ഗർഭഛിദ്രത്തിനുള്ള അവകാശം നീക്കം ചെയ്ത നടപടി: ദൈവിക തീരുമാനമെന്ന് ട്രംപ്
Saturday, June 25, 2022 10:51 AM IST
പി.പി. ചെറിയാൻ
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ ജനതക്ക് അര നൂറ്റാണ്ടായി ലഭിച്ചിരുന്ന ഗർഭഛിദ്രത്തിനുള്ള ഭരണഘടനാവകാശം നീക്കം ചെയ്ത സൂപ്രീം കോടതിയുടെ വിധി ദൈവിക ഇടപെടലിന്‍റെ ഫലമാണെന്ന് മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.

"ഈ വിധിയുടെ ക്രെഡിറ്റ് ഞാൻ എടുക്കുന്നില്ല; ഇതു ദൈവിക തീരുമാനമാണ്' ട്രംപ് അസന്നിഗ്ധമായി പ്രഖ്യാപിച്ചു. സുപ്രീം കോടതി തീരുമാനം പാർട്ടിക്ക് ഒരു പക്ഷെ ദോഷം ചെയ്യാമെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധത്തിനു സാധ്യതയുണ്ടെന്നും ട്രംപ് സൂചന നൽകി. നവംബറിൽ നടക്കുന്ന മിഡ് ടേം തെരഞ്ഞെടുപ്പിൽ വോട്ടർമാർ ഇതിനോട് എങ്ങനെ പ്രതികരിക്കുമെന്നു പറയാനാവില്ലെന്നും ട്രംപ് കൂട്ടിചേർത്തു.

വിധി പ്രഖ്യാപനം വന്നതിനുശേഷം അമേരിക്കയിലെ ഒരു ദേശീയ ചാനലിനു അനുവദിച്ച അഭിമുഖത്തിലാണ് ട്രംപ് തന്‍റെ അഭിപ്രായം പ്രകടിപ്പിച്ചത്.

ട്രംപിന്‍റെ കാലത്തായിരുന്നു ഗർഭഛിദ്രം നടപ്പാക്കുന്നതിന് തുടക്കം കുറിച്ചത്. ട്രംപ് നിയമിച്ച
സുപ്രീം കോടതി ജഡ്ജിമാരിൽ മൂന്നു പേരും ട്രംപിന്‍റെ നിലപാടുകളെ പൂർണമായും അനുകൂലിക്കുന്നവരായിരുന്നു.

യുഎസ് സുപ്രീം കോടതിയിലെ ഒന്പതംഗ ജഡ്ജിമാരിൽ ആറു പേർ തീരുമാനത്തെ അനുകൂലിച്ചപ്പോൾ മൂന്നു പേരാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്.

ഈ വിധിയോടെ സംസ്ഥാനങ്ങൾക്കാണ് ഇനി ഗർഭഛിദ്രത്തെ സംബന്ധിച്ചു തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ലഭിച്ചിരിക്കുന്നത്.

ആയിരങ്ങളുടെ പ്രാർഥനയ്ക്ക് ഉത്തരമാണ് ഈ വിധിയിലൂടെ ലഭിച്ചിരിക്കുന്നതെന്ന് ഫ്ളോറിഡ ഗവർണർ ഡിസാന്‍റിസ് പറഞ്ഞു.