വർഗീയത ആളിക്കത്തിച്ച് അധികാരത്തിൽ തുടരുന്ന കേന്ദ്രസർക്കാർ സമീപനം ആപത്കരം: ചെന്നിത്തല
Thursday, January 27, 2022 5:43 PM IST
ഷിക്കാഗോ: മതേത ജനാധിപത്യ മൂല്യങ്ങൾക്കുനേരെ ഭീഷണി ‌ഉയർത്തി വർഗീയത ആളിക്കത്തിച്ച് അതിലൂടെ അധികാരത്തിൽ തുടരുന്നതിനുള്ള കേന്ദ്ര സർക്കാരിന്‍റെ സമീപനം ആപത്കരമാണെന്ന് രമേശ് ചെന്നിത്തല എംഎൽഎ.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് -കേരള ഷിക്കാഗോ ചാപ്റ്റർ ജനുവരി 26നു സൂം വഴി സംഘടിപ്പിച്ച റിപ്പബ്ലിക്ദിന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാതിയും മതവും വിശ്വാസവും ഓരോരുത്തരുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. അതു നിഷേധിക്കുന്നതിന് ആർക്കും അവകാശമില്ല. പക്ഷെ ഇന്ത്യ‌യിൽ ഇന്നു നടക്കുന്ന സംഭവങ്ങൾ ദൗർഭാഗ്യകരമാണ്. വർഗീയത ആളിക്കത്തിക്കുന്നത് എത്രയോ അത്രയും വോട്ടുകിട്ടുന്ന അവസ്ഥയിലാണ് കേന്ദ്രം ഭരിക്കുന്ന സർക്കാരെന്നും ഇവിടെ ആർക്കും നീതി ലഭിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഹിന്ദുവും മുസ് ലിമും ജൈനനും ക്രിസ്ത്യനിയും എല്ലാവരും ഒരമ്മ പെറ്റ മക്കളെപോലെ ജീവിക്കുന്ന നാട്ടിൽ എല്ലാ മതവിശ്വാസങ്ങളേയും സഹിഷ്ണതോടെ നോക്കികാണാൻ നമുക്കു കഴിയണം. നെഹ്റു, ഗാന്ധിജി, സർദാർ വല്ലഭായ് പട്ടേൽ, അബ്ദുൾ കലാം ആസാദ് തുടങ്ങിയ നേതാക്കൾ വിഭാവനം ചെയ്തതാണ് മതേതരത്വം. ഇതാണ് ഇന്ദിരാഗാന്ധി ഇന്ത്യൻ ഭരണഘടനയിൽ എഴുതി ചേർത്തതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

രാജ്യം നേരിടുന്ന വെല്ലുവിളികളെ നേരിടാൻ കഴിയണമെങ്കിൽ മതേതര ശക്തികൾ ഒന്നിച്ചുനിൽക്കണം. മതേതര ശക്തികളുടെ ഏകീകരണം നടക്കാത്തതാണ് വർഗീയ ശക്തികൾ തഴച്ചുവളരുന്നത്. ഇതിനെ നേരിടാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിനു മാത്രമേ കഴിയുകയുള്ളൂവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കേരളത്തിലെ ഇടതുപക്ഷ സർക്കാർ സ്വീകരിക്കുന്ന നയങ്ങൾക്കെതിരെയും ചെന്നിത്തല ആഞ്ഞ‌ടിച്ചു. വിവരാവകാശ നിയമത്തെ ഇല്ലാതാക്കുന്ന അക്കൗണ്ട് ജനറലിനെ ഇല്ലാതാക്കുന്ന ജനങ്ങളോടു പ്രതിബദ്ധതയില്ലാത്ത സർക്കാർ ജനാധിപത്യത്തിന്‍റെ പുഴുകുത്തുകളായി മാറി‌യിരിക്കുന്നതായും രമേശ് ചെന്നിത്തല പറഞ്ഞു.

പ്രസിഡന്‍റ് തന്പി മാത്യു അധ്യക്ഷത വഹിച്ചു. ജെസി റിൻസി സ്വാഗതം ആശംസിച്ചു. ആന്‍റോ കവലയ്ക്കൽ നന്ദി പറഞ്ഞു.

പി.പി. ചെറിയാൻ