ഗ്ലോബല്‍ ഇന്ത്യന്‍ അവാര്‍ഡ് നൈറ്റ് മെയ് ഏഴിന് ഹൂസ്റ്റണില്‍
Sunday, April 2, 2023 2:02 AM IST
ജെയിംസ് കൂടൽ
ഹൂസ്റ്റണ്‍: ലോക മലയാളികള്‍ക്കിടയിലെ വാര്‍ത്താ ശബ്ദമായി മാറിയ ഗ്ലോബല്‍ ഇന്ത്യന്‍ അവാര്‍ഡ് നൈറ്റും ഇന്‍ഡോ അമേരിക്കന്‍ കള്‍ച്ചറല്‍ ഫെസ്റ്റും മെയ് ഏഴ് ഞായറാഴ്ച ഹൂസ്റ്റണില്‍ നടക്കും. 'നാട്ടു നാട്ടു' എന്നു പേരിട്ടിരിക്കുന്ന മഹാസംഗമത്തില്‍ വിവിധ രംഗങ്ങളില്‍ മികവു തെളിയിച്ച മലയാളി പ്രതിഭകള്‍ക്ക് ഗ്ലോബല്‍ ഇന്ത്യന്‍ പുരസ്‌കാരം സമ്മാനിക്കും. ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച മഹത് വ്യക്തിത്വങ്ങളെ ചടങ്ങില്‍ ആദരിക്കും. ഇന്ത്യയില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള പ്രമുഖകര്‍ ചടങ്ങില്‍ പങ്കെടുക്കും.

ചടങ്ങിൽ തുടർന്നു നടക്കുന്ന കലാപരിപാടികളാണ് മറ്റൊരു പ്രധാന ആകര്‍ഷണം. നിരവധി പ്രതിഭകളെ അണിനിരത്തി നൃത്തസന്ധ്യ, സംഗീതവിരുന്ന് എന്നിവ അരങ്ങേറും. ലോകപ്രശസ്ത ഗായകന്‍ ചാള്‍സ് ആന്റണിയുടെ സംഗീതവിരുന്ന് അവതരിപ്പിക്കും. സംഗീതത്തിന് ഭാഷയുടെ അതിര്‍വരമ്പുകളില്ലെന്ന് നമ്മെ ഓര്‍മിപ്പിക്കുന്ന ചാള്‍സ് ആന്‍റണി 18 വിദേശ ഭാഷകളില്‍ പാടുന്ന സോളോ പെര്‍ഫോമറാണ്. ഇംഗ്ലീഷ്, സ്പാനിഷ് , ഇറ്റാലിയന്‍, ഫ്രഞ്ച്, റഷ്യന്‍ തുടങ്ങിയ ഭാഷാ ഗാനങ്ങളാണ് ചാള്‍സിന്‍റെ സോളോ പെര്‍ഫോമന്‍സില്‍ നിറയുന്നത്. ഗിത്താറിന്റെയും മൗത്ത് ഓര്‍ഗന്‍റെയും അകമ്പടിയോടെയാണ് ചാള്‍സ് ശ്രോതാക്കള്‍ക്ക് സംഗീത വിരുന്ന് ഒരുക്കുന്നത്.

പരിപാടിയുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണെന്ന് ചെയർമാൻ ജെയിംസ് കൂടൽ, എഡിറ്റർ ഇൻ ചീഫ് ഹരി നമ്പൂതിരി, ചീഫ് എക്സിക്യുട്ടീവ് ഓഫിസർ തോമസ് സ്റ്റീഫൻ എന്നിവർ അറിയിച്ചു.

2002ല്‍ ഗ്ലോബല്‍ ഇന്ത്യന്‍ ആഘോഷവും പുരസ്‌കാര വിതരണവും 'ഉണര്‍വ്' എന്ന പേരില്‍ പത്തനാപുരം ഗാന്ധിഭവനിലായിരുന്നു നടന്നത്. പോയവര്‍ഷം ഗ്ലോബല്‍ ഇന്ത്യന്‍ പ്രത്യേക പുരസ്കാരം പത്തനാപുരം ഗാന്ധിഭവൻ, സേവനശ്രീ പുരസ്‌കാരം വേള്‍ഡ് മലയാളി കൗണ്‍സില്‍, ഹരിതശ്രീ പുരസ്‌കാരം ജോര്‍ജ് കുളങ്ങര, കര്‍മശ്രീ പുരസ്‌കാരം ഡോ. എം.എസ്. സുനില്‍, മാധ്യമശ്രീ പുരസ്‌കാരം സേതുലക്ഷ്മി, യുവശ്രീ പുരസ്‌കാരം സുജിത്ത് കെ. ജെ എന്നിവരാണ് ഏറ്റുവാങ്ങിയത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, രമേശ് ചെന്നിത്തല, കൊടിക്കുന്നില്‍ സുരേഷ് എംപി, എംഎല്‍എമാരായ മോന്‍സ് ജോസഫ്, കെ. യു. ജനീഷ്‌കുമാര്‍, പുനലൂര്‍ സോമരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന കലാമാമങ്കത്തിന് കനല്‍ ബാന്‍ഡ് നേതൃത്വം നല്‍കി.