യു​ദ്ധ​വി​മാ​നം കാ​ണാ​താ​യി; ക​ണ്ടെ​ത്താ​ൻ ജ​ന​ങ്ങ​ളോ‌​ട് സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ച് യു​എ​സ്
Monday, September 18, 2023 4:44 PM IST
സൗ​ത്ത് ക​രോ​ലി​ന: അ​മേ​രി​ക്ക​യി​ല്‍ യു​ദ്ധ​വി​മാ​നം കാ​ണാ​താ​യ​താ​യി റി​പ്പോ​ര്‍​ട്ട്. ശ​ത്രു റ​ഡാ​റു​ക​ളു​ടെ ക​ണ്ണി​ല്‍ പെ​ടാ​തി​രി​ക്കാ​ന്‍ ശേ​ഷി​യു​ള്ള എ​ഫ്-35 വി​മാ​ന​മാ​ണ് പ​റ​ക്ക​ലി​നി​ടെ കാ​ണാ​താ​യ​ത്. ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

വി​മാ​നം പ​റ​ത്തി​യ പൈ​ല​റ്റ് അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

സൗ​ത്ത് ക​രോ​ലി​ന​യു​ടെ തെ​ക്കു-​കി​ഴ​ക്ക​ന്‍ ഭാ​ഗ​ത്തു കൂ​ടി പ​രി​ശീ​ല​ന​പ്പ​റ​ക്ക​ല്‍ ന​ട​ത്തു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. കോ​ടി​ക​ള്‍ വി​ല​മ​തി​ക്കു​ന്ന വി​മാ​നം ക​ണ്ടെ​ത്താ​നാ​യി അ​ധി​കൃ​ത​ര്‍ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​ഹാ​യ​വും തേ​ടി​യി​ട്ടു​ണ്ട്.

വി​മാ​ന​ത്തെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ബേ​സ് ഡി​ഫ​ന്‍​സ് ഓ​പ്പ​റേ​ഷ​ന്‍ സെ​ന്‍റ​റു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.


ചാ​ള്‍​സ്റ്റ​ണ്‍ ന​ഗ​ര​ത്തി​ന് വ​ട​ക്കു​ള്ള ര​ണ്ട് ത​ടാ​ക​ങ്ങ​ള്‍​ക്ക് ചു​റ്റു​മാ​യി ഫെ​ഡ​റ​ല്‍ ഏ​വി​യേ​ഷ​ന്‍ റെ​ഗു​ലേ​റ്റ​ര്‍​മാ​രു​മാ​യി ചേ​ര്‍​ന്ന് തി​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണെ​ന്ന് ബേ​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സൗ​ത്ത് ക​രോ​ലി​ന ലോ ​എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് വി​ഭാ​ഗ​ത്തി​ന്‍റെ ഹെ​ലി​കോ​പ്റ്റ​റും തി​ര​ച്ചി​ലി​ല്‍ പ​ങ്കു​ചേ​ര്‍​ന്നി​ട്ടു​ണ്ട്.

കാ​ണാ​താ​യ വി​മാ​ന​ത്തി​നൊ​പ്പം പ​റ​ന്ന ര​ണ്ടാ​മ​ത്തെ എ​ഫ്-35 വി​മാ​ന​ത്തി​ന്‍റെ പൈ​ല​റ്റ് സു​ര​ക്ഷി​ത​മാ​യി തി​രി​ച്ചെ​ത്തി​യി​രു​ന്നു. ലോ​ക്ഹീ​ഡ് മാ​ര്‍​ട്ടി​ന്‍ ക​മ്പ​നി നി​ര്‍​മി​ച്ച എ​ഫ്-35 വി​മാ​നം 80 ദ​ശ​ല​ക്ഷം ഡോ​ള​ര്‍ വി​ല​മ​തി​ക്കു​ന്ന​താ​ണ്.