പോസ്റ്റിൽ അയച്ചാൽ പോരേ ആലപ്പുഴ മുഹമ്മ കെ.ഇ. കാർമൽ സ്കൂളിന്റെ പ്രിൻസിപ്പൽകൂടിയായ അദ്ദേഹം എന്തിനാണ് ബുദ്ധിമുട്ടി ഒരു പുസ്തകം തരാനായി കോട്ടയം വരെ വരുന്നതെന്നു ചിന്തിച്ചുപോയി.
കുട്ടനാടിനെക്കുറിച്ച് എഴുതിയ ഒരു പുസ്തകമുണ്ടെന്നു പറഞ്ഞ് ഫോൺ വിളിച്ചിട്ടാണ് റവ.ഡോ. സാംജി വടക്കേടം സിഎംഐ ഏതാനും ദിവസങ്ങൾക്കു മുന്പ് സൺഡേ ദീപികയുടെ ഒാഫീസിലേക്കു കയറിവന്നത്. ദിനംപ്രതി നിരവധി പുസ്തകങ്ങൾ ഇങ്ങനെ വരുന്നതിനാൽ അതിലൊന്നു മാത്രമായിരിക്കും സാംജിയച്ചൻ കൊണ്ടുവരുന്ന പുസ്തകവുമെന്നായിരുന്നു ധാരണ.
പോസ്റ്റിൽ അയച്ചാൽ പോരേ ആലപ്പുഴ മുഹമ്മ കെ.ഇ. കാർമൽ സ്കൂളിന്റെ പ്രിൻസിപ്പൽകൂടിയായ അദ്ദേഹം എന്തിനാണ് ബുദ്ധിമുട്ടി ഒരു പുസ്തകം തരാനായി കോട്ടയം വരെ വരുന്നതെന്നു ചിന്തിച്ചു. എന്നാൽ, ഒാഫീസിലേക്കു കയറിവന്ന സാംജിയച്ചൻ കൈമാറിയ പുസ്തകം "തനത് കുട്ടനാട്'' കണ്ടപ്പോൾ അദ്ഭുതപ്പെട്ടുപോയി. ഇതു വെറുമൊരു പുസ്തകമല്ല, കുട്ടനാട് എന്ന അദ്ഭുതനാടിന്റെ സകല തുടിപ്പുകളും തൊട്ടറിയാൻ കഴിയുന്ന ഒരു സമഗ്രപഠന ഗ്രന്ഥം.
കുട്ടനാടിനെക്കുറിച്ച് ആരെങ്കിലും ഇത്ര വിപുലമായ ചരിത്ര, വിവര, വിജ്ഞാന ശേഖരണം നടത്തിയിട്ടുണ്ടോയെന്നു സംശയം. പാകമായ പുഞ്ചപ്പാടം സ്വർണവർണത്തിൽ വിളഞ്ഞു കിടക്കുന്നതുപോലെ കുട്ടനാടിന്റെ ദേശചരിത്രവും സംസ്കാരവുമെല്ലാം 600 പേജുകളിലായി നിറഞ്ഞു തുളുന്പുന്നു. ഫാ. സാംജി വടക്കേടം എന്ന കുട്ടനാട്ടുകാരന്റെ പിറന്ന നാടിനോടുള്ള അദമ്യമായ സ്നേഹത്തിന്റെയും ആ ജനതയോടുള്ള ആഴത്തിലുള്ള ബന്ധത്തിന്റെയും മനംമയക്കുന്ന ഭൂപ്രകൃതിയോടുള്ള അടങ്ങാത്ത പ്രണയത്തിന്റെയും കൈയൊപ്പാണ് "തനത് കുട്ടനാട്, ദേശവും ചരിത്രവും സംസ്കാരവും' എന്ന ഗ്രന്ഥം.
തകഴി, എടത്വ, മുട്ടാർ, രാമങ്കരി, ചന്പക്കുളം, നെടുമുടി, കൈനകരി തുടങ്ങി വിവിധ മേഖലകളുടെ സമഗ്രമായ ചരിത്രം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൃഷി, ജൈവവൈവിധ്യം, മത്സ്യബന്ധനം, നിത്യജീവിതം, വിനോദസഞ്ചാരം, കായൽ, കലാസാഹിത്യം, നാട്ടറിവുകൾ, നാടൻ പാട്ടുകൾ, ജലോത്സവങ്ങൾ തുടങ്ങി വൈവിധ്യമാർന്ന നിരവധി വിഷയങ്ങൾ ഈ ഗ്രന്ഥം കൈകാര്യം ചെയ്യുന്നു.
