യുഎസിൽ ഇരട്ടക്കൊലപാതക കേസിലെ പ്രതി മൈക്കൽ ബെർണാഡ് ബെല്ലിന്‍റെ വധശിക്ഷ നടപ്പാക്കി
Wednesday, July 23, 2025 3:07 AM IST
പി.പി. ചെറിയാൻ
ജാക്‌സൺവില്ലെ (ഫ്ലോറിഡ): 1993-ലെ ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയായ മൈക്കിൾ ബെർണാഡ് ബെല്ലിന്‍റെ വധശിക്ഷ ചൊവ്വാഴ്ച ഫ്ലോറിഡയിൽ നടപ്പാക്കി. ഇതോടെ, ഈ വർഷം അമേരിക്കയിൽ വധശിക്ഷയ്ക്ക് വിധേയരാകുന്നവരുടെ എണ്ണം വർധിക്കുകയും കഴിഞ്ഞ 10 വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തുകയും ചെയ്തു.

ചൊവ്വാഴ്ച വൈകുന്നേരം 6:25ഓടെ ബെൽ മരിച്ചതായി പ്രഖ്യാപിച്ചു. ഈ വർഷം യുഎസിൽ വധശിക്ഷയ്ക്ക് വിധേയനാകുന്ന 26-ാമത്തെ തടവുകാരനാണ് ബെൽ. ജാക്സൺവില്ലെ ബാറിന് പുറത്ത് വച്ച് 23 വയസുള്ള ജിമ്മി വെസ്റ്റിനെയും 18 വയസുള്ള തമെക്ക സ്മിത്തിനെയും തോക്ക് ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിലാണ് 52 വയസുകാരനായ ബെല്ലിനെ വധശിക്ഷയ്ക്ക് വിധേയനാക്കിയത്.

കഴിഞ്ഞ വർഷം രാജ്യത്ത് ആകെ 25 വധശിക്ഷകളാണ് നടപ്പാക്കിയത്. 2015 മുതൽ യുഎസിൽ ആകെ 28 വധശിക്ഷകൾ മാത്രമാണ് നടപ്പാക്കിയിട്ടുള്ളതെന്നിരിക്കെ, ഈ വർഷത്തെ വർധനവ് ശ്രദ്ധേയമാണ്. ഈ വർഷം ഇനിയും ഒമ്പത് വധശിക്ഷകൾ കൂടി നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് യാഥാർത്ഥ്യമായാൽ, ഈ വർഷം കുറഞ്ഞത് 35 വധശിക്ഷകളെങ്കിലും ഉണ്ടാകും, ഇത് കഴിഞ്ഞ വർഷത്തേക്കാൾ 40 ശതമാനം വർധനവാണ്.


വർഷാവസാനത്തോടെ കൂടുതൽ വധശിക്ഷകൾ നടപ്പാക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. 1999-ൽ 98 വധശിക്ഷകൾ നടന്നതാണ് യുഎസിലെ ഏറ്റവും ഉയർന്ന നിരക്ക്. നിലവിലെ വർധനവ് ദീർഘകാലാടിസ്ഥാനത്തിൽ വധശിക്ഷകളുടെ എണ്ണത്തിൽ കുറവ് വരുത്തുന്ന പ്രവണതയെ രാജ്യം മാറ്റിയെഴുതാൻ ഒരുങ്ങുന്നു എന്നതിന്‍റെ സൂചനയായി കണക്കാക്കപ്പെടുന്നു.