റ്റി വി മത്തായി ചാരിറ്റബിൾ ട്രസ്റ്റ് രൂപംകൊണ്ടു
Monday, October 3, 2022 12:07 PM IST
പി ഡി ജോർജ് നടവയൽ
ഫിലഡൽഫിയ/ഓതറ: സാമൂഹിക പ്രവർത്തകനും ജീവകാരുണ്യ സേവകനുമായിരുന്ന റ്റി വി. മത്തായിയുടെ പേരിൽ, റ്റി വി മത്തായി ചാരിറ്റബിൾ ട്രസ്റ്റ് രൂപം കൊണ്ടു. അനുബന്ധ യോഗത്തിൽ, ഓതറ സെന്‍റ് മേരീസ് ഓർത്തഡോക്സ് ചർച്ച് വികാരി റവ ഫാ.തോമസ് സാമുവേൽ അദ്ധ്യക്ഷനായിരുന്നു. ‌‌

“ബന്ധു മിത്രാദികൾക്കു മാത്രമല്ല, പ്രയാസത്തിലും സങ്കടത്തിലും ദുരിതപ്പെടുന്നർക്കും അടുപ്പം നോക്കാതെ അകമഴിഞ്ഞ് സഹായിക്കുവാനും, പൊതുസമൂഹത്തോട് ആദരവും സഹായവും കരുണയും പുലർത്തുവാനും, നിർദ്ധനർക്ക് സഹായം എത്തിച്ചു കൊടുവാനും റ്റി വി. മത്തായിയ്ക്കു കഴിഞ്ഞു. വലതു കൈ ചെയ്യുന്ന കാരുണ്യ സഹായം ഇടതു കൈ അറിയരുതെന്ന ബൈബിൾ വചനം മുറുകെപ്പിടിച്ചാണ് അദ്ദേഹം ഇത്തരം സേവനങ്ങൾ പുലർത്തിയിരുന്നത്.

തന്‍റെ സേവന രീതികൾ മക്കളിലും പകർന്നു കൊടുക്കാൻ അദ്ദേഹം മറന്നില്ല. 2007 സെപ്റ്റംബർ 12 ന് അദ്ദേഹം നിത്യതയിൽ പ്രവേശിച്ചു. ആ ഓർമ്മകൾ നില നിർത്തുന്നതിനാണ് ചരമവാർഷിക പ്രാർത്ഥനാ വേളയിൽ, റ്റി വി മത്തായി ചാരിറ്റബിൾ ട്രസ്റ്റ് രൂപം കൊണ്ടിരിക്കുന്നത്. ഫിലഡൽഫിയയിലുള്ള ദ്വിതീയ പുത്രൻ നൈനാൻ മത്തായിയാണ് ഈ നോൺ പ്രോഫിറ്റബിൾ ചാരിറ്റബിൾ ട്രസ്റ്റിന് ആരംഭമിട്ടത്”. വികാരി റവ ഫാ.തോമസ് സാമുവേൽ അധ്യക്ഷ പ്രസംഗത്തിൽ പ്രസ്താവിച്ചു.

“റ്റി വി മത്തായി, ഗുജറാത്തിൽ ഗവൺമെന്‍റ് ഡിപ്പാട്മെന്‍റിൽ, ഡെപ്യൂട്ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ ആയി 37 വർഷം സേവനം ചെയ്തു. ഗുജറാത്തിൽ കച്ച് ജില്ലയിൽ റൈതമ്പൂർ ഗ്രാമത്തിൽ കാത്തലിക് സി എം ഐ സഭാ കോൺഗ്രിഗേഷന്‍റെ ഇന്‍റഗ്രേറ്റഡ് എഡ്യൂക്കേഷൻ സെൻ്റർ നിർമ്മിക്കുന്നതിന് എഞ്ചിനീയറിങ്ങ് നിർമ്മാണ കാര്യങ്ങളിൽ നേതൃത്വം വഹിച്ചു. മൂന്നു വർഷം ‘കച്ച് വികാസ് ട്രസ്റ്റ്‌’ എന്ന സേവന പ്രസ്ഥാനത്തിൽ പ്രവർത്തിച്ചു.

കേരളത്തിൽ ദീർഘ കാലം സൺ‌ഡേസ്കൂൾ അധ്യാപകൻ, പള്ളി സെക്രട്ടറി, സൺ‌ഡേസ്കൂൾ ഹെഡ്മാസ്റ്റർ, ഡിസ്ട്രിക്ട് സൺ‌ഡേസ്കൂൾ ഇൻസ്‌പെക്ടർ എന്നി ചുമതലകൾ മേന്മയോടെ നിർവഹിച്ചു. റ്റി വി മത്തായിയുടെ സഹധർമിണി കല്ലിശ്ശേരി തേക്കാട്ടിൽ താഴ്ത്തേതിൽ കുടുംബാംഗമായ ഏലിയാമ്മ മത്തായി ജീവകാരുണ്യ ചര്യകളിലൂടെ ഏവർക്കും മാതൃകയാണ്”; റവ. കെ.ടി. വർഗീസ് അച്ചൻ ആശംസാ പ്രസംഗത്തിൽ പറഞ്ഞു.

ചാരിറ്റബിൾ ട്രസ്റ്റിന് തുടക്കം കുറിച്ച് നൈനാൻ മത്തായി കൊടുത്ത എട്ടു ലക്ഷം രൂപാ, റിട്ടയേഡ് പ്രീസ്റ്റ് സുപ്പീരിയർ റവറൻ്റ് ഫാ. കെ.ടി. വർഗീസ് (മൗണ്ട് ഹൊറേബ് ആശ്രമം) അച്ചൻ ചാരിറ്റബിൾ ട്രസ്റ്റ് ട്രഷറാർ വർഗീസ് മത്തായിക്ക് കൈമാറി.

മലങ്കര ഓർത്തഡോക്സ് വൈദിക ട്രസ്റ്റി റവ ഡോ. തോമസ് വർഗീസ് അമയിൽ അച്ചൻ, റവ തോമസ് സാമുവേൽ അച്ചൻ, പ്രശസ്ത സാമൂഹ്യപ്രവർത്തക ഡോ. എം എസ് സുനിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. അനുസ്മരണ സമ്മേളനത്തിൽ ഇരുനൂറ് ക്ഷണിതാക്കൾ പങ്കെടുത്തു.

റ്റി വി മത്തായിയുടെ പുത്രൻ വർഗീസ് മത്തായിയാണ് ട്രസ്റ്റിന്‍റെ ട്രഷറാർ. കനിഷ്ഠ പുത്രൻ തോമസ് മത്തായി ചെയർമാൻ.