അതോടൊപ്പം കുഞ്ചൻ നന്പ്യാർ, വിശുദ്ധ ചാവറയച്ചൻ, തകഴി, മുരിക്കൻ, ഐ.സി. ചാക്കോ തുടങ്ങിയ മഹാരഥന്മാരുടെ സംഭാവനകളും ഒപ്പം കാവാലം നാരായണപണിക്കർ തുടങ്ങി ഒരുപിടി പ്രമുഖ വ്യക്തികളുടെ ജീവിതാനുഭവങ്ങളും കോറിയിട്ടിരിക്കുന്നു. കുട്ടനാടിനെ അടുത്തറിഞ്ഞവരും അനുഭവിച്ചറിഞ്ഞവരുമാണ് എഴുത്തിലൂടെ കുട്ടനാടിന്റെ ജീവനും ജീവിതവും വരച്ചുകാണിക്കുന്നത്.
കുട്ടനാടിനെ ബാധിച്ച സമകാലിക സംഭവങ്ങൾ, കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളുടെ മാപ്പുകൾ, വിവിധ സർക്കാർ ഉത്തരവുകൾ, സർക്കാർ ഒാഫീസുകൾ, വിവിധ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവയെല്ലാം വിവരിച്ചിട്ടുണ്ട്. കുട്ടനാട്ടിൽ ഉപയോഗത്തിലിരുന്ന പഴയ കാർഷികോപകരണങ്ങളുടെയും പാത്രങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും ചിത്രങ്ങൾ എന്നിവയെല്ലാം ഈ ഗ്രന്ഥത്തെ ഈടുറ്റതാക്കുന്നു.
കുട്ടനാട് എന്തായിരുന്നെന്നും എന്താണെന്നും നാളെ എങ്ങനെയാകണമെന്നുമൊക്കെ ആധികാരിക രേഖകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ തയാറാക്കിയ ഒരു സർവവിജ്ഞാനകോശമാണ് തനത് കുട്ടനാട്. റവ.ഡോ. സാംജി വടക്കേടത്തിന്റെ വർഷങ്ങൾ നീണ്ട പരിശ്രമത്തിന്റെ ഫലമാണ് ഈ ഗ്രന്ഥം. ഒന്നുപോലും വിട്ടുപോയിട്ടില്ല എന്നു തോന്നിപ്പിക്കുന്ന രീതിയിൽ സൂക്ഷ്മമായി വിഷയങ്ങളിൽ സ്പർശിച്ചിട്ടുണ്ട്.
1975ൽ കുട്ടനാട്ടിലെ പുളിങ്കുന്നിൽ ജനിച്ച ഡോ. സാംജി വടക്കേടം 2005ൽ സിഎംഐ സഭയിൽ സന്യാസിയായി. മനഃശാസ്ത്രം, തത്വശാസ്ത്രം, ദൈവശാസ്ത്രം, പത്രപ്രവർത്തനം എന്നിവയിൽ ബിരുദവും സാമൂഹ്യശാസ്ത്രം, ആംഗലേയ ഭാഷ എന്നിവയിൽ ബിരുദാനന്തബിരുദവും നേടിയിട്ടുണ്ട്. ഇന്ത്യൻ ഇംഗ്ലീഷ് നോവലുകളിൽ പ്രതിഫലിപ്പിക്കപ്പെടുന്ന ഭാരതീയ തനിമ എന്ന വിഷയത്തിൽ ഡോക്ടറേറ്റും നേടി.
പൂന ക്രൈസ്റ്റ് കോളജ്, ചങ്ങനാശേരി ക്രിസ്തുജ്യോതി, ചങ്ങനാശേരി പ്ലാസിഡ് വിദ്യാവിഹാർ എന്നിവിടങ്ങളിൽ വിവിധ ഉത്തരവാദിത്വങ്ങൾ വഹിച്ചതിനു ശേഷമാണ് മുഹമ്മ കെ.ഇ. കാർമൽ സ്കൂൾ പ്രിൻസിപ്പലായി സേവനം ചെയ്യുന്നത്. പാൻഡോറ ബുക്സ് പുറത്തിറക്കിയ ഈ ബൃഹദ് ഗ്രന്ഥത്തിന് 1350 രൂപയാണ് വില. ഫോൺ: 8281548126.
ജെ.പി.