൾ. താപനില മൈനസ് മൂന്നിലും താഴേക്ക്. പെട്ടെന്ന് അന്തരീക്ഷത്തിൽ മാറ്റങ്ങൾ വന്നു. എങ്ങുനിന്നോ കാർമേഘങ്ങൾ ഉരുണ്ടുകൂടുന്നു. സന്ദർശകരെ തിരിച്ചയച്ചു സൈനികർ നാഥുല ചുരം അടയ്ക്കാൻ തുടങ്ങി.
വേഗത്തിൽ ചുരമിറങ്ങിത്തുടങ്ങി. ബാബാ മന്ദിറിൽ എത്തിയപ്പോഴേക്കും മഞ്ഞുവീഴ്ച തുടങ്ങി. ഒപ്പം ഉഗ്രമായ കാറ്റ് വീശിക്കൊണ്ടിരുന്നു. നാലടരുകളുടെ കമ്പിളിക്കുപ്പായങ്ങൾ ധരിച്ചിട്ടും വിറപൂണ്ട് വെറുതെയൊരിടത്തു നിൽക്കാൻ പോലും കഴിയാത്ത അവസ്ഥ. പാതകളിൽ പുതുമഞ്ഞു നിറയുന്നു. ചിലപ്പോൾ യാത്രതന്നെ തടസപ്പെട്ടേക്കാം. ആകാശമാകെ കറുത്തിരുണ്ടു. ഇറങ്ങിപ്പോന്ന ആ ഉയരങ്ങളിലേക്കു വെറുതെയൊന്നു തിരിഞ്ഞു നോക്കി. ദൂരദർശിനികളുമായി അവരപ്പോഴും ആ മഞ്ഞുമലകളിൽ കാവൽ നിൽക്കുകയാണ്. മൂകമായ ഭാഷയിൽ ഇന്ത്യൻ സൈനികർ ഇപ്രകാരം പറയുകയാണ്."നിങ്ങൾ സുരക്ഷിതരായിരിക്കൂ ഞങ്ങളിവിടെ ഉണർന്നിരിക്കുന്നു''.
സാബു മഞ്ഞളി