വിസ്‌കോണ്‍സിനിൽ വിവിധ കൗണ്ടികളില്‍ കോവിഡ് വര്‍ധിക്കുന്നു
Tuesday, May 17, 2022 3:47 PM IST
പി.പി. ചെറിയാൻ
വിസ്കോൺസിൻ: സംസ്ഥാനത്തെ ഏഴു കൗണ്ടികളിൽ കോവിഡ് കേസുകൾ വർധിക്കുന്നതിനാൽ പൊതുസ്ഥലങ്ങളിലും സ്വകാര്യ ഇടങ്ങളിലും മാസ്ക് ഉപയോഗിക്കണമെന്ന് ആരോഗ്യവകുപ്പു അധികൃതർ നിർദേശിച്ചു.

മാസ്ക് ഉപയോഗം വാക്സിൻ എടുത്തവർക്കും എടുക്കാത്തവർക്കും ഒരുപോലെ ബാധകമാണ്. ബാരൺ, റസ്ക്ക്, ലക്രോസി, മോൺറോ, വെർണൻ, കെനോഷ, റാസിൻ എന്നീ കൗണ്ടികളിലാണ് പുതിയ ഉത്തരവ് ബാധകമാക്കിയിരിക്കുന്നത്.

വിസ്കോൺസിനിലെ 38 കൗണ്ടികളിൽ കോവിഡ് വർധനവ് മധ്യ ഘട്ടത്തിലാണ്. ഇവിടങ്ങളിലെ ഹൈ റിസ്ക്കിലുള്ളവർ ഡോക്ടർമാരായി സംസാരിച്ചതിനുശേഷം മാസ്ക് ധരിക്കണമോ, വേണ്ടയോ എന്ന് തീരുമാനിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്. 27 കൗണ്ടികളിൽ കോവിഡ് കേസുകൾ താഴ്ന്ന നിലയിലാണെന്നും സെന്‍റേഴ്സ് ഫോർ ആൻഡ് ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) അറിയിച്ചു.

കഴിഞ്ഞ വെള്ളിയാഴ്ച ലഭ്യമായ കണക്കുകൾ അനുസരിച്ച് വിസ്കോൺസിൻ സംസ്ഥാനത്ത് പ്രതിദിനം 2095 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഫെബ്രുവരി 11 മുതൽ മേയ് 13 വരെയുള്ള പ്രതിദിന കേസുകൾ 374 ആണ്. സംസ്ഥാനടിസ്ഥാനത്തിൽ 13.7 ശതമാനമായിരുന്നു പോസിറ്റിവിറ്റി നിരക്ക്. ഇത് കഴിഞ്ഞ വാരാന്ത്യം 13.9 ശതമാനമായി ഉയർന്നു. ന്യൂയോർക്കിലും കോവിഡ് കേസുകൾ വർധിച്ചുവരുന്നതിനാൽ നിർബന്ധിത മാസ്ക് ധരിക്കൽ ആവശ്യമുണ്ടോ എന്നു സർക്കാർ പുനരാലോചന നടത്തിവരികയാണ്.